ലിയോ മെസ്സിയുടെ കാര്യം ഒഫീഷ്യൽ പ്രഖ്യാപനം വന്നു, റാമോസും ക്രിസ്റ്റ്യാനോയുടെ ലീഗിലേക്ക്?

ഏഴ് തവണ മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ അർജന്റീന നായകൻ ലിയോ മെസ്സി 2021-ൽ എഫ്സി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചതിന് ശേഷമാണ് ഫ്രീ ട്രാൻസ്ഫറിലൂടെ പിഎസ്ജിയിലെത്തുന്നത്. 2 വർഷ കരാറിൽ 2023 വരെ പിഎസ്ജിയുമായി ഒപ്പ് വെച്ച താരം ഇപ്പോഴിതാ ടീം വിടുകയാണ്.

ലിയോ മെസ്സി ക്ലബ്‌ വിടുന്നതായി പാരിസ് സെന്റ് ജർമയിൻ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ലിയോ മെസ്സിയെ പോലെ തന്നെ ഫ്രീ ട്രാൻസ്ഫറിലൂടെയെത്തി രണ്ട് വർഷ കരാറിൽ പിഎസ്ജിയിൽ ഒപ്പ് വെച്ച സ്പാനിഷ് താരം സെർജിയോ റാമോസ് ക്ലബ്‌ വിടുന്നതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ലിയോ മെസ്സിയുടെ വാർത്തയെത്തുന്നത്.

“പിഎസ്ജി ക്ലബ്ബിനും ആരാധകർക്കും ഈ നഗരത്തിനും നന്ദി പറയുകയാണ്, ഈ രണ്ട് സീസൺ ഇവിടെയുണ്ടായ എല്ലാവർക്കും നന്ദി. നിങ്ങളുടെ നല്ല ഭാവിക്ക് വേണ്ടി ഞാൻ ആശംസിക്കുന്നു.” – പിഎസ്ജി ക്ലബ്‌ വിടുന്ന ലിയോ മെസ്സി പറഞ്ഞു.പിഎസ്ജിക്ക് വേണ്ടി രണ്ട് സീസണിലായി 58 മത്സരങ്ങളിൽ കളിച്ച താരം 22 ഗോളുകളും അതിലേറെ അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ കാര്യമായി മുന്നേറാനായില്ലെങ്കിലും ഫ്രഞ്ച് ലീഗ് കിരീടം രണ്ട് തവണയും ട്രോഫി ഡെസ് ചാമ്പ്യൻസ് തുടങ്ങിയ ആഭ്യന്തര കപ്പുകൾ സ്വന്തമാക്കിയതിന് ശേഷമാണു ലിയോ മെസ്സി റ്റെ വിടുന്നത്.

അവസാന ലീഗ് മത്സരത്തിൽ പിഎസ്ജി ജേഴ്സിയിലുള്ള അവസാന മത്സരവും ലിയോ മെസ്സിയും സെർജിയോ റാമോസും കളിച്ചുകഴിഞ്ഞു. ആധുനിക ഫുട്ബോളിൽ രണ്ട് ചേരികളിലായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടിയ പോരാളികളിൽ നിന്നും ഒരേ ടീമിൽ ഒപ്പം കളിക്കുന്ന പോരാളികളായി ഇരുതാരങ്ങളും പിഎസ്ജിയിൽ മാറിയത് ഫുട്ബോൾ ലോകത്തിന് അത്ഭുതകാഴ്ചയായിരുന്നു.

എന്തായാലും പിഎസ്ജി വിട്ട സെർജിയോ റാമോസിന് വേണ്ടി സൗദി ക്ലബ്ബുകൾ രംഗത്തെത്തുന്നുണ്ട്. അതേസമയം ലിയോ മെസ്സിയുടെ കാര്യത്തിൽ താരത്തിന്റെ തീരുമാനം ഉടനെ തന്നെ വരും. എഫ്സി ബാഴ്‌സലോണ, അൽ ഹിലാൽ ക്ലബ്ബുകൾ തന്നെയാണ് ലിയോ മെസ്സിക്ക് വേണ്ടിയുള്ള സൈനിങ് കാര്യത്തിൽ സാധ്യത കൽപ്പിക്കപ്പടുന്ന ടീമുകൾ.

Rate this post