“പ്രതാപകാലം അവിസ്മരണീയമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ത്രയം”

ലോകമെമ്പാടുമുള്ള യുണൈറ്റഡ്‌ ആരാധകർക്ക് കാലമെത്ര കഴിഞ്ഞാലും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു സുവർണകാലഘട്ടമുണ്ടായിരുന്നു. ഈ കാലഘട്ടം അവിസമരണീയമാക്കിയതിന്റെ പിന്നിൽ ഒരു കൂട്ടം മികച്ച കളിക്കാരുമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സീസണായിരുന്നു യുണൈറ്റഡിനെ സംബന്ധിചിടത്തോളം 2007-08 സീസൺ. ചാമ്പ്യൻസ് ലീഗ് അടക്കം പ്രധാന നേട്ടങ്ങളെല്ലാം ഫെർഗൂസന്റെ പിള്ളേർ വെട്ടിപ്പിടിച്ച ഈ സീസണിൽ യുണൈറ്റഡിന്റെ മുന്നേറ്റനിരക്ക് പേര് കേട്ടാൽ എതിർടീം കളിക്കാർ വരെ ഭയപ്പെടുന്ന ഒരു ത്രയം ഉണ്ടായിരുന്നു.

അതേ , MSN ഉം BBC യും ഒക്കെ ലോകം കീഴടക്കുന്നതിനു മുന്നേ തന്നെ ഫുട്‌ബോൾ ആരാധകർക്ക് ആവേശമായിരുന്ന ത്രയം. കാർലോസ് ടെവസ് , വെയ്ൻ റൂണി ആൻഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ മൂന്നു പേർ യുണൈറ്റഡിന്റെ മുന്നേറ്റ നിരയിൽ ഒരുമിച്ചുണ്ടായിരുന്നത് രണ്ടേ രണ്ട് സീസണുകൾ മാത്രമാണ്. എന്നാൽ ആ സമയം കൊണ്ട് തന്നെ ഓൾഡ് ട്രാഫൊർഡിൽ വിപ്ലവം സൃഷ്ടിക്കാൻ അവർക്ക് സാധിച്ചു എന്നതാണ് സത്യം.

2007-08 സീസണിൽ മാത്രം അവർ അടിച്ചു കൂട്ടിയത് 79 ഗോളുകളും 29 അസിസ്റ്റുമാണ്. ഇത് ഏകദേശം ആ സീസണിലെ യുണൈറ്റഡ്‌ ഗോളുകളുടെ 72 ശതമാനത്തോളമാണ്. യൂറോപ്പിലെ ടീമുകളുടെയെല്ലാം നിത്യസ്വപ്നമായിരുന്ന യുഫേഫ ചാമ്പ്യൻസ് ലീഗ് ഓൾഡ് ട്രാഫൊർഡിൽ എത്തുമ്പോൾ യുണൈറ്റഡിന്റെ മുന്നേറ്റനിരക്ക് പകരക്കാരില്ലായിരുന്നു. ആകെ രണ്ടു സീസണുകളിൽ മാത്രമേ ഈ ത്രയത്തിന് ഒരുമിച്ചു കളിക്കാനും ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാനും സാധിചിട്ടുള്ളൂ എങ്കിലും അവരെ സംബന്ധിച്ചിടത്തോളം ഈ സമയം തന്നെ ലോകം വെട്ടിപ്പിടിക്കാൻ അവർക്ക് ധാരാളമായിരുന്നു.

പേരു കേട്ടാൽ ഞെട്ടുന്ന അക്കാലത്തെ ഡിഫൻസ് പോലും ഇവർക്ക് മുന്നിൽ മുട്ടുകുത്തി. മധ്യനിരയിൽ നിന്ന് മുന്നോട്ട് പോവുന്ന ഒരു പാസിന്റെ ദൂരം മാത്രമേ അന്നത്തെ യുണൈറ്റയിലെ മറ്റു കളിക്കാർക്ക് ചിന്തിക്കേണ്ടിയിരുന്നുള്ളൂ. റൂണിയും റൊണാൾഡോയും മുന്നേ തന്നെ അനശ്വരമാക്കിയിരുന്ന ഈ മുന്നേറ്റനിരയിലേക്ക് അർജന്റീനിയൻ പവർ ആയിരുന്ന കാർലോസ് ടെവസ് കൂടി എത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്ന നിമിഷങ്ങൾ യുണൈറ്റഡിന് സമ്മാനിക്കാൻ അവർക്കായി.

ഒരുമിച്ചു കളിച്ച ചുരുങ്ങിയ ഈ സമയം കൊണ്ട് തന്നെ 6 പ്രധാന ട്രോഫികളാണ് യുണൈറ്റഡിനായി നേടിക്കൊടുക്കാൻ ഈ ത്രയത്തിനായത്. ഇതിൽ ചാമ്പ്യൻസ് ലീഗ് അടക്കം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ലീഗ് കപ്പും ഒരു കമ്മ്യൂണിറ്റിഷീൽഡും കൂടാതെ ഒരു ക്ലബ് വേൾഡ് കപ്പും ഉൾപ്പെടും. കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്ക് ഗോളുകൾ കൊണ്ട് റൊണാൾഡോ താരമായപ്പോൾ തന്റെ സ്ഥിരം ഐറ്റമായിരുന്ന ലോങ് റേഞ്ച് ഗോളുകളുമായി ടെവസ് ആരാധകരുടെ മനസിൽ ഇടം പിടിച്ചു. എന്നാൽ ഇവർക്കെല്ലാം മുന്നേ തന്നെ അത്ഭുദപ്പെടുത്തുന്ന വണ്ടർ ഗോളുകളുമായി റൂണി മുന്നിൽ തന്നെ ഉണ്ടായിരുന്നു.

മൊത്തത്തിൽ യുണൈറ്റഡിനയുള്ള ഇവരുടെ സംഭാവനകൾ പരിശോധിച്ചാൽ വെറും രണ്ടു സീസണുകൾ മാത്രം യുണൈറ്റഡിൽ കളിച്ച ടെവസിന് 34 ഗോളുകളാണ് ഉള്ളത്. എന്നാൽ യുണൈറ്റഡിനായി കാലങ്ങളോളം ബൂട്ട് കെട്ടിയ വെയ്ൻ റൂണിക്ക് 559 മത്സരങ്ങളിൽ നിന്നായി 253 ഗോളുകളും 146 അസിസ്റ്റുമുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ 292 മത്സരങ്ങളിൽ 118 ഗോളുകളും 69 അസിസ്റ്റും സ്വന്തമാക്കി തന്റെ പ്രതാപകാലത്തെ അവിസമരണീയമാക്കിയ ശേഷം വീണ്ടും ഇപ്പോൾ യുണൈറ്റഡ് മണ്ണിൽ വിസ്മയം തീർക്കുകയാണ്.എന്തായിരുന്നാലും അലക്‌സ് ഫെർഗൂസന്റെ യുണൈറ്റഡ്‌ കാലഘട്ടം ഒരുപക്ഷെ ഇത്രമേൽ മനോഹരമാക്കിയതിനു പിന്നിൽ ഈ ത്രയം വഹിച്ച പങ്ക് ചെറുതൊന്നുമല്ലായിരുന്നു എന്ന് തന്നെ പറയാം.

Rate this post