ഇത് നെയ്മറാണ് ! “വിമർശനങ്ങൾക്ക് ഗോളുകളിലൂടെയും മികച്ച പ്രകടനത്തിലൂടെയും മറുപടി നൽകിയ ബ്രസീലിയൻ “

ബ്രസീലിയൻ സൂപ്പർ നെയ്മറിന് പിഎസ്ജി യിലെ മുൻ കാല സീസണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരാശാജനകമായ തുടക്കമായിരുന്നു ലഭിച്ചത്. താരത്തിന്റെ കളിക്കളത്തിലെ മനോഭാവത്തെ കുറിച്ച് വലിയ വിമർശങ്ങളും ഉയരുകയും ചെയ്തിരുന്നു. നിരന്തരമായി വരുന്ന പരിക്കുകളും പാരിസിൽ സൂപ്പർ താരത്തിന്റെ താളം തെറ്റിക്കുകയും ചെയ്തിരുന്നു.പലപ്പോഴും ഊർജ്ജമോ കാര്യക്ഷമതയോ ഇല്ലാത്ത നെയ്മറിനെയാണ് മൈതാനത്ത് കണ്ടിരുന്നത്. എന്നാൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും ഉള്ള ഉത്തരമായിരുന്നു ഇന്നലെ ലീഗിൽ ബോർഡോക്കെതിരെ പുറത്തെടുത്ത പ്രകടനം.

ഈ സീസണിൽ ഇതുവരെ കാണാത്ത ഒരു നെയ്മറെയാണ്ഇന്നലെ ബോഡോക്കെതിരെ കാണാനായി സാധിച്ചു. എതിർ താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറുന്ന വേഗതയുള്ള നെയ്മറെ ഇന്നലെ കാണാൻ കഴിഞ്ഞു.മുന്നേറ്റ നിരയിൽ എംബാപ്പയുമായി മികച്ച ഒത്തിണക്കത്തോടെ കളിച്ച നെയ്മർ ഫ്രഞ്ച് താരത്തിന്റെ രണ്ടു അസിസ്റ്റുകളിൽ നിന്നുമാണ് ഗോളുകൾ നേടിയത്. രണ്ടും ഒന്നിനൊന്നു മികച്ച ഗോളുകളാണ് നെയ്മർ മത്സരത്തിൽ നേടിയത്. ഇടതു വിങ്ങിൽ നിന്നും മുന്നേറി എംബാപ്പയുമായി ഒരു ലിങ്ക് അപ്പ് പ്ലേയിൽ നേടിയ രണ്ടമത്തെ ഗോൾ മികച്ച നിലവാരം പുലർത്തിയതായിരുന്നു.

ഗോളടിക്കുന്നതോടൊപ്പം ബോഡോ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച നെയ്മർ മിഡ്ഫീൽഡിലേക്ക് ഇറങ്ങി ചെന്ന് പന്തെടുക്കുന്നതും ഇന്നലെ കണ്ടു. ഫോമിലുള്ള നെയ്മർ പിഎസ്ജി യിൽ വരുത്തുന്ന ഇമ്പാക്ട് ഇന്നലെത്തെ മത്സരത്തിൽ കാണാനായി. ഇന്നലെ നടന്ന മത്സരത്തിൽ നെയ്മറുടെയും എംബപ്പേയും നേടിയ ഗോളിനാണ് പിഎസ്ജി വിജയിച്ചത്. ഇന്നലത്തെ മത്സരത്തിൽ നേടിയ ആദ്യ ഗോൾ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ബ്രസീലിയൻ ഗായിക മരിലിയ മെന്റോസക്ക് സമർപ്പിക്കുകയും ചെയ്തു നെയ്‌മർ.ബ്രസീലിലെ ഏറ്റവും പ്രസിദ്ധി നേടിയ ഗായികമാരിൽ ഒരാൾ ആയിരുന്നു മരിലിയ.

ഇന്നലെ നേടിയ ഗോളോടെ തന്റെ കരിയറിൽ 400 ഗോൾ തികച്ചിരിക്കുകയാണ് നെയ്‌മർ .2009 ൽ ബ്രസീൽ ക്ലബ് സാന്റോസിൽ ഗോൾ അടിച്ചാണ് സീനിയർ കരിയറിൽ നെയ്മർ ഗോൾ വേട്ട തുടങ്ങുന്നത്. 653 മത്സരങ്ങളിൽ നിന്നാണ് നെയ്മർ ഈ നേട്ടം പൂർത്തിയാക്കിയത്.സാന്റോസിനായി തന്നെയാണ് നെയ്മർ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. 138 ഗോളുകൾ ബ്രസീൽ ക്ലബിനായി താരം നേടിയിട്ടുണ്ട്. ബാഴ്‌സലോണക്ക് ആയി 114 ഗോളുകളും നിലവിൽ പാരീസിന് ആയി 69 ഗോളുകളും താരം നേടിയിട്ടുണ്ട്.

ബ്രസീൽ ഒളിമ്പിക് ടീമിനായടക്കം(അണ്ടർ 23) വിവിധ തലത്തിൽ ഗോൾ കണ്ടത്തിയ നെയ്മർ ബ്രസീലിനു ആയി 70 ഗോളുകൾ ആണ് ഇത് വരെ നേടിയത്. ബ്രസീലിനു ആയി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന പെലെയുടെ 78 ഗോളുകൾ എന്ന റെക്കോർഡ് നെയ്മറിന് കയ്യെത്തും ദൂരെയാണ്. കരിയറിൽ ഇനിയും നെയ്മറിന്റെ ബൂട്ടുകൾ നിരവധി ഗോൾ റെക്കോർഡുകൾ തിരുത്തും എന്നുറപ്പാണ്.

Rate this post