രണ്ടു താരങ്ങൾക്ക് സമ്മതമല്ല, മെസിയെ തിരിച്ചെത്തിക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങളിൽ പ്രതിസന്ധി

ഈ സീസണിന് ശേഷം ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രണ്ടു വർഷങ്ങൾക്ക് മുൻപ് ക്ലബ് വിട്ട താരത്തിന്റെ പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ് മെസി തിരിച്ചു വരുമെന്ന പ്രതീക്ഷകൾ സജീവമാകുന്നത്. പിഎസ്‌ജി കരാർ മുന്നോട്ടു വെച്ചെങ്കിലും അത് പുതുക്കാതെ ബാഴ്‌സയുടെ നിലപാട് അറിയാനായി കാത്തിരിക്കുകയാണ് താരം.

എന്നാൽ ബാഴ്‌സലോണയെ സംബന്ധിച്ച് മെസിയെ തിരിച്ചെത്തിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് അതിനു കാരണം. ലയണൽ മെസിയെ എത്തിക്കണമെങ്കിൽ ടീമിലെ ചില താരങ്ങളെ വിൽക്കുകയും വേതനബിൽ കുറക്കുകയും ചെയ്യേണ്ടത് ബാഴ്‌സക്ക് അത്യാവശ്യമാണ്. അതിനുള്ള നീക്കങ്ങൾ ബാഴ്‌സ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌.

അതേസമയം ബാഴ്‌സയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് ക്ലബിലെ രണ്ടു താരങ്ങളുടെ നിലപാട്. ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ വേതനം കുറയ്ക്കണമെന്ന ക്ലബിന്റെ നിലപാടിനോട് അനുകൂലസമീപനം ഈ താരങ്ങൾക്കില്ല. മധ്യനിരതാരം ഫ്രാങ്ക് കെസി, പ്രതിരോധതാരം ക്രിസ്റ്റൻസെൻ എന്നിവരാണ് പ്രതിഫലം കുറക്കാൻ കഴിയില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ഈ രണ്ടു താരങ്ങളും വമ്പൻ ഓഫറുകൾ നിരസിച്ചാണ് കഴിഞ്ഞ സമ്മറിൽ ഫ്രീ ഏജന്റായി ബാഴ്‌സയിൽ എത്തിയത്. ക്ളബിലെത്തി ഒരു വർഷം തികയും മുൻപേ കരാറിൽ മാറ്റം വരുത്താൻ ബാഴ്‌സ പറയുന്നത് ശരിയല്ലെന്നും ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ക്ലബ് മറ്റു വഴികൾ നോക്കുകയാണ് ചെയ്യേണ്ടതെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

അതേസമയം ചില താരങ്ങളെല്ലാം പ്രതിഫലം കുറയ്ക്കാനായി തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതി ബാഴ്‌സലോണ അടുത്ത ദിവസങ്ങളിൽ തന്നെ ലാ ലിഗക്കു മുന്നിൽ സമർപ്പിക്കുന്നുണ്ടാകും. ബാഴ്‌സയുടെ പദ്ധതികൾ ശരിയായില്ലെങ്കിൽ പിഎസ്‌ജിയിൽ തുടരാനാണ് ലയണൽ മെസി തീരുമാനിച്ചിരിക്കുന്നത്.

3.6/5 - (5 votes)