ലോകകപ്പ് ആഘോഷങ്ങൾ അവസാനിച്ചു, ലയണൽ മെസി ഇന്ന് പിഎസ്‌ജിയിൽ പരിശീലനം ആരംഭിക്കും |Lionel Messi

ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം അർജന്റീനയിലേക്ക് പോയ ലയണൽ മെസി തന്റെ ക്ലബായ പിഎസ്‌ജിയിലേക്ക് തിരിച്ചെത്തി ഇന്ന് പരിശീലനം ആരംഭിക്കുമെന്ന് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പറയുന്നു. ലോകകപ്പിനു ശേഷം ലയണൽ മെസിക്ക് പത്തു ദിവസത്തെ വിശ്രമം പിഎസ്‌ജി അനുവദിച്ചിരുന്നു. ഇതേതുടർന്ന് ലോകകപ്പിനു ശേഷം നടന്ന പിഎസ്‌ജിയുടെ രണ്ടു മത്സരങ്ങൾ താരത്തിന് നഷ്‌ടമായി. ഇതിലൊരെണ്ണത്തിൽ പിഎസ്‌ജി തോൽവി വഴങ്ങുകയും ചെയ്‌തു.

ഫ്രാൻസിൽ മടങ്ങിയെത്തുന്ന ലയണൽ മെസി സാധാരണയായി ഉണ്ടാകുന്ന മെഡിക്കൽ പരിശോധനകൾക്ക് ശേഷം ചെറിയ രീതിയിലുള്ള പരിശീലന സെഷനിൽ മാത്രമേ പങ്കെടുക്കുന്നുണ്ടാകൂ. പിഎസ്‌ജി ടീമിലെ മുഴുവൻ അംഗങ്ങൾക്കും ഇന്ന് പരിശീലനം ഉണ്ടാകില്ല. കഴിഞ്ഞ മത്സരത്തിനു ശേഷം ടീമിലെ താരങ്ങൾക്ക് ഒരു ദിവസം വിശ്രമം അനുവദിച്ചിരുന്നു. ഇവർ അടുത്ത ദിവസം പരിശീലനത്തിനായി ചേരും. അതേസമയം പരിക്കിൽ നിന്നും മുക്തരായി കൊണ്ടിരിക്കുന്ന കിംപെംബെ, മെൻഡസ്‌ എന്നിവർ ലയണൽ മെസിക്കൊപ്പം പരിശീലനത്തിനുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ പിഎസ്‌ജിക്കായി മെസി ഗംഭീര കളിയാണ് കാഴ്‌ച വെച്ചിരുന്നത്. ഖത്തർ ലോകകപ്പിലും മികച്ച പ്രകടനം നടത്തി ടീമിന് കിരീടം നേടിക്കൊടുക്കാൻ താരത്തിന് കഴിഞ്ഞു. ലോകകപ്പിനു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ലയണൽ മെസി അടുത്ത മത്സരത്തിൽ തന്നെ കളിക്കാനിറങ്ങുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. ജനുവരി ആറിന് രാത്രി നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിൽ ഷാറ്റൂറെക്‌സിനെതിരെയാണ് പിഎസ്‌ജി ഇനി കളിക്കാനിറങ്ങുക.

അതേസമയം ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തി കിരീടവും ഗോൾഡൻ ബോളും സ്വന്തമാക്കിയ ലയണൽ മെസിക്ക് പിഎസ്‌ജിയിൽ എന്തെങ്കിലും സ്വീകരണം നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പിഎസ്‌ജിയുടെ മൈതാനത്ത് ഇനിയുള്ള മത്സരം ജനുവരി പതിനൊന്നിന് ആങ്കേഴ്‌സിനെതിരെയാണ്. ഫ്രാൻസിനെയാണ് അർജന്റീന ഫൈനലിൽ തോൽപ്പിച്ചതെന്നതിനാൽ ലോകകപ്പ് വിജയിച്ചതിനു മെസിക്ക് സ്വീകരണം നൽകാനുള്ള സാധ്യത കുറവാണ്.

Rate this post