ഗോളെന്നുറപ്പിച്ച ഷോട്ട് ബാക്ക് ഹീൽ ഫ്ലിക്കിലൂടെ തട്ടിയകറ്റി തിയാഗോ സിൽവ, ബ്രസീലിയൻ മാന്ത്രികതയെന്ന് ആരാധകർ

തന്റെ മുപ്പത്തിയേഴാം വയസിലും ഏറ്റവും മികച്ച പ്രകടനമാണ് തിയാഗോ സിൽവ താൻ കളിക്കുന്ന ടീമുകൾക്കു വേണ്ടി നടത്തുന്നതെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവും ഉണ്ടാകില്ല. യൂറോപ്പിൽ എസി മിലാനും പിഎസ്‌ജിക്കും വേണ്ടി നിരവധി വർഷങ്ങൾ കളിച്ചതിനു ശേഷം 2020ൽ ചെൽസിയിലേക്ക് ചേക്കേറിയ താരം ഈ പ്രായത്തിലും പരിശീലകനായ തോമസ് ടുഷെലിന്റെ വിശ്വസ്‌തനായ പ്രതിരോധഭടനാണ്. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ അതൊരിക്കലും കൂടി ബ്രസീലിയൻ താരം തെളിയിക്കുകയും ചെയ്‌തു.

സൗത്താംപ്റ്റനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ തിയാഗോ സിൽവ നടത്തിയ ഗോൾലൈൻ ക്ലിയറൻസാണ് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. മത്സരത്തിൽ ചെൽസി തോൽവിയേറ്റു വാങ്ങിയെങ്കിലും അതിന്റെ ആഴം കൂട്ടാതിരിക്കാൻ ബ്രസീലിയൻ താരത്തിന്റെ ഗോൾ ലൈൻ ക്ലിയറൻസിനു കഴിഞ്ഞിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് താനെന്തു കൊണ്ട് ഈ പ്രായത്തിലും ചെൽസിയുടെയും ബ്രസീലിന്റെയും വിശ്വസ്‌തനായ പ്രതിരോധതാരമായി തുടരുന്നുവെന്ന് സിൽവ ഒരിക്കൽക്കൂടി ആരാധകർക്കു മുന്നിൽ തെളിയിച്ചത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൗത്താപ്റ്റൻ എടുത്ത കോർണറിലാണ് തുടക്കം. അതു കൃത്യമായി ഒഴിവാക്കാൻ ചെൽസി താരങ്ങൾക്ക് കഴിയാതിരുന്നതിനാൽ സൗത്താപ്റ്റൻ താരം ഹെഡർ ഷോട്ടുതിർത്തു. ഷോട്ടിനു പവർ കുറവായിരുന്നെങ്കിലും ഗോൾകീപ്പർ മെൻഡിക്കും സിൽവക്കുമിടയിലൂടെ അതു ഗോളിലേക്ക് പോവുകയായിരുന്നു. പന്ത് തന്നെ മറികടന്നു പോയതും ഒരു നിമിഷാർദ്ധം പോലുമല്ലാത്ത സമയം കൊണ്ട് തിയാഗോ സിൽവ വലതുകാലുയർത്തി ഒരു ബാക്ക് ഹീൽ ഫ്ലിക്കിലൂടെ അത് തട്ടിയകറ്റി. അതിനു ശേഷം കോവാസിച്ച് ക്ലിയർ ചെയ്യാൻ ശ്രമിച്ച പന്ത് ഗോൾകീപ്പർ മെൻഡി തന്നെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

തന്റെ പരിചയസമ്പത്തും സാഹചര്യങ്ങളോട് ദ്രുതഗതിയിൽ പ്രതികരിക്കാനുള്ള കഴിവുമാണ് ഈ ഗോൾ ലൈൻ ക്ലിയറന്സിലൂടെ തിയാഗോ സിൽവ കാണിച്ചു തന്നത്. എന്നാൽ അതുകൊണ്ടും മത്സരത്തിൽ പരാജയം ഒഴിവാക്കാൻ ചെൽസിക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകൾ പിറന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗത്താംപ്ടൺ വിജയം നേടുകയായിരുന്നു. ഇതോടെ അഞ്ചു പ്രീമിയർ ലീഗ് മത്സരത്തിൽ നിന്നും രണ്ടു ജയം മാത്രമേ ചെൽസിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളൂ. രണ്ടെണ്ണത്തിൽ ടീം തോൽവി വഴങ്ങിയപ്പോൾ ടോട്ടനത്തിനെതിരെ സമനിലായിരുന്നു ഫലം.