റഫറിമാർ റയൽ മാഡ്രിഡിനെതിരെ നിൽക്കുന്നു, പരാതിയുമായി ക്വാർട്ടുവ

കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും അടക്കി ഭരിച്ചെങ്കിലും ഈ സീസണിൽ ആ ആധിപത്യം തുടരാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല. കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെങ്കിലും ലീഗിൽ അതിദയനീയമായ നിലയിൽ അത്ലറ്റികോ മാഡ്രിഡിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഇപ്പോൾ നിൽക്കുന്നത്.

അതിനിടയിൽ റയൽ മാഡ്രിഡിനെ റഫറിമാർ എളുപ്പത്തിൽ ലക്‌ഷ്യം വെച്ച് ശിക്ഷ നൽകുകയാണെന്ന പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ് ടീമിന്റെ ഗോൾകീപ്പറായ ക്വാർട്ടുവ. ഈ സീസണിൽ പരിക്കിന്റെ തിരിച്ചടികൾ ഏറ്റു വാങ്ങിയെങ്കിലും ഇപ്പോൾ ലോകോത്തര ഫോമിൽ കളിക്കുന്ന താരം കഴിഞ്ഞ ദിവസം മൂവീസ്‌റ്റാർ പ്ലസിനോട് സംസാരിക്കുമ്പോഴാണ് റഫറിയിങ്ങിനെതിരെ പരാതി പറഞ്ഞത്.

“റയൽ സോസിഡാഡിനെതിരെ ഞാൻ കാണുകയുണ്ടായി, ഞങ്ങൾ വളരെ എളുപ്പത്തിൽ ശിക്ഷ നൽകാൻ കഴിയുന്നവരായി ലക്‌ഷ്യം വെച്ചിരിക്കുന്നു. എതിരാളി ഒന്ന് പ്രതിഷേധിക്കുമ്പോഴേക്കും കാർഡ് നൽകുകയാണ്. അതുപോലെയൊന്നും മുൻപത്തെ സമയങ്ങളിൽ കണ്ടിരുന്നില്ല.” താരം പറഞ്ഞു. മത്സരത്തിൽ രണ്ടു ഗോളിന് റയൽ മാഡ്രിഡ് തോൽവി വഴങ്ങിയിരുന്നു.

റയൽ സോസിഡാഡിനെതിരെ നടന്ന മത്സരത്തിൽ ഫുൾ ബാക്കായ ഡാനി കാർവാഹാൾ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയിരുന്നു. ചെറിയ സമയത്തിന്റെ വ്യത്യാസത്തിൽ മാത്രം ലഭിച്ച രണ്ടു മഞ്ഞക്കാർഡുകളാണ് താരം പുറത്തു പോകാൻ കാരണമായത്. റയൽ മാഡ്രിഡിന്റെ തിരിച്ചു വരവിനുള്ള സാധ്യതകൾ പൂർണമായും ഇല്ലാതാക്കിയാണ് താരം ചുവപ്പുകാർഡ് നേടിയത്.

അതിനു പുറമെ വിനീഷ്യസ് ജൂനിയറിനെ റഫറിമാർ സമീപിക്കുന്ന രീതിയിലും റയൽ മാഡ്രിഡിൽ പലർക്കും എതിർപ്പുണ്ട്. ഈ സീസണിൽ ഏറ്റവുമധികം തവണ ഫൗൾ ചെയ്യപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനീഷ്യസ് ജൂനിയറെങ്കിലും അതിനു വൈരുധ്യമെന്ന രീതിയിൽ താരം ഒരുപാട് മഞ്ഞക്കാർഡുകളും നേടി. ഇത് റഫറിയിങ്ങിൽ പരാതിയുണ്ടാകാൻ കാരണമായിട്ടുണ്ട്.