വേൾഡ് കപ്പിൽ തന്നെ ഞെട്ടിച്ചത് ആ രണ്ടു താരങ്ങളാണ് : ലിയാൻഡ്രോ പരേഡസ് പറയുന്നു

ഒരു കൂട്ടായ പരിശ്രമത്തിലൂടെയാണ് അർജന്റീന കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്.ക്യാപ്റ്റനായ ലയണൽ മെസ്സി തന്നെയാണ് മുന്നിൽ നിന്നും നയിച്ചിരുന്നത്. പക്ഷേ ടീമിലെ ഓരോരുത്തരും അവരുടേതായ റോളുകൾ വളരെ ഭംഗിയായി നിർവഹിച്ചതോടുകൂടിയാണ് അർജന്റീനക്ക് കിരീട നേട്ടം സാധ്യമായത്.

വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ താരങ്ങളാണ് എൻസോ ഫെർണാണ്ടസും അലക്സിസ് മാക്ക് ആല്ലിസ്റ്ററും ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് എൻസോയായിരുന്നു.മാത്രമല്ല വേൾഡ് കപ്പ് അവസാനിച്ചതിന് പിന്നാലെ ഈ രണ്ട് താരങ്ങളുടെയും മൂല്യം വലിയ രൂപത്തിൽ വർദ്ധിക്കുകയും ഒരുപാട് ക്ലബ്ബുകൾ ഈ താരങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ അർജന്റൈൻ താരമായ ലിയാൻഡ്രോ പരേഡസ് ഈ രണ്ട് താരങ്ങളെ കുറിച്ചും സംസാരിച്ചിട്ടുണ്ട്. അതായത് ഈ രണ്ടുപേരുമാണ് വേൾഡ് കപ്പിൽ തന്നെ ഞെട്ടിച്ചു കളഞ്ഞ താരങ്ങൾ എന്നാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.അതിനുള്ള ഒരു കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

‘ എന്നെ വേൾഡ് കപ്പിൽ അത്ഭുതപ്പെടുത്തിയത് എൻസോ ഫെർണാണ്ടസും അലക്സിസ് മാക്ക് ആല്ലിസ്റ്ററുമാണ്. അവരുടെ കഴിവുകൾ എന്തൊക്കെയാണ് എന്നുള്ളത് ഞങ്ങൾക്കറിയാം.പക്ഷേ ദേശീയ ടീമിനോടൊപ്പം അധികമൊന്നും കളിച്ചു പരിചയമില്ലാത്ത താരങ്ങളായിരുന്നു അവർ.എന്നിട്ടും അവർ വേൾഡ് കപ്പിൽ പങ്കെടുത്ത രീതിയും അവിടെ പുറത്തെടുത്ത പ്രകടനവും എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. ഈ രണ്ട് താരങ്ങളുടെയും കാര്യത്തിൽ ഞാൻ വളരെയധികം അഭിമാനം കൊള്ളുന്നു ‘ ലിയാൻഡ്രോ പരേഡസ് പറഞ്ഞു.

നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് ലിയാൻഡ്രോ പരേഡസ്. പക്ഷേ അദ്ദേഹത്തെ നിലനിർത്താൻ ക്ലബ്ബ് ഉദ്ദേശിക്കുന്നില്ല എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ പരേഡസ് പിഎസ്ജിയിൽ തന്നെ മടങ്ങിയെത്തിയേക്കും.

Rate this post