അർജന്റീനയുടെ ഭാവിവാഗ്‌ദാനം ഇനി ബാഴ്‌സലോണയിൽ കളിക്കും

യോൻ ലപോർട്ട പ്രസിഡന്റ് ആയതിനു ശേഷം വിഖ്യാതമായ ലാ മാസിയ അക്കാദമി ഒന്നുകൂടി സജീവമാകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നിലവിലെ ടീമിലേക്കു തന്നെ പല താരങ്ങളും വന്നിരിക്കുന്നത് ലാ മാസിയ അക്കാദമിയിൽ നിന്നാണ്. ഗാവി, ബാൾഡേ, ഫാറ്റി തുടങ്ങിയ താരങ്ങൾ അതിലുൾപ്പെടുന്നു. പാബ്ലോ ടോറെക്കും അവസരങ്ങൾ ലഭിക്കാറുണ്ടെങ്കിലും താരം ടീമിൽ സ്ഥിരസാന്നിധ്യമായി മാറാൻ തുടങ്ങിയിട്ടില്ല.

ഇപ്പോൾ ലാ മാസിയയെ സജീവമാക്കുന്നതിനു വേണ്ടി അർജന്റീനയിൽ നിന്നും ഒരു താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സലോണ. അർജന്റീനിയൻ ക്ലബായ ഫെറോ കാറിൽ ഓയെസ്റ്റെയുടെ താരമായ ലൂക്കാസ് റോമനെയാണ് ബാഴ്‌സലോണ കഴിഞ്ഞ ദിവസം ടീമിലെത്തിച്ചത്. പതിനെട്ടു വയസ് മാത്രം പ്രായമുള്ള താരം റാഫേൽ മാർക്വസ് പരിശീലിപ്പിക്കുന്ന ബാഴ്‌സലോണ അത്ലറ്റിക്കിലാണ് കളിക്കുക.

മൂന്നര വർഷത്തെ കരാറിലാണ് ലൂക്കാസ് റോമനെ ബാഴ്‌സലോണ സ്വന്തമാക്കിയിരിക്കുന്നത്. 2026 വരെ നിലവിൽ കരാർ ഒപ്പിട്ടിരിക്കുന്ന താരത്തിനു 400 മില്യൺ യൂറോ റിലീസ് ക്ലോസും ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ പ്രതിഭയിൽ ബാഴ്‌സലോണയ്ക്ക് അത്രയും വിശ്വാസമുള്ളതു കൊണ്ടാണ് ഇത്രയും വലിയ തുക റിലീസിംഗ് ക്ലോസായി നൽകിയിരിക്കുന്നത്. ഭാവിയിൽ ഒരു ടീമും റോമനെ റാഞ്ചിയെടുത്ത് പോകാൻ ഇടവരരുതെന്ന് ബാഴ്‌സലോണ കരുതുന്നു.

ഏതാനും മാസങ്ങളായി ലൂക്കാസ് റോമനെ ബാഴ്‌സലോണ സ്‌കൗട്ടുകൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. സ്‌കൗട്ടിങ് വിഭാഗത്തിൽ നിന്നും മികച്ച റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് ബാഴ്‌സലോണ അർജന്റീന താരത്തിന്റെ ട്രാൻസ്‌ഫർ പെട്ടന്ന് പൂർത്തിയാക്കിയത്. അർജന്റീനയിൽ നിന്നുമെത്തിയ ലയണൽ മെസിയെപ്പോലെ തന്നെ താരം ക്ലബിന്റെ ഭാവിയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Rate this post