തോമസ് ടുഷെലിനു പകരക്കാരനായി ചെൽസി പരിഗണിക്കുന്നത് മൂന്നു പരിശീലകരെ

ഈ സീസണിൽ ചെൽസി മോശം ഫോമിലായിരുന്നെങ്കിലും പരിശീലകസ്ഥാനത്തു നിന്നും തോമസ്‌ ടുഷെൽ ഇത്ര പെട്ടന്നു പുറത്തു പോകുമെന്ന് ആരും പ്രതീക്ഷിച്ച കാര്യമല്ല. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്രബിനോടു തോൽവി വഴങ്ങിയതോടെയാണ് ജർമൻ പരിശീലകനെ പുറത്താക്കാൻ ചെൽസി ഉടമയായ ടോഡ് ബോഹ്‍ലി തീരുമാനിച്ചത്. ഈ സീസണിൽ ഏഴു മത്സരങ്ങൾ കളിച്ച ചെൽസി അതിൽ മൂന്നു വിജയങ്ങൾ മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും ഇത്ര പെട്ടന്നൊരു പുറത്താക്കൽ വേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പരക്കെ ഉയരുന്നുണ്ട്.

എന്തായാലും പുറത്താക്കപ്പെട്ട തോമസ് ടുഷെലിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ചെൽസി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം മൂന്നു പരിശീലകരാണ് ബ്ലൂസിന്റെ റഡാറിലുള്ളത്. പ്രീമിയർ ലീഗിൽ തന്നെയുള്ള ക്ലബായ ബ്രൈറ്റണിന്റെ ഇംഗ്ലീഷ് പരിശീലകനായ ഗ്രഹാം പോട്ടർ, മുൻ റയൽ മാഡ്രിഡ് മാനേജർ സിനദിൻ സിദാൻ, പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിനെയും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയെയും പരിശീലിപ്പിച്ചിട്ടുള്ള മൗറീസിയോ പോച്ചട്ടിനോ എന്നിവരെയാണ് ടുഷെലിനു പകരമായി ചെൽസി നോട്ടമിടുന്നത്.

ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ബ്രൈറ്റൻ പരിശീലകനായ ഗ്രഹാം പോട്ടർ തന്നെയാണ് അടുത്ത ചെൽസി പരിശീലകനായി ടോഡ് ബോഹ്‍ലിയുടെ മനസിലുള്ളത്. അദ്ദേഹവുമായി ചർച്ചകൾ നടത്താൻ ചെൽസി ഉടമ തയ്യാറെടുത്തു കഴിഞ്ഞു. ഗ്രഹാം പോട്ടറുമായി ചർച്ചകൾ നടത്താൻ ചെൽസി നേതൃത്വത്തിന് ബ്രൈറ്റൻ അനുമതി നൽകിയെന്ന റിപ്പോർട്ടുകളുമുണ്ട്. പോട്ടർക്ക് ചെൽസിയിലേക്ക് വരാൻ താൽപര്യമുണ്ടെങ്കിൽ വളരെ പെട്ടന്നു അദ്ദേഹം ടീമിലെത്താനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുൻ റയൽ മാഡ്രിഡ് മാനേജരും ഐതിഹാസികമായ നേട്ടങ്ങൾ ലോസ് ബ്ലാങ്കോസിനു നേടിക്കൊടുത്തിട്ടുമുള്ള സിനദിൻ സിദാനാണ് മറ്റൊരു ലക്‌ഷ്യം. എന്നാൽ ലോകകപ്പിനു ശേഷം ഫ്രാൻസ് ദേശീയ ടീമിന്റെ സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുള്ള അദ്ദേഹം ചെൽസിയെ പരിഗണിക്കാൻ സാധ്യത കുറവാണ്. പ്രീമിയർ ലീഗിൽ പരിചയസമ്പത്തുള്ള പോച്ചട്ടിനോയിലും ചെൽസിക്ക് താൽപര്യമുണ്ടെങ്കിലും ഈ രണ്ടു പരിശീലകർക്കു ശേഷമാകും അദ്ദേഹത്തെ പരിഗണിക്കുക. സിദാനും പോച്ചട്ടിനോയും നിലവിൽ ഫ്രീ ഏജന്റാണ്.

2021 ജനുവരിയിൽ ചെൽസി പരിശീലകനായി സ്ഥാനമേറ്റെടുത്ത തോമസ് ടുഷെലിനു കീഴിൽ ചെൽസി ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നീ കിരീടങ്ങൾ നേടുകയും എഫ്എ കപ്പ്, ഇഎഫ്എൽ കപ്പ് എന്നിവയിൽ റണ്ണേഴ്‌സ് അപ്പ് ആവുകയും ചെയ്‌തിരുന്നു. അടുത്ത സ്ഥിരം പരിശീലകൻ വരുന്നതു വരെ അസിസ്റ്റന്റ് കോച്ചായ ആന്തണി ബാരിയായിരിക്കും ടീമിനെ പരിശീലിപ്പിക്കുക.