ടിമോ വെർണർ വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു | Timo Werner

ചെൽസി ഏറെ കൊട്ടിഘോഷിച്ച ട്രാൻസ്ഫറായിരുന്നു ലെയ്പ്സിഗിൽ നിന്നുമെത്തിച്ച ജർമൻ താരം ടിമോ വെർണറുടേത്, എന്നാൽ രണ്ടുവർഷംകൊണ്ട് കരാർ അവസാനിപ്പിച്ച് വീണ്ടും തന്റെ പഴയ തട്ടകത്തിലേക്ക് തന്നെ തിരിച്ചു പോയിരുന്നു വെർണർ.

ഇപ്പോഴിതാ താരം വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുകയാണ്. സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ആറുമാസ ലോണിലാണ് 27 കാരൻ വെർണർ ടോട്ടൻഹാമിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.ലെയ്പ്സിഗ് താരം ബുന്ദസ്ലീഗയിൽ ഇതുവരെ 8 മത്സരങ്ങളിൽ രണ്ടു ഗോളുകൾ മാത്രമേ നേടിയിട്ടുള്ളൂ.

ഹാരി കെയിൻ ക്ലബ്ബ് വിട്ട ശേഷം ടോട്ടൻഹാമിന് നിലവിൽ നല്ലൊരു സ്ട്രൈക്കറുടെ ഒരു അഭാവമുണ്ട്, ബ്രസീലിയൻ താരം റീചാർലിസൺ ഫോമിലാവാത്തത് ടോട്ടൻഹാമിന് വലിയ തലവേദനയാണ്. മറ്റൊരു യുവ സ്ട്രൈക്കർ അർജന്റീന താരം വെലിസിന് കഴിഞ്ഞദിവസം പരിക്ക് പറ്റിയിരുന്നു.താരത്തിന് രണ്ടുമാസത്തോളം വിശ്രമമായതിനാൽ പകരക്കാരില്ലാത്ത അവസ്ഥയാണ് ടോട്ടൻഹാമിലുള്ളത്. മാത്രമല്ല തകർപ്പൻ ഫോമിൽ കളിക്കുന്ന സൺ ഏഷ്യാകപ്പിനുള്ള കൊറിയൻ ടീമിലേക്ക് പോകുന്നതിനാൽ ടോട്ടൻഹാമിന്റെ ഇനിയുള്ള നിർണായക മത്സരങ്ങൾ നഷ്ടപ്പെടും. അതിനൊരു പകരക്കാരൻ കൂടിയായിരിക്കും ടിമോ വെർണർ.

ടോട്ടന്‍ഹാമിന് പരിക്കുകളുടെ ലിസ്റ്റ് അധികമായിരിക്കുകയാണ്. സൂപ്പർ പ്രതിരോധ താരം അർജന്റീനയുടെ റോമേറോ,മാഡിസൺ, പെരിസിച് എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്. നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്താണ് സ്പേർസ്. 20 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 39 പോയിന്റുകളാണ് ടോട്ടൻഹാമിനുള്ളത്.