ടോട്ടൻഹാം സൂപ്പർ താരത്തെ അറസ്റ്റ് ചെയ്തു !

ടോട്ടൻഹാമിന്റെ പ്രതിരോധനിര താരം ഡാനി റോസ് അറസ്റ്റിലായി. ഇന്നലെയാണ് താരം അറസ്റ്റിലായ വിവരം ഫുട്ബോൾ ലോകമറിയുന്നത്. അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതിനെ തുടർന്നാണ് പോലീസിന് താരത്തെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. അമിതമായ വേഗതയിൽ താരം വാഹനമോടിക്കുകയും കാർ അപകടം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

അപകടത്തിൽ കാറിന്റെ ഒരു ടയർ പുറത്തേക്ക് വന്ന രീതിയിലായിരുന്നു. നോർത്താപ്റ്റണിൽ വെച്ചാണ് അപകടം നടന്നത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് താരത്തെ ബ്രത്ത്ലെയ്സർ ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. ഇത് നെഗറ്റീവ് ആയതോടെ താരത്തെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. താരത്തിന്റെ മെഡിക്കൽ പരിശോധനയും ചോദ്യം ചെയ്യലും പൂർത്തിയായതായി ഇംഗ്ലീഷ് മാധ്യമം ദി സൺ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

മുപ്പതുകാരനായ താരം ആ സ്ഥലത്ത് എന്തിന് വേണ്ടി എത്തി എന്നുള്ളത് വ്യക്തമല്ല. നിലവിൽ ടീമിൽ ഇടം ലഭിക്കാത്ത താരമാണ് ഡാനി റോസ്. ഹോസെ മൊറീഞ്ഞോയുടെ വരവ് താരത്തിന് ദോഷം ചെയ്യുകയായിരുന്നു. കൂടാതെ താരത്തിന്റെ പൊസിഷനിലേക്ക് സെർജിയോ റെഗിലോൺ കൂടി വന്നതോടെ തീരെ അവസരം ലഭിക്കാതെയാവുകയായിരുന്നു. ന്യൂകാസിൽ യുണൈറ്റഡിൽ താരം ലോണിൽ കളിച്ചിരുന്നുവെങ്കിലും വീണ്ടും ടോട്ടൻഹാമിൽ തന്നെ തിരിച്ചെത്തുകയായിരുന്നു.

പക്ഷെ താരത്തിന് ടീമിൽ ഇടം നൽകാൻ മൊറീഞ്ഞോ തയ്യാറായിരുന്നില്ല. ടോട്ടൻഹാമിന്റെ പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും യൂറോപ്പ ലീഗ് സ്‌ക്വാഡിൽ നിന്നും ഡാനി റോസിനെ മൊറീഞ്ഞോ ഒഴിവാക്കിയിരുന്നു.