ട്രവോറെക്ക് പിന്നാലെ ബാഴ്സ, ലിവർപൂൾ, യുവന്റസ്. വെല്ലുവിളിയുയർത്താൻ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡും.
ഒരിക്കൽ കൂടി വോൾവ്‌സിന്റെ സ്പാനിഷ് സൂപ്പർ താരം അഡമ ട്രവോറെ യൂറോപ്പിൽ ചർച്ചാവിഷയമാവുകയാണ്. താരം വോൾവ്‌സ് വിട്ടേക്കുമെന്നുള്ള കിംവദന്തികൾ പരന്നതോടെ നിരവധി ക്ലബുകളാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്. കഴിഞ്ഞ ദിവസം സ്പാനിഷ് വമ്പൻമാരായ ബാഴ്‌സ താരത്തെ തിരികെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കാൽസിയോമെർക്കാറ്റൊ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
ബാഴ്സക്ക് പുറമെ നിലവിൽ താരത്തിന് വേണ്ടി വമ്പൻ ക്ലബുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് എന്നിവർ രംഗത്തുണ്ട്. അതിനാൽ തന്നെ താരം വോൾവ്‌സ് വിടാൻ തീരുമാനിച്ചാൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു വമ്പൻ പോരാട്ടം തന്നെ നടക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോഴിതാ ഈ ക്ലബുകൾക്കെല്ലാം തന്നെ വെല്ലുവിളിയുയർത്തി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ.
Manchester United join the race for Spanish international Adama Traore https://t.co/PMZXnDfgF2
— footballespana (@footballespana_) October 24, 2020
ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത വർഷം ഈ സൂപ്പർ താരത്തിന് വേണ്ടി ബിഡ് സമർപ്പിക്കാനാണ് സോൾഷ്യാറുടെ തീരുമാനം. 90 മില്യൺ പൗണ്ടാണ് ഈ ഇരുപത്തിനാലുകാരനായ താരത്തിന് വേണ്ടി യുണൈറ്റഡ് കണ്ടുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ലിവർപൂൾ പരിശീലകൻ ക്ലോപിനും താരത്തിനെ വേണം.
75 മില്യൺ പൗണ്ടാണ് ലിവർപൂൾ കണ്ടുവെച്ചിരിക്കുന്നത്. പക്ഷെ എൺപത് മില്യണെങ്കിലും കുറഞ്ഞത് ലഭിക്കണം എന്ന നിലപാടിലാണ് വോൾവ്‌സ് ഉള്ളത്. ഏതായാലും താരത്തിന് 2023 വരെ കരാറുണ്ട്. താരം ക്ലബ് വിടാൻ തീരുമാനിക്കുകയാണെങ്കിൽ വോൾവ്‌സ് വിടാൻ ഒരുക്കമാണ്.നിലവിൽ മിന്നും ഫോമിൽ കളിക്കുന്ന താരം ഈ മാസം സ്പെയിനിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.