❝ ലാ ലീഗയിൽ നിന്നും രണ്ടു തകർപ്പൻ പ്രതിരോധ താരങ്ങളെ ടീമിലെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് ❞
അലക്സ് ഫെർഗൂസൻ യുഗത്തിന് ശേഷം പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച സീസണാണ് കടന്നു പോയത്. പ്രീമിയർ ലീഗിൽ സിറ്റിക്ക് പിന്നിൽ രണ്ടാമതായെങ്കിലും യൂറോപ്പ ലീഗ് ഫൈനലിലെത്താനും സാധിച്ചു. എന്നാൽ സീസണിൽ സിറ്റിക്കും മറ്റു പ്രീമിയർ ലീഗ് വമ്പന്മാർക്കും വലിയ വെല്ലുവിളി ഉയർത്താൻ തന്നെയാണ് പരിശീലകൻ സോൾഷെറും സംഘവും ഇറങ്ങുന്നത്. കഴിഞ്ഞ സീസണിലെ പോരായ്മകൾ പരിഹരിച്ച് വീണ്ടും കിരീടത്തിൽ മുത്തമിടാനുള്ള ഒരുക്കത്തിലാണ് റെഡ് ഡെവിൾസ്. അതിന്റെ ആദ്യ പടിയെന്നോണം ഡോർട്ട്മുണ്ടിൽ നിന്നും വലിയ വില കൊടുത്ത് ഇംഗ്ലീഷ് യുവ താരം സാഞ്ചോയെ കഴിഞ്ഞ ആഴ്ചയാണ് ടീമിലെത്തിച്ചത്.73 മില്യൺ ഡോളറാണ് സാഞ്ചോക്ക് വേണ്ടി യുണൈറ്റഡ് മുടക്കിയത്.
കഴിഞ്ഞ സീസണിൽ മികച്ച പ്രതിരോധ താരത്തിന്റെ ഭാവം യുണൈറ്റഡിൽ സീസൺ മുഴുവൻ നിഴലിച്ചിരുന്നു. അതിനൊരു പരിഹാരമെന്നോണം രണ്ടു ല ലീഗ ഡിഫെൻഡർമാരാണ് യുണൈറ്റഡിലേക്ക് വരാനായി ഒരുങ്ങുന്നത്. റയൽ മാഡ്രിഡിൽ നിന്നും ഫ്രഞ്ച് താരം റാഫേൽ വരാനെയും , അത്ലറ്റികോ മാഡ്രിഡിൽ നിന്നും ഇംഗ്ലീഷ് റൈറ്റ് ബാക്ക് കീരൻ ട്രിപ്പിയർ എന്നിവർ ഓൾഡ് ട്രാഫൊർഡിലേക്ക് കൂടുതൽ അടുക്കുകയാണ്. കഴിഞ്ഞ സീസൺ മുതൽ മാഞ്ചസ്റ്റർ യൂണൈറ്റഡുമായി ബന്ധപ്പെട്ടിരിക്കുന്ന താരമാണ് വരാനെ. ടീമിലെ പ്രധാന പ്രധിരോധ താരമായ ഹാരി മാഗ്വെയറിനൊപ്പം ദീർഘ കാല പങ്കാളിയെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണിൽ വിക്ടർ ലിൻഡെലോഫും എറിക് ബെയ്ലിയും അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
Manchester United 'closing in Varane and Trippier double swoop' https://t.co/tcREfnRgK9
— MailOnline Sport (@MailSport) July 16, 2021
റയലുമായി ഒരു വർഷം കൂടി കരാറിൽ ബാക്കിയുള്ള വരാനെക്ക് വേണ്ടി അറുപതു മില്യൺ യൂറോ വരെ മുടക്കാൻ യുണൈറ്റഡ് തയ്യാറാണ്. അഞ്ചു വർഷം നീണ്ട ഒരു കരാറാണ് യുണൈറ്റഡ് റയൽ താരത്തിന് മുന്നിൽ വെക്കുന്നത്. കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം ലാ ലീഗ് കിരീടം നേടിയ ഫുൾ ബാക്ക് ട്രിപ്പിയറെ പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവരാനാണ് യുണൈറ്റഡ് സശ്രമിക്കുന്നത്. 21 മില്യൺ യൂറോയാണ് താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുടക്കുക. ലാ ലിഗയിലെ മികച്ച പ്രകടനത്തിനു ശേഷം ഇംഗ്ലണ്ടിനെ യൂറോ കപ്പിന്റെ ഫൈനലിൽ എത്തിക്കുന്നതിലും താരം നിർണായക പങ്കു വഹിച്ചിരുന്നു. യുവ താരം ആരോൺ വാൻ-ബിസാക്കക്ക് പകരക്കാരനായാണ് ട്രിപ്പിയറെ യുണൈറ്റഡ് കാണുന്നത്.
2019 ൽ ക്രിസ്റ്റൽ പാലസിൽ നിന്ന് 50 മില്യൺ ഡോളർ യുണൈറ്റഡിൽ എത്തിയ ബിസാക്ക മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഉയർന്ന നിലവാരമുള്ള താരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ട്രിപ്പിയറിൽ കൊണ്ടെത്തിച്ചത്. ലെഫ്റ്റ് ബാക്ക് പൊസിഷനിലും തിളങ്ങുന്ന ട്രിപ്പിയർ ലുക്ക് ഷാക്ക് പകരം കളിക്കാനുമാവും. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ലെന്നത് ഇതിൽ നിന്നും വ്യക്തമാണ്. മിഡ്ഫീൽഡിലും മുന്നേറ്റ നിരയിലും ഇനിയും താരങ്ങൾ എത്താൻ സാധ്യതയുണ്ട്.