ഒടുവിൽ ബാഴ്സയുടെ ഡിഫന്ററും ക്ലബ്ബിന് പുറത്തേക്ക്, റാഞ്ചാൻ മുന്നിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്‌സണലും.
ബാഴ്‌സയുടെ പരിശീലകൻ കൂമാൻ തനിക്ക് ആവിശ്യമില്ലാത്ത താരങ്ങളെയെല്ലാം മറ്റു ക്ലബുകൾക്ക് കൈമാറി തുടങ്ങിയിരുന്നു. ഇവാൻ റാക്കിറ്റിച്ച് സെവിയ്യയിലേക്കും ആർതുറോ വിദാൽ ഇന്റർ മിലാനിലേക്കും ലൂയിസ് സുവാരസ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്കും നെൽസൺ സെമെഡോ വോൾവ്‌സിലേക്കും എത്തിക്കഴിഞ്ഞു. ഇനിയും ഒരുപിടി താരങ്ങളെ ഒഴിവാക്കാനുള്ള ഒരുക്കത്തിൽ തന്നെയാണ് കൂമാൻ. അതിൽ പെട്ട ഒരു താരമാണ് ബാഴ്‌സയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി.
താരവും ഈ ട്രാൻസ്ഫർ ജാലകത്തിൽ പുറത്തേക്കുള്ള വഴിയിലാണ്. താരത്തെ വേട്ടയാടുന്ന പരിക്കുകളും താരത്തിന്റെ ഉയർന്ന സാലറിയുമാണ് ബാഴ്സയെ ഉംറ്റിറ്റിയെ ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നത്. ഫ്രഞ്ച് സഹതാരമായ ക്ലമന്റ് ലെങ്ലെറ്റിന്റെ വരവോടെ താരത്തിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. മാത്രമല്ല ഈ സീസണിൽ റൊണാൾഡ് അരൗജോയെ ബാഴ്‌സ ഫസ്റ്റ് ടീമിലേക്ക് പ്രൊമോട്ട് ചെയ്‌തേക്കും. കൂടാതെ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ എറിക് ഗാർഷ്യയെ തിരികെ എത്തിക്കാനും ബാഴ്സ ശ്രമിക്കുന്നുണ്ട്. ചുരുക്കത്തിൽ അടുത്ത സീസണിൽ താരത്തിന് ആദ്യ ഇലവനിൽ സ്ഥാനം ഉണ്ടാവില്ല എന്നർത്ഥം.
Manchester United and Arsenal named as possible destinations for out-of-favour Barcelona defender Samuel Umtiti https://t.co/C1OWdCobFh
— footballespana (@footballespana_) September 23, 2020
എന്നാൽ താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തുണ്ട്. അഞ്ച് ക്ലബുകളാണ് താരത്തിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ, ഒളിമ്പിക് ലിയോൺ, റെന്നസ്, ഇന്റർമിലാൻ എന്നിവരാണ് ഉംറ്റിറ്റിയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ. ഇതിൽ തന്നെ താരത്തിന്റെ സാലറി താങ്ങാൻ കെൽപ്പുള്ളവർ യുണൈറ്റഡും ആഴ്സണലുമാണ്. ഇരുടീമുകളും നിലവിൽ ഡിഫൻഡറെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
2018-ലാണ് അവസാനമായി താരം ബാഴ്‌സയുമായി കരാറിൽ ഏർപ്പെട്ടത്. ഇതുപ്രകാരം 2023 വരെ താരത്തിന് കരാറുണ്ട്. എന്നാൽ താരത്തെ ഒഴിവാക്കാൻ തന്നെയാണ് കൂമാന്റെ തീരുമാനം. പക്ഷെ ആര് വാങ്ങും എന്നതാണ് പ്രശ്നം. പ്രീമിയർ ലീഗ് വമ്പൻമാർക്ക് താല്പര്യമുണ്ടെങ്കിലും ഇതുവരെ ഓഫറുകളൊന്നും അവർ മുന്നോട്ട് വെച്ചിട്ടില്ല.ഏതായാലും വരും ദിവസങ്ങളിൽ താരത്തിന്റെ ട്രാൻസ്ഫർ വാർത്തയും ഫുട്ബോൾ ലോകത്ത് നിന്ന് നമുക്ക് കേൾക്കേണ്ടി വരും. താരത്തിന്റെ മുൻ ക്ലബായ ലിയോണിന് താല്പര്യമുണ്ടെങ്കിലും സാലറി തന്നെയാണ് പ്രശ്നം.