ആഴ്സനലിൽ കടിച്ചു തൂങ്ങിയ ഓസിൽ ടീമിനു പുറത്ത്, നിലപാടു വ്യക്തമാക്കി അർടേട്ട

മെസൂദ് ഓസിൽ ആഴ്സനൽ ടീമിലേക്കു തിരിച്ചെത്താനുള്ള സാധ്യതകൾ വളരെ കുറവാണെന്നു വ്യക്തമാക്കി പരിശീലകൻ മൈക്കൽ അർടേട്ട. ഇന്നലെ കറബാവോ കപ്പിൽ ലൈസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലും ജർമൻ താരത്തെ കളിപ്പിക്കാതിരുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് താരത്തിന്റെ ആഴ്സനൽ കരിയർ അവസാനിച്ചുവെന്ന രീതിയിലുള്ള പ്രതികരണം അർടേട്ട നടത്തിയത്. ലോക്ക് ഡൗണിനു ശേഷം ആഴ്സനൽ ടീമിൽ താരത്തിന് അവസരം ലഭിച്ചിട്ടില്ലായിരുന്നു.

“ടീമിലുണ്ടായ മാറ്റങ്ങളും കളിക്കാരുടെ നിലവാരം ഉയരുന്നതും നിങ്ങൾക്കു കാണാൻ കഴിയുന്നതാണ്. കൂടുതൽ മികവോടെ കിരീടങ്ങൾക്കു വേണ്ടി പൊരുതാൻ കഴിയുന്ന ടീമിനെയാണു തയ്യാറേക്കേണ്ടത്. അതു നിലനിർത്തി പോവുകയും വേണം. ടീമിന്റെ പ്രകടനത്തിൽ എനിക്കു സന്തോഷമുണ്ട്. ടീമിനെ തിരഞ്ഞെടുക്കാൻ കോച്ചിംഗ് സ്റ്റാഫ് വലിയ തലവേദന അനുഭവിക്കുന്നുമുണ്ട്.” അർടേട്ട പറഞ്ഞു.

“ഓരോ മത്സരത്തിനും അനുയോജ്യരെന്നു കരുതുന്ന താരങ്ങളെയാണ് ഞാൻ ടീമിൽ ഉൾപ്പെടുത്തുന്നത്. നിരവധി താരങ്ങൾ മികച്ച പ്രകടനം നടത്തുന്നതു കൊണ്ടു തന്നെ ഓസിലുൾപ്പെടെ ചില കളിക്കാർക്ക് അവസരങ്ങൾ ഇല്ലാതിരിക്കുക സ്വാഭാവികമാണ്. നിങ്ങളുടെ ചോദ്യങ്ങൾ മനസിലാകുമെങ്കിലും ടീമിനെ മികച്ചതാക്കുക എന്നതാണ് എന്റെ ലക്ഷ്യം.” അർടേട്ട വ്യക്തമാക്കി.

ആഴ്സനലിന് ഓസിലിനെ ഒഴിവാക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരം ടീമിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരത്തിന് വരുന്ന സീസണിലും മുഴുവൻ പ്രതിഫലം നൽകണമെന്നതും ഫ്രീ ട്രാൻസ്ഫറിൽ താരത്തെ നഷ്ടപ്പെടുകയും ചെയ്യുമെന്ന ദുര്യോഗമാണ് ആഴ്സനൽ നേരിടുന്നത്. ഓസിൽ ടീം വിടുമ്പോൾ ലഭിക്കുന്ന തുകയുപയോഗിച്ച് അർടേട്ടക്കു വേണ്ട താരങ്ങളെ സ്വന്തമാക്കാനുള്ള പദ്ധതികളും ഇതില്ലാതാക്കി.

Rate this post