ഹണിമൂൺ കാലം അവസാനിച്ചു, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനു മുന്നറിയിപ്പു നൽകി ഇതിഹാസതാരം

ഈ സീസണിലെ പ്രീമിയർ ലീഗിലെ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് സോൾഷയർ തുടരില്ലെന്ന് മുന്നറിയിപ്പു നൽകി ക്ലബിന്റെ ഇതിഹാസതാരം റോയ് കീൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം പുതിയ താരങ്ങളെ സ്വന്തമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായതു കൊണ്ടു തന്നെ ടീം പ്രീമിയർ ലീഗിൽ ടോപ് ഫോറിലെത്തിയില്ലെങ്കിൽ പുറത്താക്കപ്പെടാൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ താരങ്ങളെ സ്വന്തമാക്കാൻ കഴിയും. എന്നാൽ അതു ചെയ്തില്ലെങ്കിൽ ബുദ്ധിമുട്ടേറിയ നാളുകളാണു വരാനിരിക്കുന്നത്.”

“കഴിഞ്ഞ വർഷം പോലെ ടോപ് ഫോർ മാത്രമായിരിക്കില്ല യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും ഒപ്പം നിൽക്കുന്ന പ്രകടനം തന്നെയാവും ഏവരും പ്രതീക്ഷിക്കുന്നത്. സോൾഷയറിന്റെ ഹണിമൂൺ കാലം കഴിഞ്ഞിരിക്കുന്നു. ഇനിയൊരു കിരീടം തന്നെയാവും ആരാധകർ പ്രതീക്ഷിക്കുന്നത്.”

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തോറ്റ യുണൈറ്റഡ് രണ്ടാമത്തെ മത്സരത്തിൽ വിജയം നേടിയിരുന്നു. എങ്കിലും ഒട്ടും പ്രതീക്ഷ പകരുന്ന പ്രകടനമല്ല യുണൈറ്റഡ് കാഴ്ച വെച്ചതെന്നത് ആരാധകർക്ക് ആശങ്കയാണ്. ഫെർഗൂസൻ ടീം വിട്ടതിനു ശേഷമുണ്ടായ പതനത്തിൽ നിന്നും ഇതുവരെയും ടീം മുഴുവനായി കരകയറിയിട്ടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.