ഏഴ് മാസമായിട്ട് ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല, എന്നിട്ടും വമ്പൻ നേട്ടം കൊയ്ത് ഓസിൽ.
ഒട്ടുമിക്ക ഫുട്ബോൾ പ്രേമികൾക്കും നിരാശയുണ്ടാക്കുന്ന ഒരു അവസ്ഥയാണ് നിലവിൽ മെസ്യൂട്ട് ഓസിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. റെക്കോർഡ് തുകക്ക് ഗണ്ണേഴ്സിൽ എത്തിയ താരത്തിന് ഇങ്ങനെയൊരു അവസ്ഥ വരുമെന്ന് ആരും കരുതിക്കാണില്ല. ജർമ്മൻ ദേശീയടീമിൽ നിന്നും ചില വിവാദങ്ങൾ കാരണം പുറത്തായ ഓസിലിപ്പോൾ ആഴ്‌സണലിൽ നിന്നും പുറത്താണ്. പരിശീലകൻ ആർട്ടെറ്റ താരത്തെ പൂർണ്ണമായും തഴഞ്ഞ രൂപത്തിലാണിപ്പോൾ.
കഴിഞ്ഞ ഏഴ് മാസമായിട്ട് ഒരൊറ്റ മത്സരം പോലും ആഴ്‌സണലിന് വേണ്ടി കളിക്കാൻ ഓസിലിന് കഴിഞ്ഞിട്ടില്ല. ഈ വർഷം മാർച്ച് ഏഴാം തിയ്യതിയാണ് ഓസിൽ അവസാനമായി ബൂട്ടണിഞ്ഞത്. അതിന് ശേഷം പരിശീലകൻ താരത്തോട് ക്ലബ് വിടാൻ ആവിശ്യപ്പെട്ടിരുന്നുവെങ്കിലും താരം ആഴ്‌സണലിൽ തന്നെ തുടരുകയായിരുന്നു. തുടർന്ന് ഈ സീസണിലെ യൂറോപ്പ ലീഗിനുള്ള സ്‌ക്വാഡിൽ നിന്നും ഓസിലിനെ ആർട്ടെറ്റ ഒഴിവാക്കുകയും ചെയ്തു. ഇതോടെ താരം പൂർണ്ണമായും പുറത്തായ സ്ഥിതിയാണ്.
Mesut Ozil 'received £8m loyalty bonus from Arsenal in September', despite not playing a game for the Gunners in SEVEN months https://t.co/5aevpwPdCr
— MailOnline Sport (@MailSport) October 12, 2020
എന്നിരുന്നാലും സാമ്പത്തികപരമായി വമ്പൻ നേട്ടം തന്നെയാണ് ഓസിൽ ഈ പ്രതിസന്ധി ഘട്ടത്തിലും കൈവരിച്ചിരിക്കുന്നത്. ഈ സെപ്റ്റംബർ അവസാനത്തോടെ താരത്തിന് ലോയൽറ്റി ബോണസായി ക്ലബ്ബിൽ നിന്നും ലഭിച്ചത് എട്ട് മില്യൺ പൗണ്ട് ആണ്. താരം 2018-ൽ കരാർ പുതുക്കിയപ്പോൾ മുന്നോട്ട് വെച്ച നിബന്ധനകൾ പ്രകാരമാണ് ഓസിലിന് ലോയൽറ്റി ബോണസായി എട്ട് മില്യൺ പൗണ്ട് ലഭിച്ചത്. ഇംഗ്ലീഷ് മാധ്യമമായ ദി അത്ലെറ്റിക് ആണ് താരം നേട്ടം കൊയ്ത വാർത്ത പുറത്തു വിട്ടത്.
2013-ൽ 42.5 മില്യൺ എന്ന റെക്കോർഡ് തുകക്കാണ് താരത്തെ റയലിൽ നിന്നും ഗണ്ണേഴ്സ് ടീമിൽ എത്തിച്ചത്. താരത്തിന് അടുത്ത വർഷം വരെ ഗണ്ണേഴ്സിൽ കരാറുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് ഓസിൽ. എന്നാൽ താരത്തെ ഈ ജനുവരിയിൽ എങ്കിലും ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആർട്ടെറ്റ. പക്ഷെ കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ക്ലബ്ബിൽ നിന്നും വന്ന ഓഫർ ഓസിൽ നിരസിച്ചിരുന്നു. താൻ ഇവിടെ തുടരുമെന്ന് മാസങ്ങൾക്ക് മുമ്പ് താരം ഉറപ്പിച്ചു പറഞ്ഞിരുന്നു.