വിയറ്റ്നാമിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ
വിയറ്റ്നാമിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് ദയനീയ തോൽവി. തോങ് നാട്ട് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിയറ്റ്നാമിന്റെ ജയം. കഴിഞ്ഞ ദിവസം സിങ്കപ്പൂർ ഇന്ത്യയെ സമനിലയിൽ തളച്ചിരുന്നു. മത്സരത്തിൽ വിയറ്റ്നാം പൂർണമായും ആധിപത്യം പുലർത്തിയപ്പോൾ ഇന്ത്യക്ക് പിടിച്ചു നിലക്കാൻ സാധിച്ചില്ല.
മത്സരത്തിന്റെ 35 ആം മിനുട്ടിൽ മലയാളി താരം സഹൽ പരിക്കേറ്റ് പുറത്തായത് ഐഎസ്എൽ തുടങ്ങൽ 10 ദിവസം മാത്രം ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.വിയറ്റ്‌നാമിനെതിരായ മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സന്ധുവിന്റെ മികച്ച സേവ് ഇന്ത്യയെ നിലനിർത്തിയതിന് തൊട്ടുപിന്നാലെ, ലഭിച്ച കോർണറിൽ നിന്ന് ആതിഥേയർ വലകുലുക്കി. മത്സരത്തിന്റെ 10 ആം മിനുട്ടിൽ കോർണർ വഴിയാണ് വിയറ്റ്നാം അക്കൗണ്ട് തുറക്കുന്നത്. ബോക്‌സിന്റെ മധ്യത്തിൽ നിന്ന് ഫാൻ വാൻ ഡക്കിന്റെ ഉജ്ജ്വലമായ ഒരു വോളി ഗുർപ്രീതിനെ മറികടന്ന് വലയിലായി.
49 ആം മിനുട്ടിൽ വാൻ ടോൺ വിയറ്റ്നാമിന്റെ ലീഡ് ഇരട്ടിയാക്കി. 79 ആം മിനുട്ടിൽ പകരക്കാരനായ വാൻ ക്വയെറ്റാണ് വിയറ്റ്നാമിന്റെ മൂന്നാമത്തെ ഗോൾ നേടിയത്. ഗോൾകീപ്പർ ഗുർപ്രീതിന്റെ സേവുകളാണ് കൂടുതൽ ഗോളുകൾ വീഴുന്നതിൽ നിന്നും ഇന്ത്യയെ തടഞ്ഞത്.