“ക്രിസ്റ്റ്യാനോ റൊണാൾഡോ വിമർശകർക്ക് മറുപടിയുമായി മൈക്കിൾ കാരിക്ക്”
ഇടക്കാല മാനേജർ റാൽഫ് റാങ്‌നിക്കിന്റെ നിയമനം സ്ഥിരീകരിച്ചതുമുതൽ, മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റോൾ വളരെയധികം ചർച്ചയായ ഒന്നായിരുന്നു. പ്രെസ്സിങ് ഗെയിമിന്റെ പേരിൽ 36 കാരനായ ഫോർവേഡ് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. മുൻ കാലങ്ങളിൽ രംഗ്‌നിക്കിന്റെ ടീമുകളുടെ അടിത്തറയായ ഫുട്‌ബോൾ ശൈലിയാണ് പ്രെസ്സിങ് ഗെയിം.
എന്നാൽ പോർച്ചുഗീസ് ഇന്റർനാഷണൽ ഉയർന്ന പ്രസ് ഫുട്ബോളുമായി പൊരുത്തപ്പെടുമെന്ന് കെയർടേക്കർ കോച്ച് മൈക്കൽ കാരിക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതിന് ആവശ്യമായ ടീമുകളിൽ റൊണാൾഡോ കളിച്ചിട്ടുണ്ടെന്നു കാരിക്ക് പറഞ്ഞു.ബോൾ കൈവശമില്ലാത്ത സമയത്ത് എതിരാളികളെ നിരന്തരം പ്രെസ്സ് ചെയ്‌ത് പോസെഷൻ നേടിയെടുക്കാൻ റൊണാൾഡോ ശ്രമിക്കുന്നില്ലെന്ന വിമർശനം നേരെ നേരത്തെ ഉണ്ടായിരുന്നു.ഇക്കാരണം കൊണ്ടു തന്നെ റൊണാൾഡോ പുതിയ പരിശീലകന് കീഴിൽ സ്ഥിരസാന്നിധ്യമാവില്ലെന്ന അഭിപ്രായവും ഉയർന്നിരുന്നു.
“ഒരുപക്ഷേ അതൊരു മിഥ്യയായിരിക്കാം, അത് അങ്ങനെയായിരിക്കാം. വർഷങ്ങളായി അവൻ ആവശ്യത്തിന് ടീമുകളിൽ കളിച്ചിട്ടുണ്ട്, വ്യത്യസ്തമായ രീതിയിൽ കളിക്കുന്നതിൽ വിജയിക്കുകയും ഓരോ ടീമിന് വേണ്ടി ഗോളുകൾ നേടുകയും ചെയ്തു. അവൻ ഗോൾ നേടുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിൽ യാതൊരു സംശയവുമില്ല” ബുധനാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ, മൈക്കൽ കാരിക്ക് പറഞ്ഞു.തന്റെ ടീമിൽ കളിക്കുന്ന കളിക്കാരെ വ്യക്തിപരമായി മെച്ചപ്പെടുത്തുന്നതിന് പേരുകേട്ട മാനേജറാണ് റാംഗ്നിക്ക്. അങ്ങനെ തുടർന്നാൽ, യുവതാരങ്ങൾ അടങ്ങിയ മാഞ്ചസ്റ്ററിന് റാംഗ്നിക്കിന്റെ വരവ് വലിയ നേട്ടമാകും. എന്നാൽ തന്റെ സന്ദേശം റാംഗ്നിക്ക് കളിക്കാരിൽ എങ്ങനെ എത്തിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ നേട്ടങ്ങൾ.
സോൾക്സെയറിനു കീഴിൽ യുണൈറ്റഡിന് കളിച്ചു പരിചയമില്ലാത്ത രീതികളാവും റാംഗ്നിക്ക് നടപ്പാക്കുക. പ്രെസ്സ് ഗെയിമിന് പേരുകേട്ട റാംഗ്നിക്കിന്റെ കീഴിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി മുതൽ പ്രെസ്സ് ഗെയിം കളിക്കാനാണ് സാധ്യത.എന്നാൽ, പുതിയ മാനേജറുടെ കീഴിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിലെ സ്ഥാനം എങ്ങനെ ആയിരിക്കും എന്ന ആശങ്കയിലാണ് ആരാധകർ. പ്രെസ്സിംഗ് ഗെയിമിൽ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മോശം സ്ഥിതിവിവരക്കണക്കുകൾക്ക് ഉടമയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നത് ശ്രദ്ധേയമാണ്.
ക്രിസ്റ്റ്യാനോയ്ക്ക് ചുറ്റും വേഗമേറിയ, യുവ കളിക്കാർ ധാരാളം ഉണ്ടെങ്കിലും, പോർട്ടുഗീസുകാരന് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇനി മുതൽ ഗ്രൗണ്ടിൽ എതിരാളികളുടെ പന്തിന്മേൽ കൂടുതൽ എഫേർട്ട് ഇടേണ്ടി വരും. റൊണാൾഡോക്ക് ഒരിക്കലും റയൽ മാഡ്രിഡിലും യുവന്റസിലും ആ ഉത്തരവാദിത്തം ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.റാംഗ്നിക്കിന്റെ വരവോടെ ബ്രൂണോ ഫെർണാണ്ടസ് – ക്രിസ്റ്റ്യാനോ റൊണാൾഡോ കൂട്ടുകെട്ട് അവസാനിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ബ്രൂണോക്ക് ടീമിൽ ഇടമുണ്ടെങ്കിലും, റൊണാൾഡോയുടെ കാര്യം സംശയത്തിലാണ്.