തനിക്ക് ബാഴ്സലോണയിൽ ഓഫർ വന്നിരുന്നതായി വിനീഷ്യസിന്റെ വെളിപ്പെടുത്തൽ.

തനിക്ക് എഫ്സി ബാഴ്സലോണയിൽ നിന്നും ഓഫർ വന്നിരുന്നതായി റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. പുതുതായി റയൽ മാഡ്രിഡ്‌ ടിവിക്ക് നൽകിയ കാംപോ ഡി എസ്ട്രല്ല എന്ന ഡോക്യുമെന്ററിക്ക് നൽകിയ അഭിമുഖത്തിലാണ് വിനീഷ്യസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാഴ്സയിൽ നിന്നും റയലിൽ നിന്നും ഓഫർ വന്നിരുന്നു, കേവലം രണ്ട് ദിവസങ്ങൾ മാത്രമായിരുന്നു തനിക്ക് ബാക്കിയുണ്ടായിരുന്നതെന്നും താൻ റയലിനെ തിരിഞ്ഞെടുത്തുവെന്നും വിനീഷ്യസ് അറിയിച്ചു.

2018 ജൂലൈയിലാണ് വിനീഷ്യസ് റയലിൽ എത്തിയത്. 38.7 മില്യൺ പൗണ്ടിനാണ് ഫ്ലെമെങ്കോയിൽ നിന്നും താരം സാന്റിയാഗോ ബെർണാബുവിൽ എത്തിയത്. സിദാന് കീഴിൽ പ്രശംസ പിടിച്ചു പറ്റിയ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. എൽ ക്ലാസിക്കോയിൽ താരം നേടിയ ഗോൾ ഏറെ കയ്യടി നേടിയിരുന്നു. 2017-ലായിരുന്നു ബാഴ്സയിൽ നിന്നും ഓഫർ വന്നതെന്ന് താരം അറിയിച്ചു.കൂടാതെ കുട്ടികാലത്ത് പരിശീലനത്തിനും കളിക്കാനും താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും താരം പങ്കുവെച്ചു.

” എനിക്ക് റയൽ മാഡ്രിഡിൽ നിന്നും ബാഴ്സയിൽ നിന്നും ഓഫർ വന്നിരുന്നു. എന്റെ മുമ്പിൽ രണ്ട് ദിവസങ്ങൾ മാത്രം ഉള്ളപ്പോഴായിരുന്നു എനിക്ക് ബാഴ്സയിൽ നിന്ന് ഓഫർ വന്നത്. ഞാൻ റയലിനെ തിരഞ്ഞെടുക്കുകയായിരുന്നു. സാവോ ഗോൺസാലോ എന്ന പ്രദേശത്ത് നിന്നാണ് ഞാൻ വന്നത്. വളരെ അപകടം പിടിച്ച ഒരു പ്രദേശമാണ് അത്. പക്ഷെ എന്റെ കയ്യിൽ പണമില്ലാത്ത കാലത്ത് എന്നെ അവർ വളരെയധികം സഹായിച്ചിരുന്നു. ഞാൻ പണം നൽകാതെ എന്നെ ഏറെ കാലം എന്റെ അക്കാദമി സൗജന്യമായി പരിശീലിപ്പിച്ചിരുന്നു. എന്റെ പിതാവ് സാവോ പോളയിൽ ജോലിക്ക് പോയി തുടങ്ങിയ ശേഷമാണ് എനിക്ക് പണം നൽകി പരിശീലിക്കാനായത് ” വിനീഷ്യസ് പറഞ്ഞു.

Rate this post