എട്ടെണ്ണം പൊട്ടിച്ച് ബയേൺ, ബാഴ്സ ഒരുപിടി ചാരം !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പ്രതീക്ഷിച്ച പോലെ തന്നെ ബയേൺ ബാഴ്‌സയെ കീഴടക്കി. പക്ഷെ പ്രതീക്ഷിക്കാത്ത മാർജിനിലുള്ള ജയമായിരുന്നു ബയേൺ നേടിയത്. കടുത്ത ബയേൺ ആരാധകർ പോലും ഇങ്ങനെയൊരു സ്കോർ പ്രതീക്ഷിച്ചു കാണില്ല. ബാഴ്സയുടെ നെഞ്ചത്ത് എട്ട് ഗോളുകളാണ് ഇന്നലെ ബയേൺ അടിച്ചു കയറ്റിയത്. 8-2 എന്ന സ്കോറിന് ബാഴ്സയെ തകർത്തു കൊണ്ട് ബയേൺ സെമിയിൽ പ്രവേശിച്ചു.

മത്സരത്തിൽ ഒരിക്കൽ പോലും പൊരുതാനാവാതെയാണ് ബാഴ്‌സ കീഴടങ്ങിയത്. ആദ്യപകുതിപിന്നിടുമ്പോൾ തന്നെ 4-1 എന്ന സ്കോറിന് ബാഴ്‌സ പരാജയം ഉറപ്പിച്ചിരുന്നു. രണ്ടാം പകുതിയിലും ഇതേ സ്കോർ തന്നെ തുടർന്നതോടെ ബാഴ്സ നാണംകെട്ട് പുറത്ത് പോവുകയായിരുന്നു. സൂപ്പർ താരങ്ങൾ ഒക്കെ തന്നെ അണിനിരന്നിട്ടും ഒന്നും ചെയ്യാനാവാതെയാണ് മെസ്സിയും സംഘവും കീഴടങ്ങിയത്. മാഞ്ചസ്റ്റർ സിറ്റി-ലിയോൺ മത്സരത്തിലെ വിജയികളെയാണ് ബയേൺ സെമിയിൽ നേരിടുക.

തോമസ് മുള്ളർ ( രണ്ട് ഗോൾ ), ഫിലിപ്പെ കൂട്ടീഞ്ഞോ ( രണ്ട് ഗോൾ ), ഇവാൻ പെരിസിച്, സെർജി ഗ്നാബ്രി, ജോഷുവ കിമ്മിച്ച്, റോബർട്ട്‌ ലെവന്റോസ്ക്കി എന്നിവരാണ് ബയേണിന്റെ ഗോൾ നേടിയത്. മറുഭാഗത്ത് ബാഴ്സയുടെ ആദ്യഗോൾ അലാബയുടെ ദാനമായിരുന്നു. 57-ആം മിനുട്ടിൽ സുവാരസാണ് മറ്റൊരു ഗോൾ നേടിയത്. നിരവധി അവസരങ്ങളാണ് ബയേൺ തുലച്ചു കളഞ്ഞത്. അല്ലെങ്കിൽ ഇതിലും ഭീകരമായ തോൽവി നേരിടേണ്ടി വന്നേനെ. ഏതായാലും ഇതോടെ ബാഴ്സയിൽ വലിയ അഴിച്ചു പണികൾ നടന്നേക്കും.

Rate this post