കൂട്ടീഞ്ഞോ ചാമ്പ്യൻസ് ലീഗ് നേടിയാൽ ബാഴ്സ ലിവർപൂളിന് നൽകേണ്ടി വരിക ഈ തുക !

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിന്റെ സർവ്വാധിപത്യമായിരുന്നു ഇന്നലെ കാണാനായത്. 8-2 എന്ന നാണക്കേടിന്റെ അങ്ങേ അറ്റത്തെ തോൽവിയാണ് ബാഴ്സ ഇന്നലെ വഴങ്ങിയത്. ഇതോടെ ബാഴ്സ പുറത്താവുകയും ബയേൺ സെമി ഫൈനലിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു. ബാഴ്സ താരവും നിലവിൽ ലോണിൽ ബയേണിന് വേണ്ടി കളിക്കുന്ന കൂട്ടീഞ്ഞോ പകരക്കാരനായി വന്ന് രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയത് തോൽവിയുടെ ആഘാതം വർധിപ്പിച്ചു.

എന്നാൽ ബാഴ്സക്ക് അല്പം ആശങ്ക പടർത്തുന്ന കാര്യം മറ്റൊന്നാണ്. നിലവിലെ ഫോം വെച്ച് ബയേൺ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യത കൂടുതലാണ്. അങ്ങനെ നേടിയാൽ അത് ബാഴ്സക്ക് തിരിച്ചടിയാണ്. എന്തെന്നാൽ ബാഴ്‌സ താരം കൂട്ടീഞ്ഞോ കിരീടനേട്ടത്തിൽ പങ്കാളിയാവുകയും ബാഴ്സക്ക് അത് സാമ്പത്തിക നഷ്ടം വരുത്തി വെക്കുകയും ചെയ്യും. അഞ്ച് മില്യൺ യുറോയാണ് ബാഴ്സ കൂട്ടീഞ്ഞോ ചാമ്പ്യൻസ് ലീഗ് നേടിയാൽ ലിവർപൂളിന് നൽകേണ്ടി വരിക.

2018-ലായിരുന്നു കൂട്ടീഞ്ഞോ 142 മില്യൺ പൗണ്ടിന് ലിവർപൂളിൽ നിന്ന് ബാഴ്സയിൽ എത്തിയത്. എന്നാൽ ലിവർപൂൾ കരാറിൽ ഒരു കാര്യം കൂടി ഉൾപ്പെടുത്തി. കൂട്ടീഞ്ഞോ ചാമ്പ്യൻസ് ലീഗ് നേടിയാൽ അഞ്ച് മില്യൺ യുറോ ലിവർപൂളിന് നൽകണമെന്ന്. ബാഴ്‌സ സമ്മതിക്കുകയും ചെയ്തു. ബാഴ്സ ചാമ്പ്യൻസ് ലീഗ് കിരീടം നേടി കരാർ പ്രകാരം അഞ്ച് മില്യൺ നൽകുമ്പോൾ നഷ്ടം സംഭവിക്കില്ലായിരുന്നു. എന്നാൽ താരം ലോണിൽ കളിക്കുമ്പോൾ കിരീടം നേടിയാലും ആ പണം നൽകാൻ ബാധ്യസ്തർ ബാഴ്സ തന്നെയാണ് എന്നതാണ് ബാഴ്‌സയെ അലട്ടുന്ന കാര്യം. പ്രത്യേകിച്ച് ബാഴ്സ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഈ സമയത്ത് അത് വളരെ വലിയ തിരിച്ചടിയാണ്. ബാഴ്സയിൽ കളിക്കുമ്പോൾ മാത്രം എന്ന് പ്രത്യേകിച്ച് കരാറിൽ ഉൾപ്പെടുത്താത്തതാണ് ബാഴ്സക്ക് ഇപ്പോൾ തിരിച്ചടിയായത്.

Rate this post