ഫാത്തിയുടെ ഗോളിൽ ബാഴ്സ ; ലെവൻഡോസ്‌കിയുടെ ഹാട്രിക്കിൽ ബയേൺ ; ഡിബാലയുടെ ഇരട്ട ഗോളിൽ യുവന്റസ്
നിർണായക മത്സരത്തിലെ വിജയവുമായി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ സാധ്യത നിലനിർത്തി ബാഴ്സലോണ. ഉക്രൈനിലെ കീവിൽ നടന്ന എവേ പോരാട്ടത്തിൽ ഡൈനനാമോ കീവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ കീഴടക്കിയത്. 70-ആം മിനിറ്റിൽ യുവതാരം അൻസു ഫാറ്റി നേടിയ ഗോളാണ് കറ്റാലൻ ടീമിന് തുണയായത്. മൂന്ന് മത്സരങ്ങൾക്ക് ശേഷം ബാഴ്സലോണക്ക് ഒരു വിജയം നേടിയത്.കോമാൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായതിനു ശേഷമുള്ള ആദ്യ ബാഴ്സലോണ വിജയമാണിത്.നാലു മാസത്തിനു ശേഷം ഡെംബലെ ഫുട്ബോൾ കളത്തിൽ ഇറങ്ങുന്നതും ഇന്ന് കാണാൻ ആയി.ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പിൽ ബയേണിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ. ഇതോടെ നവംബർ 23ന് ക്യാമ്പ് നൗവിൽ നടക്കുന്ന ബെൻഫിക്കയുമായുള്ള അടുത്ത മത്സരം ബാഴ്സയ്ക്ക് നിർണായകമായി. ബെൻഫിക്കയെ അന്ന് തോൽപ്പിച്ചാൽ ബാഴ്സലോണയ്ക്ക് അവസാന 16ൽ ഇടം പിടിക്കാം.
ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരവും ജയിച്ചിരിക്കുകയാണ് യുവന്റസ് .ഇന്നലെ നടന്ന പോരാട്ടത്തിൽ റഷ്യൻ ക്ലബ് ആയ സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് ഇറ്റാലിയൻ വമ്പന്മാർ തകർത്തത്.അർജന്റീനൻ താരം പാബ്ലോ ഡിബാല ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ഫെഡറികോ കിയേസ, അൽവാരോ മൊറാറ്റ എന്നിവർ മറ്റു ഗോളുകൾ നേടി. 11 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഡിബാല ആണ് യുവന്റസിന് മത്സരത്തിൽ മുൻതൂക്കം നൽകുന്നത്. എന്നാൽ 26 മത്തെ മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയ ബൊനൂച്ചിയുടെ അബദ്ധം റഷ്യൻ ക്ലബിന് സമനില ഗോൾ നൽകി.
രണ്ടാം പകുതിയിൽ കിയേൽസയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 58 മിനിറ്റിൽ ലക്ഷ്യം കണ്ട ഡിബാല യുവന്റസ് മുൻതൂക്കം തിരിച്ചു പിടിച്ചു. 73 മത്തെ മിനിറ്റിൽ ബർഡോസ്കിയുടെ പാസിൽ നിന്നു മികച്ച ഒരു നീക്കത്തിലൂടെ മനോഹരമായ ഗോൾ കണ്ടത്തിയ ഫെഡറികോ കിയേസ യുവന്റസ് ഏതാണ്ട് ഉറപ്പിച്ചു. 81 മത്തെ മിനിറ്റിൽ പ്രത്യാക്രമണത്തിൽ ഡിബാല നൽകിയ പന്തിൽ നിന്നു തന്റെ ഗോൾ കണ്ടത്തിയ മൊറാറ്റ യുവന്റസിന് അടുത്ത റൗണ്ട് ഉറപ്പിച്ചു നൽകി. 92 മത്തെ മിനിറ്റിൽ സർദാർ ഓസ്മാൻ സെനിറ്റിന് ആയി ആശ്വാസ ഗോൾ കണ്ടതിയെങ്കിലും പരാജയം ഒഴിവാക്കാൻ ഇത് മതിയായിരുന്നില്ല.
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ നോക്ക് ഔട്ട് റൗണ്ടിൽ കടന്നു. സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവസ്കിയുടെ തകർപ്പൻ ഹാട്രിക് മികവിൽ ബെൻഫിക്കയെ ബയേൺ 5-2ന് തറപ്പറ്റിച്ചു. ചാമ്പ്യൻസ് ലീഗിലെ തന്റെ നൂറാം മത്സരം ഹാട്രിക്കിലൂടെ ലെവൻഡോവസ്കി അവിസ്മരണീയമാക്കി. 26, 61, 84 മിനിറ്റുകളിലായിരുന്നു പോളിഷ് സൂപ്പർ താരത്തിന്റെ എണ്ണം പറഞ്ഞ ഗോളുകൾ. ചാമ്പ്യൻസ് ലീഗിൽ നൂറു മത്സരങ്ങളിൽ നിന്നു 81 ഗോളുകൾ എന്ന അവിശ്വസനീയമായ റെക്കോർഡ് ആണ് നിലവിൽ ലെവൻഡോസ്കിക്ക് ഉള്ളത്. സീസണിൽ പോളണ്ട് സൂപ്പർ സ്റ്റാർ നേടുന്ന രണ്ടാം ഹാട്രിക് ആയിരുന്നു ഇത്. നിലവിൽ ഈ സീസണിൽ തന്നെ 20 തിൽ അധികം ഗോൾ നേടിയ ലെവൻഡോസ്കി തന്നെയാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ.സെർജിയോ ഗ്നാബ്രി, ലിറോയ് സാനെ എന്നിവരും ബയേണിനായി സ്‌കോർ ചെയ്തു.മത്സരത്തിൽ ലഭിച്ച പെനാൽറ്റി ലെവെൻഡോസ്‌കി പാഴാക്കിയിരുന്നു. ഗ്രൂപ്പ് ഇ യിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് 12 പോയിന്റോടെ ബവേറിയൻ ക്ലബ് അടുത്ത റൗണ്ടിൽ ബെർത്ത് ഉറപ്പിച്ചത്.
ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാലാം മത്സരത്തിലും ജയം കാണാൻ ആവാതെ സെവിയ്യ. ഫ്രഞ്ച് ചാമ്പ്യനംരായ ലില്ലെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സെവിയ്യയെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 15 മത്തെ മിനിറ്റിൽ ലൂക്കാസ് ഒകാമ്പസിലൂടെ സ്പാനിഷ് ടീം ആണ് മത്സരത്തിൽ മുന്നിലെത്തിയത്.43 മത്തെ മിനിറ്റിൽ ജോനാഥൻ ബാമ്പയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ജോനാഥൻ ഡേവിഡ് ലില്ലിയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ജയം തേടി ഇറങ്ങിയ ലില്ലി 51 മത്തെ മിനിറ്റിൽ ജോനാഥൻ ഇകോനെയിലൂടെ വിജയഗോളും കണ്ടത്തി.