” ഇന്ന് നിൽക്കുന്നിടത്ത് എത്താൻ ആരാധാകർ ഇത്രയും കാലം കാത്തിരുന്നു , ഇത് അവർക്ക് വേണ്ടിയുള്ള ജയമാണ് ” : വുകമാനോവിച്ച്

നീണ്ട ആറു സീസണുകൾക്കപ്പുറം ആരാധകരുടെ സ്വപ്നസാഫല്യമായി ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിലേക്ക് പ്രവേശിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. റെഡ് മൈനേഴ്‌സിനെതിരായ രണ്ടാം പാദത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.ആദ്യ പകുതിയിൽ അഡ്രിയാൻ ലൂണയുടെ നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്.രണ്ടാം പകുതിയിൽ പുനരാരംഭിച്ചതിന് ശേഷം ടീം ചെറുതായി പിന്നോട്ട് പോയി. എന്നിരുന്നാലും, പകുതി പുരോഗമിക്കുകയും അവസാന വിസിൽ വരെ പിടിച്ചുനിൽക്കുകയും ചെയ്തപ്പോൾ ഫൈനലിലെ സ്ഥാനം ബ്ലാസ്റ്റേഴ്സിനൊപ്പം കൂടി.

മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് കളിയെയും വിജയത്തെയും കുറിച്ചുള്ള തന്റെ ചിന്തകൾ പങ്കുവെച്ചു. സെർബിയൻ ഫുട്ബോൾ പരിശീലകൻ ഐഎസ്എൽ ഫൈനലിൽ എത്തിയതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ടീമിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.

“നിങ്ങൾക്കറിയാമോ, ഇത് ക്ലബ്ബിന്, പ്രത്യേകിച്ച് ആരാധകർക്ക് ഒരു വലിയ നേട്ടമാണ്. ഞങ്ങൾ ഇന്ന് നിൽക്കുന്നിടത്ത് എത്താൻ അവർ ഇത്രയും കാലം കാത്തിരുന്നു. നിരവധി സീസണുകളുടെ നിരാശയ്ക്ക് ശേഷം, ഞങ്ങൾ ഇന്ന് ഒരു മികച്ച നേട്ടം കൈവരിച്ചു. നാമെല്ലാവരും സന്തോഷവാനായിരിക്കണമെന്ന് ഞാൻ കരുതുന്നു. മുഴുവൻ മഞ്ഞകുടുംബവും കേരളത്തിൽ നിന്നുള്ള എല്ലാ ജനങ്ങളും സന്തോഷവാനായിരിക്കണം” ഇവാൻ പറഞ്ഞു .

“സീസണിലുടനീളം അവർ മികച്ചതായി പോരാടി. കഴിഞ്ഞ ഓഗസ്റ്റിൽ ഞങ്ങൾ ആരംഭിച്ചപ്പോൾ റാങ്കിങ് ടേബിളിൽ ഏറ്റവും മുകളിലെത്താനുള്ള പോട്ടെൻഷ്യൽ ടീമിനുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഇന്ന് ലീഗിലെ ഏറ്റവും മികച്ച ടീമിനെയാണ് നേരിടേണ്ടതെന്നു ഞങ്ങൾക്കറിയാമായിരുന്നു. മത്സരം ശാരീരീകമായിരിക്കുമെന്നു ഞങ്ങൾക്കറിയാമായിരുന്നു. കഠിനമായ പോരാട്ടമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഫൈനലിലേക്ക് പ്രവേശിക്കാൻ ഇവയെല്ലാം മറികടക്കണമെന്നു ഞങ്ങൾക്കറിയാമായിരുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം പകുതിയിൽ റെഡ് മൈനേഴ്സ് സമനില പിടിച്ചു. എന്നിരുന്നാലും, അവർക്ക് സ്കോർ ചെയ്യാനുള്ള മറ്റൊരു അവസരം സൃഷ്ടിക്കാൻ കഴിയാതെ വന്നതോടെ വിജയിക്കാനായില്ല .ഫൈനലിൽ എത്താത്തതിൽ നിരാശയുണ്ടെന്ന് ജംഷഡ്പൂർ എഫ്‌സി ഹെഡ് കോച്ച് കൂട്ടിച്ചേർത്തു. ആദ്യ മത്സരത്തേക്കാൾ മികച്ച പ്രകടനമാണ് രണ്ടാം പാദത്തിൽ തന്റെ ടീം പുറത്തെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.