സിറ്റിക്ക് ഇനി മോട്ടിവേഷൻ വേണ്ട, ഫാൻസിന് വേണ്ടി സിറ്റിയെ തോൽപ്പിച്ച് കപ്പ്‌ ഉയർത്തുമെന്ന് ടെൻ ഹാഗ്

ശനിയാഴ്ച ഇംഗ്ലണ്ടിലെ പ്രധാന സ്റ്റേഡിയമായ വെമ്പ്ളിയുടെ പുൽമൈതാനങ്ങൾ ഉണരുമ്പോൾ എഫ്എ കപ്പ്‌ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത് ഒരേ നാട്ടിൽ നിന്നുമുള്ള രണ്ട് കിടിലൻ ടീമുകളാണ്. മാഞ്ചസ്റ്ററിൽ നിന്നുമുള്ള സിറ്റിയും യുണൈറ്റഡും തമ്മിലുള്ള ഈ ഫൈനൽ മത്സരം ഇരുടീമിന്റെ ആരാധകരെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

തുടർച്ചയായി മൂന്നാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് നേടി വരുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കാസമിറോയുടെയും ബ്രൂണോയുടെയും സംഘം ഏറ്റുമുട്ടുമ്പോൾ കിരീടം തന്നെയാണ് ഇരുടീമുകളുടെയും ലക്ഷ്യം. മികച്ച ഫോമിൽ കളിക്കുന്ന സിറ്റിക്ക് ഈ ഫൈനലിന് പിന്നാലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടി കളിക്കാനുണ്ട്.

അതേസമയം തുടർച്ചയായ മൂന്നാം തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടിയ മാഞ്ചസ്റ്റർ സിറ്റിക്ക് ഇനി അധികമോട്ടിവേഷൻ ലഭിക്കാനില്ലെന്ന് പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. മികച്ച ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് നിലവിൽ മതിയായ മോട്ടിവേഷൻ ലഭിക്കുണ്ടെന്നാണ് എറിക് ടെൻ ഹാഗ് ഫൈനൽ മത്സരത്തിന് മുൻപായി അഭിപ്രായപ്പെട്ടത്.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ പോലെ തന്നെ കിരീടം നേടണമെന്ന ലക്ഷ്യമാക്കിയാണ് തങ്ങൾ വരുന്നതെന്നും ഫൈനലിൽ ആരാധകർക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. ആരാധകർക്ക് ഈ ഡെർബി മത്സരം വിജയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തങ്ങൾക്കും അതുപോലെ തന്നെയാണെന്ന് ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

ഇരുടീമുകൾക്കും ഒരു ട്രോഫി നേടാനുള്ള അവസരമാണ് ഇന്ന് വെമ്പ്ളിയിൽ ലഭിക്കുന്നത്. സീസൺ ഗംഭീരമാക്കാൻ മാഞ്ചസ്റ്റർ സിറ്റി കിരീടം ലക്ഷ്യമാക്കുമ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗിന് മുന്നോടിയായുള്ള ഒരു മോട്ടിവേഷൻ കൂടിയായിരിക്കും പെപിന്റെ സംഘത്തിന് ഈ ട്രോഫി. എന്നാൽ കിരീടവരൾച്ചയിൽ നിന്നുമുള്ള ആശ്വാസം തേടിയാണ് യുണൈറ്റഡ് വരുന്നത്.

Rate this post