കിരീടം വാങ്ങുന്നതിനിടെ ഛേത്രിയെ തള്ളിമാറ്റുന്ന ഗവർണർ, കടുത്ത പ്രതിഷേധവുമായി ആരാധകർ
ഇന്നലെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഡ്യുറന്റ് കപ്പ് ഫൈനലിനു ശേഷം നടന്ന കിരീടധാരണച്ചടങ്ങിലുണ്ടായ സംഭവങ്ങൾ ഫുട്ബോൾ ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് കാരണമാകുന്നു. ഫൈനൽ വിജയം നേടിയ ബെംഗളൂരു എഫ്‌സിക്കു വേണ്ടി കിരീടം വാങ്ങാനെത്തിയ ടീമിന്റെ നായകൻ സുനിൽ ഛേത്രിയെ പശ്ചിമബംഗാൾ ഗവർണർ ലാ ഗണേശൻ തള്ളി മാറ്റിയതിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
കൊൽക്കത്തയിൽ വെച്ചു നടന്ന ഫൈനലിൽ മുംബൈ സിറ്റിയായിരുന്നു ബെംഗളുരുവിന്റെ എതിരാളികൾ. ശിവശക്തി, അലൻ കോസ്റ്റ എന്നിവർ വല കുലുക്കിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ബെംഗളൂരു സ്വന്തമാക്കിയത്. അപുയ മുംബൈ സിറ്റിയുടെ ആശ്വാസഗോൾ നേടി. സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ബെംഗളൂരു എഫ്‌സി ആദ്യമായാണ് ഡ്യുറന്റ് കപ്പ് സ്വന്തമാക്കുന്നത്.
ഫൈനലിനു ശേഷം കിരീടം സ്വീകരിക്കാനെത്തിയ സുനിൽ ഛേത്രി അതുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ ഗവർണർ തള്ളി മാറ്റിയത്. ഫോട്ടോയിൽ തന്റെ മുഖവും ഉൾപ്പെടുന്നതിനു വേണ്ടിയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ നായകനെ ഗവർണർ മാറ്റി നിർത്തിയത്. ഗവർണറുടെ പ്രവൃത്തി സുനിൽ ഛേത്രിയിൽ അമ്പരപ്പുണ്ടാക്കിയെങ്കിലും പൊതുവെ സൗമ്യനായ താരം യാതൊരു പ്രശ്‌നവും കൂടാതെ മാറി നിൽക്കുകയാണ് ചെയ്‌തത്.
In a viral video on social media, Governor La Ganesan is seen pushing away footballer Sunil Chhetri during a photo opportunity. Netizens have been calling out the politician for this move. Watch the video for more#LaGanesan #Football #SunilChhetri #DurandCup pic.twitter.com/X1aDT6wKG0
— Mirror Now (@MirrorNow) September 19, 2022
ഇതിനു പുറമെ മത്സരത്തിൽ ബെംഗളുരുവിന്റെ ഗോൾ നേടിയ ശിവശക്തി എന്ന താരത്തെ മറ്റൊരു അതിഥി മാറ്റി നിർത്തുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. അതേസമയം ഇതിനെതിരെ ആരാധകർ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ഫുട്ബോളിലെ അഭിമാനതാരത്തെ ഈ രീതിയിൽ കൈകാര്യം ചെയ്‌തത് ശരിയായില്ലെന്നും ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ഇതൊക്കെ തന്നെയാണ് തുരങ്കം വെക്കുന്നതെന്നും ആരാധകർ പറയുന്നു.
2013ൽ സ്ഥാപിതമായതിനു ശേഷം ഐ ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ്, ഫെഡറേഷൻ കപ്പ് എന്നീ കിരീടങ്ങൾ നേടിയ ബെംഗളൂരു എഫ്‌സി ആദ്യമായാണ് ഡ്യുറന്റ് കപ്പിൽ കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ടീമിന് ഈ സീസണിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ ഈ കിരീടനേട്ടം സഹായിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.