ലിവർപൂളിനെതിരെയുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിണ് പിന്നിൽ പ്രവർത്തിച്ചത് എന്താണ് ?|Manchester United

ലിവർപൂളിനെതിരെ രൂപമാറ്റം വരുത്തിയ മാഞ്ചസ്റ്റർ യൂണൈറ്റഡിനെയാണ് കണാൻ സാധിച്ചത്. പോസ്റ്റുകൾക്കിടയിലുള്ള ഡേവിഡ് ഡി ഗിയ മുതൽ വളരെയധികം പരിഹസിക്കപ്പെട്ട ബാക്ക്‌ലൈനും മൂർച്ഛയില്ലാത്ത ഫ്രണ്ട്‌ലൈനും ഭാവനയില്ലാത്ത മിഡ്‌ഫീൽഡും വരെയുള്ള ഓരോ ഡിപ്പാർട്ട്‌മെന്റിലും വലിയ മാറ്റങ്ങൾ കാണാൻ സാധിച്ചു.

കഴിഞ്ഞയാഴ്ച ബ്രെന്റ്‌ഫോർഡിനെതിരെ ദയനീയമായി പരാജയപ്പെട്ട യൂണൈറ്റഡാണോ ഇതെന്ന് പലരും സംശയിച്ചു.ബ്രെന്റ്‌ഫോർഡിനും ബ്രൈറ്റനുമെതിരായ തോൽവികൾക്ക് ശേഷം, യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിന് ലിവർപൂളിനെതിരെ ഒരു വിജയം അനിവാര്യമായിരുന്നു. പരിശീലകന്റെ ആഗ്രഹം പ്രവർത്തികമാക്കിയ യുണൈറ്റഡ് താരങ്ങൾ ഒരു മാറ്റത്തിന്റെ ഉത്തേജകമായേക്കാവുന്ന ഒരു വിജയം ഉറപ്പാക്കി ക്ലബിന് പുതിയ ഒരു ജീവൻ നൽകി. യുണൈറ്റഡ് ഡിഫൻസ്-പാക്ക് കഴിഞ്ഞ സീസണിലെ ഭൂരിഭാഗം സമയത്തും തുടർച്ചയായ വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ ലിവർപൂളിനെതിരായ പ്രകടനം അടുത്ത കാലത്ത് അവരുടെ ഏറ്റവും മികച്ചതായിരുന്നു.

അവരെ മാർഷൽ ചെയ്തത് റാഫേൽ വരാനെ ആയിരുന്നു, പുതിയ സൈനിംഗുകളായ മാർട്ടിനെസും ,മലാസിയയും മികച്ച പിന്തുണ നൽകുകയും ചെയ്തു. കരുത്തുറ്റ ലിവർപൂൾ മുന്നേറ്റ നിരയെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിട്ട പ്രതിരോധ താരങ്ങൾക്ക് വിജയത്തിൽ വലിയ പങ്കുണ്ട്. മിഡ്ഫീൽഡിൽ സ്കോട്ട് മക്‌ടോമിനെയും ക്രിസ്റ്റ്യൻ എറിക്‌സണും അവരുടെ ജോലി ഭംഗിയായി നിർവഹിച്ചു. പന്തുകൾ പിടിച്ചെടുക്കുന്നതിലും , മുന്നേറ്റ നിരക്കും വിങ്ങുകളിലും ഇവർ നിരന്തരം പന്തെത്തിച്ചു നൽകുകയും ചെയ്തു.ഏകദേശം 190 മിനിറ്റിനുള്ളിൽ യുണൈറ്റഡ് സ്വന്തമായി ഒരു ഗോൾ നേടിയില്ല – ബ്രൈറ്റണെതിരെ നേടിയത് സെൽഫ് ഗോളായിരുന്നു – അവരുടെ മുൻനിരയുടെ മൂർച്ഛയില്ലായ്മായാണ് ഇതിൽ നിന്നും വ്യക്തമായത്. സാഞ്ചോയുടെ ഗോൾ ഇന്നലെ നേടിയ വിജയത്തിൽ വലിയ പങ്കാണ് വഹിച്ചത്, ആ ഗോൾ വീണതോടെ യുണൈറ്റഡ് കളിക്കാരുടെ ആത്മവിശ്വാസം വർധിക്കുകയും ജയിക്കാം എന്ന വിശ്വാസം അവരിൽ വളരുകയും ചെയ്തു.

ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ എലങ്ക ഒരു പരിചയസമ്പന്നനായ ഒരു കളിക്കാരനെപ്പോലെ കാണപ്പെട്ടു . യുവ താരം വിങ്ങിൽ നിരന്തരം അലക്സാണ്ടർ-അർനോൾഡിന് ഭീഷണി ഉയർത്തി. 10 ആം മിനുട്ടിൽ ബ്രൂണോയുടെ പാസിൽ നിന്നും താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. എന്നാൽ ആറു മിനുട്ടിനു ശേഷം എലാംഗയുടെ പാസിൽ നിന്നും ലിവർപൂൾ ഡിഫൻസിനെ കീഴ്പ്പെടുത്തി സാഞ്ചോയാണ് ഗോൾ നേടിയത്. പ്രീമിയർ ലെവെഗിലെ ഏറ്റവും മികച്ച ഡിഫെൻഡറായ വിർജിൽ വാൻ ഡൈക്കിനെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് റാഷ്‌ഫോർഡ് നടത്തിയത്. യുണൈറ്റഡിന്റെ രണ്ടാമത്തെ ഗോൾ നേടിയ താരം വേഗതകൊണ്ടും സ്കില്ലുകൊണ്ടും ലിവർപൂൾ ഡിഫെൻസിനെ പുറകോട്ടാക്കി. താരത്തിന്റെ മികച്ച ഷോട്ടുകൾ കീപ്പർ അലിസൺ തട്ടിയകറ്റുകയും ചെയ്തു.

“നമുക്ക് സാങ്കേതിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം, പക്ഷേ ഇതെല്ലാം മനോഭാവത്തെക്കുറിച്ചാണ്. ഇപ്പോൾ ഞങ്ങൾ മനോഭാവം കൊണ്ടുവരുന്നത് നിങ്ങൾ കാണുന്നു. ആശയവിനിമയം ഉണ്ടായിരുന്നു, ഒരു പോരാട്ട വീര്യമുണ്ടായിരുന്നു, പ്രത്യേകിച്ച് ടീം ഒരു യൂണിറ്റായി മാറി , അവർക്ക് എന്ത് നേടാനാകുമെന്ന് അവർ കാണിച്ചു തന്നു ഒരു ടീം ഉണ്ടായിരുന്നു-അതായിരുന്നു നിർണായക വ്യത്യാസം” ടെൻ ഹാഗ് മത്സര ശേഷം പറഞ്ഞു.