❝ലിയോ മെസ്സി ഞങളുടെ ക്യാപ്റ്റൻ ആയിരിക്കുമ്പോൾ, അദ്ദേഹം ആവശ്യപ്പെട്ടാൽ യുദ്ധത്തിന് പോകേണ്ടി വരും❞ : റോഡ്രിഗോ ഡി പോൾ |Lionel Messi

അർജന്റീന ദേശീയ ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ പങ്ക് വാക്കുകൾക്ക് അതീതമാണ്.കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ലയണൽ മെസ്സിയുടെ ചിറകുകൾക്ക് കീഴിലാണ് അർജന്റീന പറക്കുന്നത് എന്ന് പറയാം. എങ്കിലും ലയണൽ മെസ്സിയെ മാത്രം ആശ്രയിച്ചിരുന്ന അർജന്റീന ടീമിന് ഇന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മെസ്സിയെ മാത്രം ആശ്രയിക്കുന്നതിനേക്കാൾ ഒരു ടീമെന്ന നിലയിൽ അർജന്റീന ഇന്ന് ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. അർജന്റീനയുടെ മുന്നേറ്റനിരയും മധ്യനിരയും പ്രതിരോധവുമെല്ലാം ഇന്ന് പരിചയസമ്പന്നരായ കളിക്കാരാലും യുവതാരങ്ങളാലും സമ്പന്നമാണ്.

എന്നിരുന്നാലും ലയണൽ മെസ്സി അർജന്റീന ടീമിൽ സൃഷ്ടിക്കുന്ന സ്വാധീനത്തിന് തുല്യമാകാൻ ആർക്കും കഴിയില്ല. ലോകമെമ്പാടും ആരാധകരുള്ള താരമാണ് ലയണൽ മെസ്സി. 35 കാരനായ താരം മൈതാനത്ത് തന്റെ പ്രകടനത്തിലൂടെ തിളങ്ങികൊണ്ടിരിക്കുകയാണ്. കളിക്കളത്തിലെ മാന്യമായ പെരുമാറ്റത്തിന് പേരുകേട്ടയാളാണ് ലയണൽ മെസ്സി.അര്ജന്റീനക്കെതിരെ കളിക്കുന്ന എതിരാളികൾ എപ്പോഴും ലയണൽ മെസ്സിയെ മാത്രം ലക്ഷ്യമിടുന്നത് സ്ഥിരം കാഴ്ചയാണ്.മെസ്സിയുടെ നീക്കങ്ങൾ പിടിക്കാൻ പലപ്പോഴും പരാജയപ്പെടുന്ന എതിരാളികൾ താരത്തെ ഫൗൾ ചെയ്യുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നു.

അർജന്റീനയുടെ സമീപകാല സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസ് താരം മെസ്സിയെ കൈമുട്ടിക്കുകയും തുടർന്ന് മെസ്സി വേദനയോടെ ഗ്രൗണ്ടിൽ കിടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. എന്നാൽ ആ നിമിഷം അർജന്റീനിയൻ താരങ്ങൾ ഒന്നടങ്കം തങ്ങളുടെ ക്യാപ്റ്റനെ ഫൗൾ ചെയ്ത താരത്തിന് നേരെ തിരിഞ്ഞു. ഡി പോൾ, ഡി മരിയ, പെസെല്ല, പരേഡെസ്, ലൗട്ടാരോ മാർട്ടിനെസ്, ലോ സെൽസോ തുടങ്ങിയ കളിക്കാരെല്ലാം രംഗത്തെത്തി.തങ്ങളുടെ ക്യാപ്റ്റനെ കൈമുട്ടിയ താരത്തെ നേരിടാൻ അർജന്റീന താരങ്ങളും ധൈര്യം കാട്ടി.

നേരത്തെ ലയണൽ മെസ്സിയെ എതിരാളികൾ ശാരീരികമായി നേരിട്ടാൽ അതിനെ ശക്തമായി നേരിടുമെന്ന് അർജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോൾ വ്യക്തമാക്കിയിരുന്നു. “ലിയോ മെസ്സി ഞങ്ങളുടെ ക്യാപ്റ്റനായിരിക്കുമ്പോൾ, അദ്ദേഹം നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ അവനുവേണ്ടി യുദ്ധത്തിന് പോകണം,”റോഡ്രിഗോ ഡി പോൾ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞു. അക്കാലത്ത് ഫുട്ബോൾ ലോകം തമാശയായി മാത്രമേ കേട്ടിരുന്നുള്ളൂവെങ്കിലും താൻ പറഞ്ഞത് തമാശയല്ലെന്ന് ഡി പോളും കൂട്ടരും തെളിയിച്ചു.

മെസ്സിയെ ഫൗൾ ചെയ്തതിലുള്ള രോഷം എല്ലാം അർജന്റീന താരങ്ങളുടെ മുഖത്തും വ്യക്തമായിരുന്നു.ഡി പോളായിരുന്നു ഏറ്റവും കൂടുതൽ ദേഷ്യം പ്രകടിപ്പിച്ചത്. എന്നാൽ റഫറിയും ബാക്കി താരങ്ങളും ഇടപെട്ടുകൊണ്ട് രംഗം ശാന്തമാക്കുകയായിരുന്നു. യഥാർത്ഥത്തിൽ മെസ്സിയെ ഫൗൾ ചെയ്തതിന് ഹോണ്ടുറാസ് താരത്തെ വളഞ്ഞാക്രമിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു അവിടെ കാണാൻ സാധിച്ചിരുന്നത്. ലയണൽ മെസ്സിയോടുള്ള അർജന്റൈൻ താരങ്ങളുടെ സ്നേഹവും കരുതലുമാണ് ഈ സംഭവത്തിൽ നിന്നും വ്യക്തമാവുന്നത്. മെസ്സിയെ പോലെ ഒരു താരത്തിന് പരിക്കേറ്റാൽ അത് വലിയ തിരിച്ചടിയാകുമെന്ന് സഹതാരങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ മെസ്സിയെ പരമാവധി സംരക്ഷിക്കാനാണ് സഹതാരങ്ങൾ ശ്രമിക്കുന്നത്.