ലയണൽ മെസ്സി ഇനി എന്ന് കളിക്കും? ഉത്തരം നൽകി പരിശീലകൻ |Lionel Messi

മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സി ഇറങ്ങാത്ത ഇന്നത്തെ മത്സരത്തിലും ഇന്റർ മയാമിക്ക് വിജയിക്കാനായില്ല. ഇന്ന് ന്യൂയോർക്ക് സിറ്റിയെ നേരിട്ട മയാമി 1-1 എന്ന സമനിലയിൽ പിരിയുകയായിരുന്നു. പരിക്ക് കാരണമാണ് മെസ്സി ഇന്ന് മയാമിക്ക് വേണ്ടി ഇറങ്ങാത്തത്. കഴിഞ്ഞ കുറച്ചു മത്സരങ്ങൾ മെസ്സിക്ക് പരിക്ക് കാരണം നഷ്ടമായിരുന്നു. പരിക്ക് മൂലം മയാമിക്കായി അവസാനം 23 ദിവസങ്ങളിൽ ആകെ 37 മിനിറ്റ് മാത്രമേ മെസ്സിക്ക് കളിക്കാൻ സാധിച്ചുള്ളൂ.

മെസ്സിയുടെ അഭാവം മയാമിയെ വലിയ രീതിയിൽ തളർത്തുന്നുണ്ട്. വിജയങ്ങൾ കണ്ടെത്താനാവുന്നില്ല എന്ന് മാത്രമല്ല, ഇക്കഴിഞ്ഞ യുഎസ് കപ്പിന്റെ ഫൈനലിൽ മെസ്സിയുടെ അഭാവത്തിൽ ഇറങ്ങിയ മയാമിക്ക് തോൽവി നേരിടേണ്ടി വരികയും കിരീടം നഷ്ടമാവുകയും ചെയ്തിരുന്നു. അതിനാൽ മെസ്സിയുടെ വരവ് ആരാധകരും ടീമും ഒരുപോലെ ആഗ്രഹിക്കുന്നു.

ഇപ്പോഴിതാ മെസ്സിയുടെ പരിക്കിനെ പറ്റിയുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് മയാമി പരിശീലകൻ ടാറ്റാ മാർട്ടിനോ. പരിക്കുമൂലം മെസ്സി നിലവിൽ ഒറ്റക്കാണ് പരിശീലനം നടത്തുന്നതെന്നും വരും ദിവസങ്ങളിൽ മെസ്സി സഹതാരങ്ങളുമായുള്ള പരിശീലന സെക്ഷനിൽ ഇറങ്ങുമെന്നും ടാറ്റ മാർട്ടിനോ പറഞ്ഞു.

ചൊവ്വാഴ്ച, ചിക്കാഗോയ്ക്കെതിരെയാണ് മയാമിയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ മെസ്സിയെ കളത്തിലിറക്കാനാവുമെന്ന പ്രതീക്ഷ ടാറ്റ മാർട്ടിനോ പങ്കുവെക്കുന്നുണ്ടെങ്കിലും മെസ്സിയുടെ പരിക്കിനെ പറ്റി കൂടുതൽ വിലയിരുത്തലുകൾ നടത്തുമെന്നും അതനുസരിച്ച് മാത്രമേ താരത്തെ അടുത്ത കളിയിൽ കളത്തിൽ ഇറക്കുമെന്ന് മയാമി പരിശീലകൻ വ്യക്തമാക്കുന്നു. മെസ്സിയുടെ കാര്യത്തിൽ കൂടുതൽ റിസ്ക്കുകൾ എടുക്കാൻ ആവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Rate this post