ഒസ്പിനക്ക് ഗുരുതര പരിക്ക്, പകരക്കാരനായി കൊണ്ട് അൽ നസ്ർ ലക്ഷ്യം വെച്ചിരിക്കുന്നത്  PSG ഗോൾകീപ്പറെ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നതിനു മുന്നേ തന്നെ ഒരു പിടി പ്രധാനപ്പെട്ട താരങ്ങൾ കളിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബ് ആയിരുന്നു അൽ നസ്‌ർ. അതിൽപ്പെട്ട ഒരു താരമാണ് ഗോൾകീപ്പറായ ഡേവിഡ് ഒസ്പിന. കൊളംബിയൻ ഗോൾ കീപ്പറായ ഇദ്ദേഹം കഴിഞ്ഞ വർഷം മുതലാണ് അൽ നസ്റിന്റെ ഗോൾ വല കാക്കാൻ ആരംഭിച്ചത്.എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഗുരുതര പരിക്ക് താരത്തിന് ഏൽക്കുകയായിരുന്നു.

കഴിഞ്ഞ അൽ ഷബാബിനെതിരെയുള്ള മത്സരത്തിൽ താരത്തിന്റെ എൽബോ പൊട്ടുകയായിരുന്നു.മാസങ്ങളോളം അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ സമയം പാഴാക്കാതെ അൽ നസ്ർ യൂറോപ്പിൽ നിന്നും സൂപ്പർ ഗോൾകീപ്പറെ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.പിഎസ്ജിയുടെ ഗോൾ കീപ്പറായ കെയ്ലർ നവാസിനെയാണ് അൽ നസ്ർ ലക്ഷ്യം വെച്ചിരിക്കുന്നത്.

മാർക്കയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 36 വയസ്സുള്ള നവാസിന് പിഎസ്ജിയിൽ ഇപ്പോൾ അവസരങ്ങൾ വളരെയധികം കുറവാണ്. പ്രത്യേകിച്ച് ക്രിസ്റ്റോഫ് ഗാൾട്ടിയർ പരിശീലകനായി എത്തിയതോടുകൂടി നവാസിന് അവസരങ്ങൾ തീരെ ലഭ്യമല്ല. ഈ സീസണിൽ കേവലം ഒരു ഒഫീഷ്യൽ മത്സരത്തിൽ മാത്രമാണ് ഈ ഗോൾകീപ്പർ കളിച്ചിട്ടുള്ളത്.

നവാസിന്റെ കരാർ അവസാനിക്കാൻ ഇനി ആറുമാസങ്ങളാണ് അവശേഷിക്കുന്നത്. അവസരങ്ങൾ ലഭിക്കാത്തതിനാൽ അദ്ദേഹം ക്ലബ്ബ് വിടാൻ താൽപര്യപ്പെടുന്നുണ്ട്.അൽ നസ്ർ ഓഫറുമായി സമീപിച്ചാൽ ഏത് രൂപത്തിൽ കെയ്‌ലർ നവാസ് പ്രതികരിക്കും എന്നുള്ളത് വ്യക്തമല്ല. മുമ്പ് റയൽ മാഡ്രിഡിന് വേണ്ടി ഒരുപാട് കാലം കളിച്ചിട്ടുള്ള ഗോൾ കീപ്പർ ആണ് കെയ്‌ലർ നവാസ്.ക്രിസ്റ്റ്യാനോ റൊണാൾഡോയും നവാസും ഒരുമിച്ച് റയലിൽ കളിക്കുകയും നിരവധി കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നവാസ് നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഈ സൗദി അറേബ്യൻ ക്ലബ്ബിന് ഒസ്‌പിനയുടെ വിടവ് നികത്താൻ സാധിക്കും.

Rate this post