ചർച്ചകൾ നടന്നു, മെസിയുടെ തിരിച്ചു വരവിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി സാവി

ലയണൽ മെസിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് നിർണായകമായ സൂചനകൾ നൽകി ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. മെസിയെ ബാഴ്‌സയിലേക്ക് തിരിച്ചു കൊണ്ടുവരാൻ ക്ലബ് തീവ്രമായ ശ്രമങ്ങൾ നടത്തുകയാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ക്ലബിന് മെസിയെ തിരിച്ചു കൊണ്ടുവരാൻ ഒരുപാട് കടമ്പകൾ മറികടക്കേണ്ടതുണ്ട്.

ബാഴ്‌സലോണയുടെ സാമ്പത്തികാവസ്ഥയെ നിരന്തരം വിമർശിക്കുന്ന ലാ ലിഗയുടെ അനുമതി തന്നെയാണ് ആദ്യം വേണ്ടത്. മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ ഒരുപാട് കാര്യങ്ങളിൽ കൃത്യത വരുത്തണമെന്ന് ലാ ലിഗ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവെന്നാണ് ഇന്ന് മാധ്യമങ്ങളോട് സാവി പറഞ്ഞത്.

“അതെ, ബാഴ്‌സലോണ ലാ ലിഗയുമായി കൂടിക്കാഴ്ച നടത്തി, അതുപക്ഷേ ലിയോയുടെ സാധ്യമായ തിരിച്ചുവരവിനായി മാത്രമല്ല. അടുത്ത വർഷത്തേക്കുള്ള സ്ക്വാഡ് മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ നോക്കുകയാണ്. പക്ഷേ അതൊരു പ്രധാന പ്രശ്‌നമല്ല, വിജയിക്കാൻ ഇനിയൊരു ലീഗ് തന്നെ മുന്നിലുണ്ട്. നാളെ ഞങ്ങൾക്ക് ഒരു പ്രധാന ഗെയിമുണ്ട്, ഇതാണ് പ്രധാന വിഷയം.”

“മറ്റുള്ളതെല്ലാം അലൈമണിയുടെ കാര്യമാണ്, അദ്ദേഹം അറിയിക്കുന്നു, പക്ഷേ, എല്ലാം നന്നായി പോകുന്നു. അവസാനം, അത് നടക്കുമോ എന്ന് ഞങ്ങൾക്ക് അറിയില്ല. അതിനെക്കുറിച്ച് സംസാരിച്ചാൽ വളരെ നേരത്തെയാകും. ഞങ്ങൾ ബെറ്റിസിനെതിരായ മത്സരത്തിലും ലാ ലിഗ ജയിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അത് ഞങ്ങൾക്ക് വളരെയധികം സ്ഥിരത നൽകും. സാധ്യമായ സൈനിംഗുകളെ കുറിച്ച് ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.” സാവി പറഞ്ഞു.

മെസിയെ തിരിച്ചെത്തിക്കാൻ പദ്ധതികൾ ബാഴ്‌സ മുന്നോട്ടു നീക്കുന്നുണ്ടെന്നു തന്നെയാണ് സാവിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. ലാ ലീഗയുമായി ഇതുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അവർ മുന്നോട്ടു വെക്കുന്ന നിബന്ധനകൾ ബാഴ്‌സക്ക് നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ലയണൽ മെസിയുടെ തിരിച്ചുവരവ് സാധ്യമാകില്ലെന്നുറപ്പാണ്.

5/5 - (1 vote)