സാന്റിയാഗോയിൽ കണ്ണീരണിഞ്ഞു ബ്രസീൽ താരം, മാഡ്രിഡ്‌ അപ്ഡേറ്റുകൾ ഇതാ..

ലാലിഗ സീസണിൽ പോയിന്റ് ടേബിളിൽ തങ്ങൾക്ക് വെല്ലുവിളി ഉയർത്തിയ ജിറോണയെ സാന്റിയാഗോ ബെർണബുവിൽ വിളിച്ചുവരുത്തി എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ തകർത്തെറിഞ്ഞത്. മത്സരത്തിൽ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ മത്സരത്തിൽ മികവ് കാട്ടി.

നിലവിൽ ലാലിഗ പോയന്റ് ടേബിളിൽ 24 മത്സരങ്ങളിൽ നിന്നും 56 പോയന്റുകൾ സ്വന്തമാക്കിയ രണ്ടാം സ്ഥാനത്തുള്ള ജിറോണയേക്കാൾ മുന്നിലാണ് 24 മത്സരങ്ങളിൽ നിന്നും 61 പോയന്റുകൾ സ്വന്തമാക്കിയ റയൽ മാഡ്രിഡ്‌ ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. മത്സരശേഷം പ്രസ് കോൺഫറൻസ് സംസാരിച്ച പരിശീലകൻ കാർലോ ആൻസലോട്ടി വിനീഷ്യസ് ജൂനിയർ ഈ ലെവലിൽ കളിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരം വിനീഷ്യസ് ആയിരിക്കും എന്ന് അഭിപ്രായപ്പെട്ടു.

സാന്റിയാഗോ ബെർണബുവിൽ പരാജയപ്പെട്ട ജിറോണയുടെ മത്സരത്തിനിടയിലും മത്സരശേഷവും ജിറോണയുടെ ബ്രസീലിയൻ താരമായ യാൻ സ്കൗട്ടോ കണ്ണീരണിഞ്ഞ കാഴ്ചയാണ് ഫുട്ബോൾ ആരാധകർ കണ്ടത്. ജിറോണ താരത്തിനെ ആശ്വസിപ്പിക്കാൻ റയൽ മാഡ്രിഡിന്റെ ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയർ അരികിലെത്തിയതും മത്സരത്തിലെ പ്രധാന നിമിഷങ്ങളിൽ ഒന്നായി മാറി.

പരിക്ക് മാറി റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തിയ വിനീഷ്യസ് ജൂനിയർ ഈ വർഷം കളിച്ച 8 മത്സരങ്ങളിൽ നിന്നും സ്വന്തമാക്കിയത് 6 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ്. അതേസമയം ജിറോണക്കെതിരായ മത്സരത്തിന് മുൻപായി റൂഡിഗറിന് പരിക്ക് ബാധിച്ചതോടെ പ്രതിസന്ധിയിലായ റയൽ മാഡ്രിഡ്‌ ഫ്രഞ്ച് മിഡ്‌ഫീൽഡർ ചൗമേനിയെ സെന്റർ ബാകായാണ് കളിപ്പിച്ചത്. മസിൽ പരിക്ക് ബാധിച്ച റയൽ മാഡ്രിഡിന്റെ ജർമൻ ഡിഫെൻഡർ അന്റോണിയോ റോഡിഗർ രണ്ടാഴ്ചക്കുള്ളിൽ കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.