യുണൈറ്റഡിനു എന്തിനാണ് പുതിയ സ്ട്രൈക്കർ? യുവതാരങ്ങൾക്ക് പിന്തുണയുമായി ലുക്കാക്കു രംഗത്ത്
ഇത്തവണ ട്രാൻസ്ഫർ ജാലകത്തിൽ വാൻ ഡി ബീക്കിനെ മാത്രമേ യുണൈറ്റഡിനു സ്വന്തം തട്ടകത്തിലെത്തിക്കാൻ കഴിഞ്ഞുള്ളു. കൂടുതൽ പൊസിഷനുകളിലേക്ക് താരങ്ങളെ ആവശ്യമാണെങ്കിലും യുണൈറ്റഡ് കാര്യമായ നീക്കങ്ങൾ നടത്താത്തതിൽ ആരാധകരും അക്ഷമരായി നിലകൊള്ളുകയാണ്.ജേഡൻ സഞ്ചോക്കും അലക്സ് ടെല്ലസിനുമായുള്ള ശ്രമങ്ങൾ ഇവിടെയുമെത്താതെ നിൽക്കുകയാണ്.
എന്നാൽ മുന്നേറ്റനിരയിലേക്ക് പിഎസ്‌ജിയുടെ സൂപ്പർസ്ട്രൈക്കർ എഡിൻസൺ കവാനിയെ ഉടൻ യുണൈറ്റഡ് തട്ടകത്തിൽ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് കാണാനാവുന്നത്. എന്നാൽ ഇക്കാര്യത്തിൽ എതിരഭിപ്രായമാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുക്കാക്കുവിനുള്ളത്. മേസൺ ഗ്രീൻവുഡും ആന്തണി മാർഷ്യലുമുള്ളപ്പോൾ പുതിയ സ്ട്രൈക്കറിന്റെ ആവശ്യകതയുണ്ടോയെന്നാണ് ലുക്കാക്കുവിന്റെ ചോദ്യം.
“നിങ്ങൾ മറ്റൊരു സ്ട്രൈക്കറെ വാങ്ങുകയാണെങ്കിൽ നിങ്ങൾ ആന്തണി മാർഷ്യലിനെ വെച്ച് എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്? അദ്ദേഹമിപ്പോൾ നമ്പർ 9 ആയി മികച്ച ക്ലബ്ബിൽ തന്നെയാണ് കളിക്കുന്നത്. പുതിയ സ്ട്രൈക്കറെ കൊണ്ടുവന്നു ഡ്രസിങ് റൂമിലെ കെമിസ്ട്രി കളഞ്ഞു കുളിക്കുന്നതിനേക്കാൾ നല്ലത് ഒരു മുഴുവൻ സീസൺ നൽകി അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ പോലെ ചെയ്യാനാവുമോയെന്നു സ്ഥിരീകരിക്കുകയാണ് വേണ്ടത്.”
“പിന്നെ ഏതു സമയവും വലതുവിങ്ങിൽ നിന്നും ഏതു സമയവും നമ്പർ 9 ലേക്ക് മാറാവുന്ന മേസൺ ഗ്രീൻവുഡിന്റെ പരിവർത്തനവും കണക്കിലെടുക്കാമായിരുന്നു. മേസൺ ഒരു അപകടകാരിയായ കളിക്കാരനാണ്. ഞാൻ അവനെ ആദ്യം മുതലേ ശ്രദ്ധിക്കുന്നതാണ്. മികച്ച എന്തോ ഒന്ന് അവനിലുണ്ട്. ” ലുക്കാക്കു ടൈംസിനോട് അഭിപ്രായപ്പെട്ടു