സിദാന്റെ പരിശീലകസ്ഥാനം ഭീഷണിയിൽ, പകരക്കാരെ കണ്ടെത്തി റയൽ മാഡ്രിഡ്

റയൽ മാഡ്രിഡ് തുടർച്ചയായ മത്സരങ്ങളിൽ തോൽവി വഴങ്ങിക്കൊണ്ടിരിക്കെ പരിശീലകൻ സിദാന്റെ സ്ഥാനം ഭീഷണിയിലെന്നു റിപ്പോർട്ടുകൾ. സിദാനെ ഒഴിവാക്കുകയാണെങ്കിൽ പകരക്കാരനായി റയൽ മാഡ്രിഡ് ഇതിഹാസമായ റൗൾ, മുൻ ടോട്ടനം ഹോസ്പർ പരിശീലകനായ മൗറീസിയൊ പൊചെട്ടിനോ എന്നിവരിലൊരാളെ ടീമിലെത്തിക്കാനാണ് റയൽ മാഡ്രിഡിന്റെ പദ്ധതിയെന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിദാനെ ഒഴിവാക്കുകയാണെങ്കിൽ റൗളിനാണ് പെരസ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റയൽ യൂത്ത് ടീമായ കാസ്റ്റിയ്യയുടെ പരിശീലകനായ റൗൾ കഴിഞ്ഞ സീസണിൽ യുവേഫ യൂത്ത് ലീഗ് കിരീടം U19 ടീമിനു നേടിക്കൊടുത്തിരുന്നു. സിദാനെ പോലെ റയലിൽ പെട്ടെന്നു വിജയമാകാൻ റൗളിനും കഴിയുമെന്നാണ് റയൽ മാഡ്രിഡ് പ്രസിഡന്റിന്റെ ഉറച്ച വിശ്വാസം.

അതേസമയം റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം പലതവണ പ്രകടിപ്പിച്ചിട്ടുള്ള പരിശീലകനാണ് പൊചെട്ടിനോ. ടോട്ടനത്തെ പ്രീമിയർ ലീഗിന്റെ ഉയരങ്ങളിലെത്തിക്കാൻ നിർണായക പങ്കു വഹിക്കാൻ കഴിഞ്ഞ പരിശീലകനാണു പൊചെട്ടിനോയെങ്കിലും ഒരു കിരീടം പോലും ഇതുവരെ സ്വന്തമാക്കാൻ കഴിയാത്തത് അർജൻറീനിയൻ പരിശീലകനു മൈനസ് മാർക്കാണ്.

ശനിയാഴ്ച നടക്കാനിരിക്കുന്ന എൽ ക്ലാസികോ മത്സരം സിദാന്റെ പരിശീലക കരിയറിൽ അത്യന്തം നിർണായകമായിരിക്കും. ബാഴ്സയോട് തോൽവി വഴങ്ങിയാൽ അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കുന്നതിന് ഇടയാക്കിയേക്കാം. അതു കൊണ്ടു തന്നെ എൽ ക്ലാസികോയിൽ ശക്തമായ പോരാട്ടമാകും റയൽ കാഴ്ച വെക്കുക.

Rate this post