മെസിയുടെ ജന്മദിനത്തിൽ ബാഴ്സയുടെ രക്ഷകനായത് ആരാധകർക്കു പ്രിയങ്കരനല്ലാത്ത റാകിറ്റിച്ച്
മെസിയുടെ ജന്മദിനത്തിൽ ബാഴ്സയുടെ രക്ഷകനായത് ആരാധകർക്കു പ്രിയങ്കരനല്ലാത്ത റാകിറ്റിച്ച്
ബാഴ്സലോണ ആരാധകരിൽ ബഹുഭൂരിപക്ഷം പേർക്കും ഇപ്പോൾ അത്ര താൽപര്യമില്ലാത്ത കളിക്കാരനാണു ഇവാൻ റാകിറ്റിച്ച്. എന്നാൽ മെസിയുടെ പിറന്നാൾ ദിനത്തിൽ ബാഴ്സലോണയുടെ ഹീറോയായി അറ്റ്ലറ്റിക് ബിൽബാവോയുമായുള്ള മത്സരത്തിൽ വിജയഗോൾ നേടിയത് ക്രൊയേഷ്യൻ താരമാണ്. ഏകപക്ഷീയമായ ഒരു ഗോളിനു ബാഴ്സലോണ വിജയിച്ചപ്പോൾ എഴുപത്തിയൊന്നാം മിനുട്ടിലാണ് റാകിറ്റിച്ച് ടീമിന്റെ വിജയഗോൾ നേടിയത്. മെസി തന്നെയാണ് റാകിറ്റിച്ചിന്റെ ഗോളിന് അസിസ്റ്റ് നൽകിയതും.
ബാഴ്സക്കൊപ്പം നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിലും ക്ലബിന്റെ റിക്രൂട്ട്മെന്റ് പോളിസിയിൽ വന്ന ഒരു പുറകോട്ടു പോക്കായാണ് പല ആരാധകരും റാകിറ്റിച്ചിനെ കണക്കാക്കുന്നത്. ശരാശരി മികവുള്ള, വളരെ വേഗത കുറഞ്ഞ, ഒട്ടും ക്രിയേറ്റീവ് അല്ലാത്ത താരമായാണ് ക്രൊയേഷ്യൻ താരത്തെ വിലയിരുത്തുന്നത്. ഇതിൽ പല വിമർശനങ്ങളിലും കഴമ്പുണ്ടെങ്കിലും റാകിറ്റിച്ചിന്റെ മുഴുവൻ പ്രകടനം വിലയിരുത്തുമ്പോൾ അതിനെ താരം മറികടക്കുന്നുണ്ടെന്നു പറയാതിരിക്കാനാവില്ല. മൈതാനത്ത് ക്രൊയേഷ്യൻ താരം പുലർത്തുന്ന മനോഭാവമാണ് അദ്ദേഹത്തെ ഇപ്പോഴും ടീമിലെ അവിഭാജ്യ ഘടകമാക്കി നിലനിർത്തുന്നത്.
ഇന്നലത്തെ മത്സരത്തിൽ റാകിറ്റിച്ച് ഗോളിലേക്കുള്ള നീക്കം ആരംഭിക്കുക മാത്രമല്ല ചെയ്തത്. ബോക്സിന്റെ അരികിൽ വച്ച് പന്തു പിടിച്ചെടുത്ത താരം ഏറ്റവും മികച്ച പൊസിഷനിലേക്ക് റൺ നടത്തുകയും മെസിയുടെ റിട്ടേൺ പാസ് പിടിച്ചെടുത്ത് നിറയൊഴിക്കുകയും ചെയ്തു. ബാഴ്സലോണക്കു വേണ്ടി അൻപതാമത്തെ ഗോളായിരുന്നു താരം നേടിയത്. മെസി ബാഴ്സക്കു വേണ്ടി നൽകുന്ന 250ആമത്തെ അസിസ്റ്റ് കൂടിയായിരുന്നു അതെന്നത് വിജയത്തിൽ ബാഴ്സ ആരാധകർക്ക് ഇരട്ടി മധുരമായി.
മെസി മികച്ച പ്രകടനം കാഴ്ച വെച്ച മത്സരത്തിൽ സുവാരസിനും ഗ്രീസ്മനും ഗോളുകൾ നേടാൻ അവസരമുണ്ടായിരുന്നു. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ സുവാരസ് എൺപത്തിയഞ്ചു മിനുട്ടു കളിച്ചെങ്കിലും താരം മികവു കാണിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ ഒരു ടീമെന്ന നിലയിൽ പൊരുതിയ ബാഴ്സലോണ ഒടുവിൽ റാകിറ്റിച്ചിലൂടെ വിലപ്പെട്ട മൂന്നു പോയിന്റ് നേടിയെടുക്കുകയായിരുന്നു.
നിർണായക മത്സരത്തിൽ ഒരു ഗോൾ നേടിയതു കൊണ്ട് ബാഴ്സ ആരാധകർക്ക് റാകിറ്റിച്ചിനെ കുറിച്ചുള്ള അഭിപ്രായം മാറണമെന്നില്ലെന്നതു സത്യമാണ്. എന്നാൽ ഏറ്റവുമധികം ആരാധിക്കുന്ന താരത്തിന്റെ പിറന്നാൾ ദിവസം നടന്ന നിർണായക മത്സരത്തിൽ ബാഴ്സയുടെ രക്ഷകനാവാൻ അദ്ദേഹത്തിനു കഴിഞ്ഞു. താൽക്കാലികമായി ബാഴ്സയെ ഒന്നാമതെത്തിക്കാനും.