ആരാധകർക്ക് പ്രതീക്ഷ, ആർതർ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ബാഴ്സ നിഷേധിച്ചുവെന്നു റിപ്പോർട്ടുകൾ

ആരാധകർക്ക് പ്രതീക്ഷ, ആർതർ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ബാഴ്സ നിഷേധിച്ചുവെന്നു റിപ്പോർട്ടുകൾ

കഴിഞ്ഞ ദിവസം ബാഴ്സലോണ ആരാധകർക്കിടയിൽ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു ആർതർ മെലോയെ സ്വന്തമാക്കാൻ യുവന്റസ് ബാഴ്സയുമായി കരാറിലെത്തിയെന്നത്. കഴിഞ്ഞ കുറച്ചു കാലമായി ബാഴ്സയും യുവൻറസും തമ്മിൽ ഇരുപത്തിമൂന്നുകാരനായ ബ്രസീലിയൻ താരത്തിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. പകരം യുവന്റസിന്റെ ബോസ്നിയൻ താരം മിറാലം പ്യാനിച്ചിനെ സ്വന്തമാക്കാൻ ബാഴ്സക്കും താൽപര്യമുണ്ടായിരുന്നു. എന്നാൽ ആർതറിന് ബാഴ്സയിൽ തുടരാനാണു താൽപര്യമെന്നു വ്യക്തമാക്കിയതു കൊണ്ട് ട്രാൻസ്ഫർ നീക്കങ്ങൾ അധികം മുന്നോട്ടു പോയില്ല.

കഴിഞ്ഞ ദിവസം പ്രമുഖ കായികമാധ്യമമായ സ്കൈ സ്പോർട്സാണ് ആർതറിനെ സ്വന്തമാക്കാൻ യുവന്റസ് ബാഴ്സയുമായി കരാറിലെത്തിയെന്ന വാർത്ത പുറത്തു വിട്ടത്. താരത്തിനു യുവന്റസ് എൺപതു ദശലക്ഷം യൂറോ മൂല്യം കൽപിച്ചുവെന്നും സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ബാഴ്സലോണയിൽ തുടരാൻ വളരെയധികം ആഗ്രഹിക്കുന്ന സാവിയുടെയും ഇനിയേസ്റ്റയുടെയും പകരക്കാരനായി ആരാധകർ കണക്കാക്കുന്ന ആർതർ ടീം വിടാൻ സാധ്യതയുണ്ടെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ ക്ലബിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു.

എന്നാൽ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർടിവോയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ ആരാധകരുടെ ആശങ്കകളെ ഇല്ലാതാക്കുന്നതാണ്. ആർതർ യുവന്റസുമായി കരാറിലെത്തിയെന്ന അഭ്യൂഹങ്ങൾ ബാഴ്സ നിഷേധിച്ചുവെന്നാണ് സ്പാനിഷ് മാധ്യമം റിപ്പോർട്ടു ചെയ്യുന്നത്. ഇറ്റാലിയൻ ക്ലബുമായി യാതൊരു കരാറും നിലവിൽ വന്നിട്ടില്ലെന്നും ബാഴ്സലോണയിൽ തന്നെ തുടർന്ന് ക്ലബിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാനാണു ആർതറിനു താൽപര്യമെന്നും മുണ്ടോ ഡിപോർടീവോയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബാഴ്സലോണക്കൊപ്പമുള്ള ആദ്യ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും പിന്നീട് പരിക്കിനെ തുടർന്നും മറ്റും ഫോമിൽ ഇടിവു വന്ന ആർതറിന് ഇപ്പോൾ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇടം പിടിക്കാൻ കഴിയുന്നില്ല. ബ്രസീലിയൻ ക്ലബ് ഗ്രമിയോയിൽ നിന്നും ടീമിലെത്തിയ ഇരുപത്തിമൂന്നാം വയസിൽ തന്നെ എഴുപത്തിയൊന്നു മത്സരങ്ങൾ ബാഴ്സക്കു വേണ്ടി കളിച്ച് നാലു ഗോളുകൾ നേടിയിട്ടുണ്ട്. അപാരമായ പന്തടക്കമാണ് യുവന്റസ് പരിശീലകൻ സാറിക്ക് താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ടാക്കുന്നത്.

Rate this post