സീസൺ പുനരാരംഭിച്ചതിനു ശേഷം ലാലിഗയിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഒരേയൊരു ടീം ബാഴ്സലോണ

സീസൺ പുനരാരംഭിച്ചതിനു ശേഷം ലാലിഗയിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ഒരേയൊരു ടീം ബാഴ്സലോണ

ബാഴ്സലോണയുടെ നിലവിലെ പ്രകടനം ആരാധകർക്കിടയിൽ വലിയ രീതിയിൽ തന്നെ ചർച്ചാ വിഷയമാണ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തി ലാലിഗ കിരീടം നേടുകയും ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ വരെയെത്തുകയും ചെയ്ത ടീം പക്ഷേ ഇത്തവണ ആ മികവു കാണിക്കുന്നുണ്ടെന്നു പറയാനാകില്ല. സീസണിനിടയിൽ പരിശീലകൻ പുറത്താക്കപ്പെട്ടതും ക്ലബ് നേതൃത്വവും താരങ്ങളും തമ്മിലുള്ള പ്രശ്നങ്ങളും ടീമിന്റെ പ്രകടനത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. സീസൺ നിർത്തി വെക്കുമ്പോൾ രണ്ടു പോയിന്റിനു മുന്നിലായിരുന്ന ടീം മത്സരങ്ങൾ പുനരാരംഭിച്ചതിനു ശേഷം സെവിയ്യയുമായി നടന്ന മത്സരത്തിൽ സമനില വഴങ്ങിയതോടെ കിരീടം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്.

ബാഴ്സയുടെ മത്സരങ്ങൾ കാണുന്നവർക്ക് അവരുടെ മികവിനു കോട്ടം തട്ടിയിട്ടുണ്ടെന്നു വ്യക്തമായി മനസിലാകും. മുന്നേറ്റ നിരയും മധ്യനിരയുമാണ് ടീമിനെ പ്രധാനമായും പുറകോട്ടു വലിക്കുന്നത്. മധ്യനിരക്ക് സ്ഥിരതയില്ലായ്മയും ഫ്രാങ്കീ ഡി ജോംഗിന്റെ പരിക്കും പ്രശ്നമാകുമ്പോൾ മുന്നേറ്റനിരയിലെ താരങ്ങൾക്ക് ലഭിക്കുന്ന അവസരം പോലും ഗോളിലെത്തിക്കാൻ കഴിയുന്നില്ല. പരിക്കിൽ നിന്നും മോചിതനായി എത്തിയ സുവാരസിന്റെ ഫോമില്ലായ്മയും ഗ്രീസ്മന്റെ ഒത്തിണക്കമില്ലാത്ത പ്രകടനവും ടീമിനെ ബാധിച്ചിട്ടുണ്ട്. അതിനിടയിൽ ആശ്വസിക്കാനുള്ള വക നൽകുന്നത് പ്രതിരോധ നിരയാണ്.

സീസൺ പുനരാരംഭിച്ചതിനു ശേഷം നാലു റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സലോണ മാത്രമാണ് ഗോളുകൾ വഴങ്ങാത്ത ഒരേയൊരു ലാലിഗ ടീം. മയോർക്ക, ലെഗാനസ്, അറ്റ്ലറ്റിക് ക്ലബ് എന്നിവർക്കെതിരെ വിജയിച്ച ടീം സെവിയ്യക്കെതിരെ സമനില വഴങ്ങുകയായിരുന്നു. ഗോൾകീപ്പർ ടെർ സ്റ്റെഗന്റെ പ്രകടനമാണ് ഇക്കാര്യത്തിൽ നിർണായകമാകുന്നത്. സെവിയ്യക്കെതിരെ നിർണായക സേവുകളുമായി ജർമൻ ഗോൾകീപ്പർ കളം നിറഞ്ഞു കളിച്ചിരുന്നു. ഇതിനു പുറമേ ഫ്രഞ്ച് താരം ലെങ്ലറ്റും മികച്ച കളിയാണു കാഴ്ച വെക്കുന്നത്.

പ്രതിരോധത്തിൽ മികവു കാണിക്കുന്ന മറ്റൊരു ടീമായ അറ്റ്ലറ്റികോ മാഡ്രിഡ് ഒരു ഗോൾ മാത്രമാണ് ഇതുവരെ വഴങ്ങിയിരിക്കുന്നത്. സെൽറ്റ വിഗോയും ഒരു ഗോൾ മാത്രമാണു വഴങ്ങിയതെങ്കിലും നാലു മത്സരങ്ങളിൽ നിന്നും നാലു പോയിന്റാണു ടീം നേടിയിരിക്കുന്നത്. അതേ സമയം അറ്റ്ലറ്റികോ പത്തു പോയിന്റ് ഇത്രയും മത്സരങ്ങളിൽ നിന്നും സ്വന്തമാക്കി.

ഇന്നലെ അറ്റ്ലറ്റിക് ക്ലബിനെതിരായ മത്സരത്തിൽ വിജയം നേടിയതോടെ ബാഴ്സലോണ താൽക്കാലികമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ മയോർക്കക്കെതിരായ അടുത്ത മത്സരത്തിൽ വിജയം നേടിയാൽ തമ്മിൽ കളിച്ചപ്പോൾ നേടിയ വിജയത്തിന്റെ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡ് ബാഴ്സക്കു മുന്നിലെത്തും.

Rate this post