തിയാഗോ അൽകാൻട്ര ബയേൺ വിടുന്നു; നോട്ടമിട്ട് ലിവർപൂൾ, ബാഴ്സക്കും സ്വന്തമാക്കാൻ അവസരം

തിയാഗോ അൽകാൻട്ര ബയേൺ വിടുന്നു; നോട്ടമിട്ട് ലിവർപൂൾ, ബാഴ്സക്കും സ്വന്തമാക്കാൻ അവസരം

ബയേൺ മ്യൂണിക്കിന്റെ സ്പാനിഷ് മധ്യനിര താരമായ തിയാഗോ അൽകാൻട്ര ഈ സീസണു ശേഷം ജർമൻ ക്ലബ് വിടുമെന്നു റിപ്പോർട്ടുകൾ. ജർമൻ മാധ്യമമായ ബിൽഡിനെ അധികരിച്ച് ഡെയ്ലി മെയിലാണ് ഇരുപത്തിയൊൻപതുകാരനായ താരം ബയേൺ വിടുന്ന കാര്യം റിപ്പോർട്ടു ചെയ്തത്.

ജർമൻ ക്ലബും തിയാഗോയും തമ്മിലുള്ള കരാർ അടുത്ത വർഷത്തോടെ അവസാനിക്കാൻ ഇരിക്കുകയാണ്. കരാർ പുതുക്കാൻ ബയേൺ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും താരത്തിനതിൽ താൽപര്യമില്ലെന്നാണു റിപ്പോർട്ടുകൾ. ജർമനിക്കു പുറത്തുള്ള ലീഗിൽ കളിക്കാനാണു താരത്തിന് ആഗ്രഹമെന്ന് ജർമൻ മാധ്യമം പറയുന്നു.

പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളാണ് താരത്തെ സ്വന്തമാക്കാൻ മുൻനിരയിലുള്ളത്. പരിശീലകൻ യർഗൻ ക്ലോപ്പിന് വളരെയധികം താൽപര്യമുള്ള കളിക്കാരനാണ് തിയാഗോ. സ്പാനിഷ് താരം ബയേൺ വിടാൻ തീരുമാനിക്കുകയാണെങ്കിൽ ലിവർപൂൾ ഓഫർ നൽകിയേക്കും.

അതേ സമയം ബാഴ്സലോണക്കും താരത്തെ സ്വന്തമാക്കാൻ അവസരമുണ്ട്. ലാ മാസിയ താരമായിരുന്ന തിയാഗോ ബാഴ്സയിൽ നിന്നാണ് ബയേണിലേക്കു ചേക്കേറിയത്. ബയേൺ താരത്തെ വിൽക്കുമ്പോൾ ആദ്യം സ്വന്തമാക്കാനുള്ള അവകാശം ബാഴ്സക്കാണെന്ന് ഉടമ്പടിയുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ താരത്തെ കറ്റലൻ ക്ലബ് വാങ്ങാനുള്ള സാധ്യത കുറവാണ്.

Rate this post