റൊണാൾഡോയുടെ നേതൃഗുണം റയൽ മാഡ്രിഡ് മിസ് ചെയ്യുന്നുവെന്ന് മോഡ്രിച്ച്
റൊണാൾഡോയുടെ നേതൃഗുണം റയൽ മാഡ്രിഡ് മിസ് ചെയ്യുന്നുവെന്ന് മോഡ്രിച്ച്
കളിക്കളത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ നേതൃഗുണവും ടീമിനെ മുന്നോട്ടു കൊണ്ടു പോകാനുള്ള ശേഷിയും റയൽ മാഡ്രിഡ് മിസ് ചെയ്യുന്നുവെന്ന് ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്. ഒൻപതു വർഷത്തെ കരിയറിൽ അനവധി കിരീടങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ രണ്ടു സീസണുകൾക്കു മുൻപാണ് റയൽ മാഡ്രിഡ് വിടുന്നത്. അതിനു ശേഷം റയലിനുണ്ടായിരുന്ന ആധിപത്യത്തിന് ഇടിവു സംഭവിച്ചിരുന്നു. ലാ ഗസറ്റ ഡെല്ലാ സ്പോർട്സിനോടു സംസാരിക്കുമ്പോഴാണ് മോഡ്രിച്ച് ഇതിനെക്കുറിച്ചു സംസാരിച്ചത്.
“ലോകത്തിലെ ഏറ്റവും മികച്ച താരമാണു റൊണാൾഡോ. അദ്ദേഹത്തിന്റെ ഗോളുകളും സ്വഭാവഗുണവും റയൽ മാഡ്രിഡിനു മിസ് ചെയ്യുന്നുണ്ട്. ഞങ്ങളെ പ്രചോദിപ്പിക്കാനും പ്രതികരണമുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ റൊണാൾഡോ നമ്പർ ടെൻ ആണ്. നല്ല മനസിനുടമയായ അദ്ദേഹം ആവശ്യമുള്ളവർക്ക് സഹായം നൽകുകയും ചെയ്യുന്നു.” മോഡ്രിച്ച് പറഞ്ഞു.
റയൽ മാഡ്രിഡിലെ ഭാവിയെക്കുറിച്ചും മോഡ്രിച്ച് സംസാരിച്ചു. “രണ്ടു വർഷങ്ങൾ കൂടി മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. റയലിൽ തന്നെ കരിയർ അവസാനിപ്പിക്കണമെന്നാണു ആഗ്രഹമെങ്കിലും അതു ക്ലബിന്റെ നിലപാടു കൂടി അടിസ്ഥാനമാക്കിയിരിക്കും. ഫുട്ബോൾ കരിയറിനു ശേഷം പരിശീലകനായി വരാനും എനിക്കു താൽപര്യമുണ്ട്.”