ലാലിഗയിലെ ഒന്നാം സ്ഥാനം റയൽ മാഡ്രിഡ് സ്വന്തമാക്കിയതിനു പിന്നിലെ ഏഴു കാരണങ്ങൾ
കൊറോണ വൈറസ് മൂലം സീസൺ താൽക്കാലികമായി നിർത്തി വച്ച സമയത്ത് നിരാശയായിരുന്നു റയൽ മാഡ്രിഡ് ടീമിനും ആരാധകർക്കും ഉണ്ടായിരുന്നത്. ബാഴ്സലോണക്കെതിരായ വിജയത്തിലൂടെ നേടിയെടുത്ത ഒന്നാം സ്ഥാനം റയൽ ബെറ്റിസിനെതിരെ അടിയറവു വച്ച് രണ്ടാം സ്ഥാനത്തേക്കു വീണപ്പോഴാണ് സീസൺ നിർത്തിവെച്ചത്. എന്നാൽ സിസൺ പുനരാരംഭിച്ചപ്പോൾ തകർപ്പൻ ഫോമിലാണു റയൽ കളിക്കുന്നത്. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച് ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ അവർക്കു കഴിഞ്ഞു. നിർണായക സമയത്തു വേണ്ട ആത്മവിശ്വാസമുൾപ്പെടെ നിരവധി ഘടകങ്ങൾ റയലിന്റെ ഈ തിരിച്ചു വരവിനു കാരണമായിട്ടുണ്ട്.
മത്സരബുദ്ധിയിലുള്ള മുൻതൂക്കം
ലോക്ക്ഡൗൺ സമയത്ത് റയൽ മാഡ്രിഡ് ടീമിനു നൽകിയ കായികപരിശീലനം വളരെ കൃത്യമായിരുന്നു എന്നതാണ് അവരുടെ ഇപ്പോഴത്തെ മികവു തെളിയിക്കുന്നത്. ഫിറ്റ്നസ് പരിശീലകൻ ഗ്രിഗറി ഡുപോണ്ടാണ് ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നത്. ഐബാറുമായുള്ള മത്സരത്തിന്റെ രണ്ടാം പകുതിയിലെ ചില സമയം ഒഴിച്ചു നിർത്തിയാൽ എല്ലാ ടീമുകൾക്കെതിരെയും കൃത്യമായ മേധാവിത്വം റയൽ പുലർത്തിയിരുന്നു.
സിദാന്റെ പരിശീലന മികവ്
ലെവന്റെ, റയൽ ബെറ്റിസ് എന്നിവർക്ക് എതിരെയുള്ള മത്സരങ്ങളിലെ തോൽവി റയലിനെ ബാധിച്ചെങ്കിലും അതിൽ നിന്നും ടീം പൂർണമായും മുക്തമായെന്നാണ് ഇപ്പോഴത്തെ പ്രകടനം തെളിയിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ ഉത്തേജിപ്പിക്കാൻ കഴിയുന്ന സിദാനെപ്പോലൊരു പരിശീലകന്റെ സാന്നിധ്യം ഇതിൽ തെളിഞ്ഞു നിൽക്കുന്നു.
കെട്ടുറപ്പും കാര്യക്ഷമതയുമുള്ള ടീം
ഇക്കാലയളവിൽ ടീം നേടിയെടുത്ത കെട്ടുറപ്പ് പ്രത്യേകം എടുത്തു പറയേണ്ടത്. വിജയം എന്ന ലക്ഷ്യത്തോടെയാണ് ടീമംഗങ്ങൾ ഒരുമിച്ചു പൊരുതുന്നത്. പ്രതിരോധനിര മുതൽ ആക്രമണം വരെ മികച്ച പ്രകടനം നടത്തുന്നു. മൂന്നു മത്സരങ്ങളിൽ നിന്നും എട്ടു ഗോളാണ് റയൽ നേടിയത്.
ഹസാർഡിന്റെയും അസെൻസിയോയുടേയും തിരിച്ചു വരവ്
പരിക്കേറ്റു പുറത്തായിരുന്ന സൂപ്പർതാരം ഹസാർഡിന്റെയും അസെൻസിയോയുടേയും തിരിച്ചു വരവ് റയലിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. തിരിച്ചു വരവിലെ ആദ്യ മത്സരത്തിൽ തന്നെ അസെൻസിയോ ഒരു ഗോളും അസിസ്റ്റുമാണു നേടിയത്.
ബെൻസിമയുടെ ഗോളടിമികവ്
റയലിന്റെ മുന്നേറ്റനിരയിൽ സ്ഥിര സാന്നിധ്യമായും സിദാന്റെ വിശ്വസ്തനായും താൻ തുടരുന്നത് എന്തു കൊണ്ടാണെന്ന് ഫ്രഞ്ച് താരം തന്റെ ബൂട്ടുകൾ കൊണ്ടു തെളിയിക്കുന്നുണ്ട്. നിർണായക ഘട്ടങ്ങളിൽ മികവു പുറത്തെടുക്കുന്ന താരം ഏതു ടീമും ആഗ്രഹിക്കുന്ന തരത്തിലുള്ള നമ്പർ 9 കളിക്കാരൻ തന്നെയാണ്.
സ്ക്വാഡ് മാനേജ്മെന്റ്
നിരന്തരം മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ടീമംഗങ്ങളെ കൃത്യമായി ഉപയോഗിക്കാനും അവരിൽ നിന്നും മികച്ച പ്രകടനം പുറത്തെടുപ്പിക്കാനും സിദാനു കഴിയുന്നുണ്ട്. റയൽ സോസിഡാഡിനെതിരായ നിർണായക മത്സരത്തിൽ ഇഡൻ ഹസാർഡിനെ കളത്തിലിറക്കിയിട്ടില്ലെന്നത് ഇതിന്റെ കൃത്യമായ ഉദാഹരണമാണ്.
പുതിയ മൈതാനവുമായി ഇണങ്ങിച്ചേരൽ
സാന്റിയാഗോ ബെർണബുവിൽ പുനർ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ ആൽഫ്രഡോ ഡി സ്റ്റെഫാനോം സ്റ്റേഡിയത്തിലേക്കു മാറാനുള്ള തീരുമാനം റയലിനു തിരിച്ചടി ആകുമെന്നാണു കരുതിയിരുന്നത്. എന്നാൽ വളരെ പെട്ടെന്നു തന്നെ പുതിയ സ്റ്റേഡിയവുമായി റയൽ ഇണങ്ങിച്ചേർന്നു.