ഏതൊരു കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ആരംഭിക്കുമ്പോഴും കിരീടത്തിനു കൂടുതൽ സാധ്യത കൽപ്പിക്കുന്ന രാജ്യങ്ങളാണ് ബ്രസീലും അർജന്റീനയും . കോപ്പ അമേരിക്കയുടെ 42 മത്തെ പതിപ്പ് 2007 ൽ വെനിസ്വേലയിൽ അരങ്ങേറുമ്പോൾ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത് അര്ജന്റീനക്കായിരുന്നു. സൂപ്പർ താരങ്ങളുടെ ഒരു നിര തന്നെ അർജന്റീനിയൻ ടീമിൽ അണിനിരന്നിരുന്നു. ക്രെസ്പോ, അയ്മർ ,അയാള ,വെറോൺ, ടെവസ് ,സനേറ്റി ,റിക്വെൽമെ, മസ്ചെറാനോ ,ഹൈൻസെ എന്നിവർക്കൊപ്പം ലോക ഫുട്ബോളിൽ തന്റെ വരവറിയിച്ചു ബാഴ്സലോണയുടെ 20 കാരൻ ലയണൽ മെസ്സിയും കൂടി ചേർന്ന വമ്പൻ ടീമുമായാണ് അര്ജന്റീന എത്തിയത്.
മറുവശത്ത് ബ്രസീലാവട്ടെ സൂപ്പർ താരങ്ങളായ റൊണാൾഡോ ,റൊണാൾഡീഞ്ഞോ, കാക, അഡ്രിയാനോ തുടങ്ങിയ പ്രധാന താരങ്ങൾക്ക് വിശ്രമം കൊടുത്ത് രണ്ടാം നിര ടീമിനെയാണ് ചാംപ്യൻഷിപ്പിനയച്ചത്. റയൽ മാഡ്രിഡ് താരം റോബിഞ്ഞോ മാത്രമായിരുന്നു ടീമിൽ എടുത്തു പറയേണ്ട താരം. 2004 ൽ സൂപ്പർ താരങ്ങൾ അടങ്ങിയ അർജന്റീനയെ അഡ്രിയയാനോയുടെ മികവിൽ ഫൈനലിൽ പരാജയപ്പെടുത്തിയ ബ്രസീൽ അതികം പ്രതീക്ഷകൾ ഇല്ലാതെയാണ് 2007 വന്നത്.എന്നാൽ അര്ജന്റീനയാവട്ടെ 2004 ൽ നഷ്ടപെട്ടത് കിരീടം എന്ത് വില കൊടുത്തും തിരിച്ചു പിടിക്കാൻ തന്നെയാണ് 2007 ൽ എത്തിയത്.പക്ഷെ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കഴിഞ്ഞപ്പോൾ പ്രതീക്ഷകൾ മാറി മറിയുന്ന കാഴ്ചയാണ് കണ്ടത്.
മെക്സിക്കോ, ഇക്വഡോർ,ചിലി എന്നിവർക്കൊപ്പം ഗ്രൂപ് ബിയിലായിരുന്നു ബ്രസീലിന്റെ സ്ഥാനം. എന്നാൽ ആദ്യ മത്സരത്തിൽ മെക്സിക്കോയെ നേരിട്ട ബ്രസീൽ രണ്ടു ഗോളിന്റെ തോൽവി വഴങ്ങി. ആദ്യ പകുതിയിൽ കാസ്റ്റില്ലോയും. മൊറാലെസും നേടിയ ഗോളുകൾക്കാണ് മെക്സിക്കോ വിജയിച്ചത് . ക്വാർട്ടറിൽ സ്ഥാനം ലഭിക്കുവാൻ ഇനിയുള്ള മത്സരം ജയിക്കണമെന്ന അവസ്ഥയിലാണ് രണ്ടാം മത്സരത്തിൽ ചിലിയെ നേരിട്ടത്. ഫോമിലേക്കുയർന്ന ബ്രസീൽ റോബീഞ്ഞോയുടെ തകർപ്പൻ ഹാട്രിക്കിന്റെ പിൻബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. അവസാന മത്സരത്തിൽ റോബീഞ്ഞോയുടെ പെനാൽറ്റി ഗോളിൽ ഇക്വഡോറിനെ തകർത്തു വിട്ട് മെക്സികോക്ക് പിന്നിൽ രണ്ടാമതായി ക്വാർട്ടറിൽ സ്ഥാനം പിടിച്ചു.
അമേരിക്ക,കൊളംബിയ,പരാഗ്വേ എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലായിരുന്നു അർജന്റീനയുടെ സ്ഥാനം. അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു കൊണ്ടാണ് ശക്തരായ അര്ജന്റീന ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്.ക്രെസ്പോ രണ്ടും ഐമർ ,ടെവസ് എന്നിവർ ഓരോ ഗോളും നേടി. രണ്ടാം മത്സരത്തിൽ കൊളംബിയക്കെതിരെയും അവർ നാല് ഗോളുകൾ നേടി.റിക്വെൽമെ രണ്ടും ഡീഗോ മിലിറ്റോ, ക്രെസ്പോ എന്നിവർ ഓരോ ഗോൾ നേടിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം . മൂന്നാമത്തെ മത്സരത്തിൽ പരാഗ്വേയെ മസ്ക്കരാനോയുടെ ഒരു ഗോളിൽ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ കടന്നു.
ഗ്രൂപ്പ് ഗെയിമിലെ ആവർത്തനം എന്ന പോലെ ക്വാർട്ടറിൽ ബ്രസീലിനു ചിലി നേരിടേണ്ടി വന്നു. മുൻ മത്സരങ്ങളെ അപേക്ഷിച്ച് ബ്രസീലിന്റെ യുവ നിര വിശ്വ രൂപം പുറത്തെടുത്തപ്പോൾ ആറു ഗോളുകളാണ് ചിലിയൻ വലയിൽ കയറിയത്. ബ്രസീലിനു വേണ്ടി റോബിഞ്ഞോ രണ്ടു ഗോളുകൾ നേടി .താരത്തിന്റെ ചാമ്പ്യൻഷിപ്പിലെ ആറാമത്തെ ഗോളായിരുന്നു ഇത്. ജുവാൻ, ബാപ്റ്റിസ്റ്റ, ജോസു, വോഗ്നർ ലവ് എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ നേടിയത്. അര്ജന്റീനക്കാവട്ടെ പെറുവായിരുന്നു ക്വാർട്ടറിൽ എതിരാളികൾ. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം .മത്സരത്തിന്റെ 61 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ആദ്യ കോപ്പ അമേരിക്ക ഗോൾ പിറന്നു. റിക്വെൽമെ രണ്ടും മസ്ചെറാനോ ഒരു ഗോളും നേടി. റിക്വെൽമെയുടെ ചാമ്പ്യൻഷിപ്പിലെ നാലാമത്തെ ഗോളായിരുന്നു ഇത്.
സെമിയിൽ ബ്രസീൽ നേരിട്ടത് ഫോർലാന്റെ നേതൃത്വത്തിലുള്ള ഉറുഗ്വേയായിരുന്നു. 13 ആം മിനുട്ടിൽ ഇന്റർ മിലാൻ റൈറ്റ് ബാക്ക് മൈകോണിന്റെ ഗോളിൽ ബ്രസീൽ മുന്നിലെത്തി എന്നാൽ 36 ആം മിനുട്ടിൽ ഫോർലാൻ ഉറുഗ്വേയെ ഒപ്പമെത്തിച്ചു. അഞ്ചു മിനുട്ടിനു ശേഷം ബാപ്സ്റ്റിസ്റ്റ ബ്രസീലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ സെബാസ്റ്റ്യൻ അബ്രെയ് ഉറുഗ്വേക്ക് സമനില നേടിക്കൊടുത്തു. നിശ്ചിത സമയത്ത് ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. ഡീഗോ ലുഗാനോയുടെ അവസാന കിക്ക് തടുത്തിട്ട് ഗോൾ കീപ്പർ ഡോണി ബ്രസീലിനെ ഫൈനലിൽ എത്തിച്ചു.
രണ്ടാം സെമിയിൽ അർജന്റീനക്ക് നേരിടേണ്ടി വന്നത് പരാഗ്വേയെ ആറു ഗോളുകൾക്ക് തകർത്തു വിട്ട മെക്സിക്കോയായിരുന്നു. മികച്ച ഫോമിലുള്ള മെക്സിക്കോ അർജന്റീനക്ക് കനത്ത വെല്ലുവിളി ഉയർത്തി. 45 ആം മിനുട്ടിൽ റിക്വെൽമെയുടെ തന്ത്രപരമായ ഫ്രീകിക്കിൽ നിന്നും ഹൈൻസ് അർജന്റീനയെ ഒപ്പമെത്തിച്ചു. 61 ആം മിനുറ്റിൽ ചാമ്പ്യൻഷിപ്പിലെ തന്നെ ഏറ്റവും മികച്ച ഗോൾ മെസ്സിയുടെ കാലിൽ നിന്നും പിറന്നു. മധ്യ നിരയിൽ നിന്നും റിക്വെൽമെയുടെ പാസ് സ്വീകരിച്ച മെസ്സി ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കി. നാല് മിനുട്ടിനു ശേഷം റിക്വെൽമെയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അദ്ദേഹം തന്നെ വലയിലാക്കി അർജന്റീനയുടെ വിജയമുറപ്പിച്ചു.
2004 ഫൈനലിലെ തോൽവിക്ക് കണക്കു വീട്ടാൻ കാത്തിരുന്ന അർജന്റീനക്ക് മുന്നിൽ ബ്രസീൽ എത്തി. വമ്പൻ താരങ്ങൾ അടങ്ങിയ അർജന്റീനക്ക് തന്നെയായിടുന്നു മത്സരത്തിൽ മുൻതൂക്കം കല്പിച്ചിരുന്നത്. എന്നാൽ മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ അർജന്റീനയെ ഞെട്ടിച്ചു കൊണ്ട് ബ്രസീലിന്റെ യുവ നിര മുന്നിലെത്തി. 50 യാർഡ് അകലെ നിന്നും മിഡ്ഫീൽഡർ എലാനോ കൊടുത്ത പാസ് മനോഹരമായി കണക്ട് ചെയ്ത ബാപ്റ്റിസ്റ്റ രണ്ടു ഡിഫെൻഡർമാർക്കിടയിലൂടെ മനോഹരമായി വലയിലെത്തിച്ചു. താരത്തിന്റെ ചാമ്പ്യൻഷിപ്പിലെ മൂന്നാമത്തെ ഗോളായിരുന്നു ഇത്.
ഗോൾ നേടിയതോടെ പരിശീലകൻ ഡുംഗ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തി. എന്നാൽ 32 ആം മിനുട്ടിൽ ബ്രസീലിയൻ മിഡ്ഫീൽഡിനെ നിയന്ത്രിച്ച എലാനോ പരിക്കേറ്റ് പുറത്തായത് ബ്രസീലിനു തിരിച്ചടിയായി. എലാനോക്ക് പകരം എത്തിയത് ഡാനി ആൽവസായിരുന്നു. സമനില ഗോൾ നേടുന്നതിന്റെ അടുത്തെത്തി അര്ജന്റീന , റിക്വെൽമെയുടെ ബോക്സിനു പുറത്തു നിന്നുള്ള മനോഹരമായ ഇടം കാൽ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. എന്നാൽ 39 ആം മിനുട്ടിൽ ബ്രസീൽ ലീഡുയർത്തി. പകരക്കാരനായി ഇറങ്ങിയ സെവിയ്യ താരം ഡാനിയൽ ആൽവസിന്റെ ക്രോസ് ക്ലിയർ ചെയ്യുന്നതിനിടയിൽ സ്ലൈഡുചെയ്യുമ്പോൾ റോബർട്ടോ അയാല സ്വന്തം വലയിലേക്ക് പന്ത് അടിച്ചു കയറ്റി.
രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ അര്ജന്റീന ശ്രമം തുടർന്ന് കൊണ്ടേയിരുന്നു. എന്നാൽ 69 ആം മിനുട്ടിൽ റോബിഞ്ഞോ തുടങ്ങി വെച്ച കൌണ്ടർ അറ്റാക്കിൽ നിന്നും ബ്രസീൽ ഗോൾ പട്ടിക തികച്ചു. റോബിഞ്ഞോയിൽ നിന്നും ബോൾ സ്വീകരിച്ച് പന്തുമായി ഒറ്റക്ക് കുതിച്ച വാഗ്നർ ലവ് ഡിഫെൻഡർമാരെ വെട്ടിച്ച് വലതു വിങ്ങിലുള്ള ഡാനി ആൽവാസിന് കൈമാറുകയും മികച്ചൊരു ഫിനിഷിംഗിലൂടെ കീപ്പർ മറികടന്ന് വലയിലാക്കി. പിന്നീട അര്ജന്റീന മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞ ബ്രസീൽ തുടർടച്ചായ രണ്ടാം കിരീടം ഉറപ്പിച്ചു.
ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ പ്രതീക്ഷയുടെ അമിത ഭാരവുമായി വന്ന അര്ജന്റീന സൂപ്പർ താരങ്ങൾ തലകുനിച്ചു നിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. തുടർച്ചയായ രണ്ടാം കോപ്പയിലും ബ്രസീലിന്റ യുവ നിരയോട് പരാജയപെടാനായിരുന്നു വിധി. ഫൈനലിൽ ബ്രസീലിനെ അനായാസം കീഴടക്കാം എന്ന മുൻ വിധിയാണ് അർജന്റീനക്ക് വിനയായി മാറിയയ്ത്. ചാമ്പ്യൻഷിപ്പിലെ മികച്ച താരമായും ടോപ് സ്കോററും ബ്രസീലിയ താരം റോബിഞ്ഞോ ആയിരുന്നു. മികച്ച ഗോളായി മെസ്സി മെക്സിക്കോക്കെതിരെ നേടിയ ഗോൾ തിരഞ്ഞെടുത്തു.