2021 കോപ്പ അർജന്റീനക്ക് നേടാനാവുമെന്ന പ്രതീക്ഷയിൽ മെസ്സി, അർജന്റീന ടീമിലുള്ള താരത്തിന്റെ വിശ്വാസം വർധിക്കുന്നു !

ഒട്ടുമിക്ക ബഹുമതികളും റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ച ലയണൽ മെസ്സിയുടെ കരിയറിൽ ഒരു കറുത്ത പാടായി അവശേഷിക്കുന്നത് ദേശീയ ടീമായ അർജന്റീനയുടെ കിരീടവരൾച്ച തന്നെയാണ്. 2005-ൽ അർജന്റീന ടീമിനൊപ്പം അണ്ടർ 20 വേൾഡ് കപ്പും 2008-ൽ ഒളിമ്പിക്സ് ഗോൾഡ് മെഡലും നേടിയത് ഒഴിച്ചാൽ ഒരു കിരീടം പോലും മെസ്സിക്ക് നീലജേഴ്സിയിൽ നേടാനായിട്ടില്ല. മാത്രമല്ല പലകുറി കിരീടത്തിന്റെ പടിവാതിൽക്കൽ വീണുപോവുകയും ചെയ്തു.

എന്നാൽ ഇപ്രാവശ്യം അങ്ങനെ സംഭവിക്കില്ല എന്നാണ് ലയണൽ മെസ്സി അടിയുറച്ചു വിശ്വസിക്കുന്നത്. നിലവിലെ അർജന്റീന ടീമിലുള്ള മെസ്സിയുടെ ആത്മവിശ്വാസം വർധിച്ചതയാണ് പുതിയ കണ്ടെത്തലുകൾ. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ആണ് ഈ കാര്യം പുറത്തേക്കുവിട്ടിട്ടുള്ളത്. അതായത് 2021 നടക്കുന്ന കോപ്പ അമേരിക്ക കിരീടം അർജന്റീനക്ക് നേടാൻ കഴിയുമെന്ന് മെസ്സി അടിയുറച്ചു വിശ്വസിക്കുന്നുണ്ട് എന്നാണ് ഗോൾ ഡോട്ട് കോമിന്റെ കണ്ടെത്തൽ. നിലവിലെ പരിശീലകനിലും യുവതാരങ്ങളിലും മെസ്സി വിശ്വാസം അർപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

2021-ൽ അർജന്റീനയിലും കൊളംബിയയിലുമായിട്ടാണ് കോപ്പ അമേരിക്ക നടക്കുന്നത്. സ്വന്തം നാട്ടിൽ നടക്കുന്നത് തങ്ങൾക്ക് അനുകൂലഘടകമാവുമെന്നാണ് മെസ്സിയുടെ കണക്കുകൂട്ടലുകൾ. ജൂൺ പതിനൊന്നു മുതൽ ജൂലൈ പത്ത് വരെയാണ് കോപ്പ അമേരിക്ക നടക്കുക. ലയണൽ സ്കലോണി പരിശീലകനായ ശേഷം നിരവധി യുവതാരങ്ങൾ അർജന്റീനയിൽ ഉദയം ചെയ്തിരുന്നു. ലോ സെൽസോ, പരേഡസ്, ലൗറ്ററോ മാർട്ടിനെസ്, ഡി പോൾ എന്നിവരുടെ വരവൊക്കേ മെസ്സിക്ക് സംതൃപ്തി നൽകിയ ഒന്നാണ്.

കഴിഞ്ഞ കോപ്പ അമേരിക്കയിൽ സെമിയിൽ ബ്രസീലിനോട് അടിയറവ് പറഞ്ഞു കൊണ്ട് പുറത്തു പോവാനായിരുന്നു അർജന്റീനയുടെ വിധി. പക്ഷെ അന്ന് തന്നെ മെസ്സി അർജന്റീനയുടെ യുവനിരയെ അഭിനന്ദിച്ചിരുന്നു. ഈ ടീമിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ട് എന്നായിരുന്നു അദ്ദേഹം കുറിച്ചിരുന്നത്. തുടർന്ന് മെസ്സി ഇതുവരെ നടത്തിയ അഭിമുഖങ്ങളിൽ എല്ലാം പുതിയ അർജന്റീന ടീമിനെ കുറിച്ചുള്ള പ്രതീക്ഷകൾ മെസ്സി പങ്കുവെക്കാറുണ്ട്. ചുരുക്കത്തിൽ ഈ വരുന്ന കോപ്പ അമേരിക്ക ജേതാക്കളാവാൻ അർജന്റീനക്ക് ശേഷിയുണ്ട് എന്നാണ് മെസ്സിയുടെ വിശ്വാസം. അത്‌ പുലരുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

Rate this post