2021 ലെ ഏറ്റവും മികച്ച താരം ആരാണ് ? “മെസ്സി / റൊണാൾഡോ / ലെവൻഡോസ്‌കി

2021 ൽ ഫുട്ബോൾ ലോകത്ത് വലിയ സംഭവ വികാസങ്ങൾ നടന്ന വർഷമായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോഡിലേക്ക് മടങ്ങിയപ്പോൾ ലയണൽ മെസ്സി കണ്ണീരോടെ ബാഴ്‌സലോണ വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ചേക്കേറിയതും. ഇറ്റലി യൂറോ 2020 കിരീടം നേടിയതും 28 വർഷത്തിന്റെ കാത്തിരിപ്പിന് ശേഷം അര്ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതുമെല്ലാം 2021 നെ കൂടുതൽ മികവുറ്റതാക്കി. കഴിഞ്ഞ മാസം ലയണൽ മെസ്സി തന്റെ റെക്കോർഡ് ഏഴാം ബലൂൺ ഡി ഓർ നേടുകയും ചെയ്തു. എന്നാൽ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2021 ലെ ഏറ്റവും മികച്ച അഞ്ചു താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

എർലിംഗ് ഹാലൻഡ് (ബൊറൂസിയ ഡോർട്മണ്ട്) : – ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറുടെ കൂട്ടത്തിലാണ് നോർവീജിയൻ താരം ഏർലിങ് ഹാലാൻഡിന്റെ സ്ഥാനം.21 കാരനായ നോർവീജിയൻ തന്റെ കരിയറിൽ ഇതുവരെ ഒരു വലിയ ട്രോഫിയും നേടിയിട്ടില്ല എങ്കിലും കഴിഞ്ഞ വർഷം അദ്ദേഹം കാണിച്ച ഗോൾ സ്കോറിംഗ് വൈദഗ്ധ്യവും വലയ്ക്ക് മുന്നിൽ യുവ താരത്തിന്റെ മഹത്വം മനസ്സിലാക്കാൻ സാധിക്കും.ഒരു മത്സരത്തിന് ശരാശരി ഒരു ഗോൾ എന്ന നിലയിൽ കഴിഞ്ഞ സീസൺ താരം അവസാനിപ്പിച്ചത്.2021-22 ൽ ഹാലാൻഡ് ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട് .

മുഹമ്മദ് സലാഹ് (ലിവർപൂൾ) :-“ദി ഫറവോൻ” എന്ന് വിളിപ്പേരുള്ള മുഹമ്മദ് സലാ, ലിവർപൂൾ ആരാധകരുടെയും ഫുട്ബോൾ പ്രേമികളുടെയും ഹൃദയങ്ങളെയും മനസ്സിനെയും ഒരുപോലെ ഭരിച്ചു കൊണ്ടിരിക്കുകയാണ്.2021 സലയെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു.ഗോളടിക്കുന്നതോടൊപ്പം ഗോൾ അവസരം ഒരുക്കുന്നതിലും താരം മിടുക്ക് കാണിക്കുന്നുണ്ട്.2020-21ൽ വിസ്മയിപ്പിക്കുന്ന 31 ഗോളുകൾ നേടിയ ശേഷം ഈ സീസണിൽ ഇതിനകം 22 തവണ വലകുലുക്കി.തുടർച്ചയായി നാല് സീസണുകളിൽ എല്ലാ മത്സരങ്ങളിലും 20-ലധികം ഗോളുകൾ നേടുന്ന അഞ്ചാമത്തെ ലിവർപൂൾ കളിക്കാരനായി സലാ മാറുകയും ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്) : -ഗോൾഡൻ ബൂട്ട് നേടുന്നതിനുള്ള യാത്രയിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഒരു കൂട്ടം റെക്കോർഡുകൾ തകർത്താണ് റൊണാൾഡോ ഈ വർഷം ആരംഭിച്ചത്. പിന്നീട് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ ഇറാൻ താരം അലി ദേയിയെ CR7 മറികടന്നു. ഓഗസ്റ്റിൽ റൊണാൾഡോ തന്റെ ആദ്യ കാല ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുകയും ചെയ്തു. യുണൈറ്റഡിലേക്ക് മാറിയെങ്കിലും ഗോൾ സ്കോറിങ്ങിനു ഒരു കുറവും താരം വരുത്തിയിട്ടില്ല . യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഉൾപ്പെടെ 13 ഗോളുകൾ ഇതിനകം അടിച്ചുകൂട്ടിയിട്ടുണ്ട്. 2021 ൽ 17 മത്സരങ്ങളിൽ റൊണാൾഡോ മാച്ച് വിന്നിങ് ഗോൾ നേടിയിട്ടുണ്ട്.

റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്ക്) :-ഏറെകാലം റൊണാൾഡോ, മെസ്സി തുടങ്ങിയവരുടെ നിഴലിലായിരുന്നു ലെവെൻഡോസ്‌കി.എന്നാൽ കഴിഞ്ഞ കുറച്ചു സീസണുകളിലായി അവരെക്കാൾ മുകളിലുള്ള പ്രകടനമാണ് പോളിഷ് സ്‌ട്രൈക്കർ പുറത്തെടുത്തത്.33-കാരനെ യൂറോപ്യൻ ഫുട്ബോൾ ഓഫ് ദി ഇയർ, ഫിഫയുടെ മികച്ച കളിക്കാരൻ, ഓർഡർ ഓഫ് പോളോണിയ റെസ്റ്റിറ്റ്യൂട്ട എന്നിവയായി തിരഞ്ഞെടുത്തു.2021 ൽ ലെവെൻഡോസ്‌കി 69 ഗോളുകൾ നേടിയിട്ടുണ്ട്, ബുണ്ടസ്‌ലീഗിൽ മാത്രം 43 ഗോളുകൾ നേടിയിട്ടുണ്ട്.

ലയണൽ മെസ്സി (PSG) :- മെസ്സിയെ സംബന്ധിച്ച് 2021 മികച്ച വർഷമായിരുന്നു.2021 കോപ്പ അമേരിക്ക നേടിയതിന് ശേഷം മെസ്സി 2021 ൽ ബാലൺ ഡി ഓർ നേടി.ഈ വർഷം മെസ്സിക്ക് നിരവധി നേട്ടങ്ങൾ ഉണ്ടായിരുന്നു.മികച്ച 5 യൂറോപ്യൻ ലീഗുകളിൽ തുടർച്ചയായി 13 സീസണുകളിൽ 20 ഗോളുകൾ നേടുന്ന ആദ്യ താരമായി.മെയ് 16 ന്, മെസ്സി ബാഴ്‌സലോണയ്‌ക്കായി അവസാന മത്സരത്തിൽ സ്‌കോർ ചെയ്തതിനു ശേഷം ജൂലൈയിൽ സ്വന്തന്ത്ര ഏജന്റായി മാറുകയും പിഎസ്ജി യിലേക്ക് മാര്ആകയും ചെയ്തു.കലണ്ടർ വർഷത്തിൽ ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും അദ്ദേഹം ഇതിനകം 40 ഗോളുകൾ നേടിയിട്ടുണ്ട്.ബാഴ്‌സയുടെ LM10 ഇപ്പോൾ ഒരു ഓർമ്മ മാത്രമാണെങ്കിലും, PSG-യിലെ മെസ്സി തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.