2021ൽ കരാർ അവസാനിക്കാനിരിക്കുന്ന സൂപ്പർ താരങ്ങൾ…
ഫുട്ബോൾ ലോകത്തെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിച്ചൊരു വർഷമായിരുന്നു 2020. ഫുട്‌ബോൾ നിയമ പരിഷ്‌കാരങ്ങൾ മുതൽ മെസ്സിയുടെ വിടവാങ്ങൽ പ്രഖ്യാപനക്കെല്ലാം നാം സാക്ഷ്യം വഹിച്ചതാണ്. 2021 നല്ലൊരു അനുഭവം എല്ലാവർക്കും സമ്മാനികട്ടെ…
ഈ സീസൺ അവസനത്തോട് കൂടി നിരവധി താരങ്ങളുടെ കരാർ അവസാനിക്കുകയാണ്. ഈ സീസൺ പാതിയായിരിക്കെ 2021ൽ ട്രാൻസ്ഫർ നടക്കാൻ സാധ്യതയുള്ള ഏറ്റവും മികച്ച 5 താരങ്ങളെ കുറിച്ചൊന്ന് നോക്കാം….
ലയണൽ മെസ്സി (ബാഴ്‌സലോണ)
സാധ്യത ക്ലബ്ബുകൾ: പി.എസ്.ജി, മാൻ സിറ്റി, ഇന്റർ മിയാമി.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ മെസ്സി ക്ലബ്ബ് വിടുമെന്നു പ്രഖ്യാപിച്ചപ്പോൾ ഞെട്ടാതേയിരുന്നവർ കുറച്ചേ കാണുവുള്ളു. അർജന്റീന നായകന്റെ കരാർ ഈ സീസണിൽ അവസാനിക്കാനിരിക്കെ ബാഴ്‌സിലോണ അധികൃതർക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നിരുന്നാലും ബാഴ്‌സ ഇതിഹാസം തന്റെ ഭാവിയെ കുറിച്ച് നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. ഒട്ടനവധി ഫുട്ബോൾ പ്രേമികൾ താരം ക്ലബ്ബ് വിടണമെന്ന് ആഗ്രഹിക്കുമ്പോഴും മെസ്സിയെ മറ്റൊരു ജേഴ്സിയിൽ കാണുകയെന്നത് സങ്കൽപ്പിക്കാൻ പോലുമാകാതെ നിൽക്കുന്ന ആരാധകരെയും കാണാം.
മൗറീസിയോ പോറ്റച്ചിനോ പരിശീലിപ്പിക്കുന്ന പി.എസ്.ജിയാണ് സാധ്യത ക്ലബ്ബുകളിൽ മുൻപന്തിയിലുള്ളത്. തന്റെ ഉറ്റ സുഹൃത്തായ നെയ്മറുമായി വീണ്ടും കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച താരം ചിലപ്പോൾ പി.എസ്.ജിയെ തെരെഞ്ഞെടുത്തേക്കാം. ബാഴ്‌സയുടെ സുവർണ കാല പരിശീലകനും മെസ്സിയുടെ ഗുരുവുമായ പെപ്പിന്റെ സിറ്റിയും മെസ്സിക്കായി കാത്തു നിൽക്കുന്നുണ്ട്. അമേരിക്കൻ ലീഗിൽ കളിക്കണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ മെസ്സിയെ റാഞ്ചാൻ അമേരിക്കൻ വമ്പന്മാരായ ഇന്റർ മായമിയും മെസ്സിക്കായി രംഗത്തുണ്ട്.
PSG transfer news: Ligue 1 giants could swoop in for Sergio Ramos and Lionel Messi #PSG #Messi https://t.co/AZAdBdGNLU
— Republic (@republic) January 5, 2021
ഡേവിഡ് അലാബ (ബയേൺ മ്യൂണിക്)
സാധ്യത ക്ലബ്ബുകൾ: ലിവർപ്പൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ചെൽസി.
മെസ്സിയെ പോലെ തന്നെ അലാബ ബയേണിൽ നിരവധി വർഷങ്ങളായി കളിക്കുകയാണ്. പക്ഷെ ഈ സമ്മറിൽ ബവേറിയൻ ഡിഫെൻഡറിനെ കാത്തു പുതിയൊരു പരീക്ഷണം മുന്നിൽ നിൽപുണ്ട്. ലാ ലീഗാ വമ്പന്മാരായ റയൽ മാഡ്രിഡും ലിവർപ്പൂളും താരത്തിനായി കടുത്ത പോരാട്ടം തന്നെയാണ് കാഴ്ചവക്കുന്നത്.
28 വയസ്സുകാരനായ ഡിഫൻഡർ ചോദിക്കുന്നത് , ഒരു സീസണിൽ 12 മില്യൺ പൗണ്ടാണ്. ഒരു പക്ഷെ അത്രയും തുക കൊടുക്കുക എന്നത് ടീമുകളെ അലട്ടുന്നുണ്ടാവാം. എങ്കിലും ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കാൻ മികവുള്ള താരത്തെ കാത്തു നിരവധി വർഷങ്ങൾ മുന്നിൽ ഉണ്ട് എന്നത് ക്ലബ്ബുകളെ ആകർഷിക്കുന്നുണ്ടാവാം.
ജോർജിനോ വെന്ന്യാൾടം (ലിവർപ്പൂൾ)
സാധ്യത ക്ലബ്ബുകൾ: ബാഴ്‌സലോണ, ഇന്റർ മിലാൻ.
ലിവർപ്പൂൾ മിഡ്ഫീൽഡർ ക്ളോപ്പിന് കീഴിൽ മികച്ച പ്രകടനമാണ് കഴിഞ്ഞ 2 വർഷമായി നടത്തുന്നത്. പക്ഷെ താരത്തിന്റെ കരാർ പുതുക്കുന്നതിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഒരു ധാരണയിൽ എത്തിയിട്ടില്ല.
തന്റെ മുൻ ദേശിയ മാനേജർ ആയിരുന്ന റൊണാൾഡ് കോമന്റെ ബാഴ്സയാണ് സാധ്യത ക്ലബ്ബുകളിൽ മുന്നിൽ നിൽക്കുന്നത്. 30കാരനായ താരത്തിനായി ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനും രംഗത്തുണ്ട്.
സെർജിയോ റാമോസ് (റയൽ മാഡ്രിഡ്)
സാധ്യത ക്ലബ്ബുകൾ: പി.എസ്.ജി , ടോട്ടൻഹാം.
റയൽ മാഡ്രിഡിന്റെ ഇതിഹാസ ക്യാപ്റ്റനായ താരവുമായി ഇതുവരെയും റയൽ മാഡ്രിഡ് അധികൃതർ കരാർ പുതുക്കുന്നതിനെ കുറിച്ച് ധാരണയിൽ എത്തിയിട്ടില്ല. സീസൺ അവസാനത്തോടെ താരവുമായിട്ടുള്ള കരാർ അവസാനിക്കാനിരിക്കെ താരം ടീം വിടുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി കൊണ്ടിരിക്കുകയാണ്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റാമോസ് റയൽ മാഡ്രിഡ് പ്രസിഡന്റ് ആയ ഫ്ലോറന്റിനോ പേരെസുമായി ചർച്ചകൾ നടത്തിയപ്പോൾ താരം ഇങ്ങനെ പറഞ്ഞു:
പി.എസ്.ജി എന്നെയും മെസ്സിയെയും ഉൾപ്പെടുത്തി ഒരു ശക്തമായ ടീമിനെ ഒരുക്കാൻ സജ്ജമായി നിൽക്കുകയാണ്.
മെസ്സിയും റാമോസും നെയ്മറും എംബാപ്പയും ഒന്നിക്കുന്ന ആ പടയെ കാണാൻ സാധിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.
സെർജിയോ അഗ്യൂറോ (മാഞ്ചസ്റ്റർ സിറ്റി)
സാധ്യത ക്ലബ്ബ്: ഇൻഡിപെന്ദിയെന്റെ.
മാഞ്ചസ്റ്റർ സിറ്റിയുടെ സർവ കാല ടോപ്പ് സ്‌കോറർ ആയ താരത്തിനു നീണ്ട 10 വർഷങ്ങൾക്കു ശേഷം ഈ സമ്മറിൽ ക്ലബ്ബ് മാറാനുള്ള അവസരം വന്നിരിക്കുകയാണ്. 32കാരനായ താരത്തെ ഈ വർഷം വേട്ടയാടിയ പരിക്കുകൾ താരത്തിന്റെ സിറ്റിയിലെ സാധ്യതകൾക്ക് മങ്ങൽ ഏല്പിച്ചിട്ടുണ്ട്.
താരത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ഫെറാൻ ടോറസ്, ഗബ്രിയേൽ ജീസസ് കൂടാതെ കഴിഞ്ഞ ആഴ്ചകളിലായി ഡി ബ്രൂയ്നെയും സ്‌ട്രൈക്കർ സ്ഥാനത്ത് കളിക്കുകയാണ്. താരവുമായി പുതിയൊരു കരാറിൽ ഏർപ്പെടുകയെന്നുള്ളത് ഒരു വിദൂര സാധ്യത മാത്രമാണ്. അതു കൊണ്ടു തന്നെ താരത്തിന്റെ ആദ്യ ക്ലബ്ബായ ഇൻഡിപെന്ദിയെന്റെയിലേക്കുള്ള ഒരു മടക്കയാത്ര നടന്നേക്കാം.