“35 ആം വയസ്സിലും ബ്രസീലിയൻ ഫുട്ബോളിൽ ഗോളുകൾ അടിച്ചു കൂട്ടി ഹൾക്ക്”

ജിവാനിൽഡോ വിയേര ഡി സൂസ എന്ന് പറഞ്ഞാൽ ഫുട്ബോൾ ആരാധകർക്കിടയിൽ പരിചിതമായ നാമമായിരിക്കില്ല. എന്നാൽ ഹൾക്ക് എന്ന പേര് കേട്ടാൽ ഓർമ വരുന്നത് ബ്രസീലിയൻ ഫുട്ബോൾ താരത്തിനെയാണ്.തന്റെ ഗംഭീരമായ ശരീരം കൊണ്ട് ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറാനും ബ്രസീലിയൻ താരത്തിനായി. 15 വർഷത്തിന് ശേഷം ജപ്പാൻ, പോർച്ചുഗൽ, റഷ്യ, ചൈന എന്നിവിടങ്ങളിൽ കളിച്ച് സ്ട്രൈക്കർ അറ്റ്ലെറ്റിക്കോ മിനീറോയിലേക്ക് മടങ്ങിയെത്തിയ താരം തകർപ്പൻ ഫോമിലുമാണ്.

തന്റെ പരിചിതമായ ചുറ്റുപാടുകളിലേക്ക് മടങ്ങിയെത്തിയ 35 കാരൻ 50 വർഷത്തെ കാത്തിരിപ്പിന് ശേഷം അത് ലറ്റിക്കോ മിനെരോയെ ബ്രസീലിയൻ ലീഗ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.ഏറ്റവും ഒടുവിൽ കോപ്പ ദോ ബ്രസീൽ ടൂർണമെന്റിലും മിനെരോ കിരീടം ചൂടി.1971-ലാണ് ബ്രസീൽ അതിന്റെ ആദ്യത്തെ യഥാർത്ഥ ദേശീയ ലീഗ് മത്സരം ആരംഭിച്ചത്, ബെലോ ഹൊറിസോണ്ടെ നഗരത്തിൽ നിന്ന് അത്‌ലറ്റിക്കോ മിനേറോയാണ് അന്ന് ആദ്യ കിരീടം നേടിയത്.കാനറികൾക്ക് വേണ്ടി ഒളിമ്പിക്സിലും ലോകകപ്പിലും കോൺഫെഡറേഷൻ കപ്പിലും ബൂട്ടണിഞ്ഞ ഹൾക്ക് തന്റെ സഹകളിക്കാരിൽ നിന്ന് ഏറെ വ്യത്യസതനാണ്.

യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ ഒന്നും കളിക്കാതെ തന്നെ ഒട്ടേറെ കിരീടങ്ങളും പ്രശസ്തിയും പണവും സ്വന്തമാക്കിയ സൂപ്പർ സ്ട്രൈക്കറാണ് ഹൾക്.വർഷങ്ങളോളം അദ്ദേഹം ബ്രസീൽ ടീമിലുണ്ടായിരുന്നു എങ്കിലും ആ സമയത്തെല്ലാം വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അവസാനം ജനിച്ച മണ്ണിൽ താൻ എന്താണെന്നു കാണികൾക്ക് മുന്നിൽ തെളിയിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം 35 ആം വയസ്സിൽ പെറുവിനെതിരെ അടുത്തിടെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

ബ്രസീൽ, ജപ്പാൻ, പോർച്ചുഗൽ, റഷ്യൻ, ചൈനീസ് ലീഗുകളിലെ പൊന്നും വിലയുള്ള താരമായിരുന്ന ഹൾക്ക് കളിച്ച ടീമുകൾക്ക്‌ വേണ്ടി ഉജ്ജ്വല പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പോർച്ചുഗീസ് ലീഗിൽ എഫ്സി പോർട്ടോയ്ക്ക് വേണ്ടി യുവേഫ യൂറോപ്പ ലീഗും, മൂന്ന് നാഷണൽ ചാമ്പ്യൻഷിപ്പും ഉൾപ്പെടെ 10 കിരീടങ്ങളാണ് ഹൾക്ക് സ്വന്തമാക്കിയത്.റഷ്യൻ പ്രീമിയർ ലീഗിൽ സെനിത് സെന്റ്പീറ്റേഴ്സ് ബർഗിനായി മൂന്ന് ലീഗ് കിരീടങ്ങൾ നേടിയ ഹൾക്കിനെ മികച്ച താരത്തിനും ടോപ്പ് സ്‌കോറർക്കുമുള്ള പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. 2012ൽ പോർട്ടോയിൽ നിന്ന് സെനിതിലേക്ക്‌ 60 ദശലക്ഷം യൂറോയ്ക്കാണ് ജിവാനിൾഡോ വിയെറ ഡിസൂസ എന്ന ഹൾക്ക് കൂടുമാറിയത്.

റഷ്യൻ ക്ലബിൽ നിന്ന് 2016ൽ ചൈനീസ് ലീഗിലെ പ്രമുഖ ടീമായ ഷാങ്ഹായി SIPG യിലേക്ക് ചേക്കേറിയത് ഏഷ്യൻ റെക്കോർഡായ 58.6 ദശലക്ഷം യൂറോയ്ക്കാണ്. പോർച്ചുഗീസ്, റഷ്യൻ, ചൈനീസ് ലീഗുകളിലെല്ലാം 50ലധികം ഗോളുകൾ സ്കോർ ചെയ്ത ഹൾക്ക്‌ ബ്രസീൽ സിരി എയിലെ 19 ഉൾപ്പെടെ 36 ഗോളുകളാണ് അത് ലറ്റിക്കോ മിനെരോയ്ക്കായി ഈ സീസണിൽ മാത്രം അടിച്ചത്.1986 ജൂലൈ 25 ന് ബ്രസീലിലെ കാമ്പിന ഗ്രാൻഡെയിൽ ജനിച്ച ഹൾക്ക് സാൽവഡോറിലെ എസ്പോർട്ട് ക്ലബ് വിറ്റോറിയയിൽ നിന്നാണ് തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്.ഒരു വർഷത്തോളം അവിടെ കളിച്ചതിന് ശേഷം, കവാസാക്കി ഫ്രണ്ടേലിനായി കളിക്കാനായി അദ്ദേഹം ജപ്പാനിലേക്ക് പോയി.ഇക്കാലമത്രയും, തന്റെ സ്‌ട്രൈക്കിംഗ് കഴിവുകൾ കൊണ്ട് അദ്ദേഹം സഹതാരങ്ങൾക്കിടയിൽ ഹിറ്റായി മാറുകയായിരുന്നു.

2009 നവംബർ 14-ന് ഇംഗ്ലണ്ടിനെതിരെ സൗഹൃദ മത്സരത്തിൽ ബ്രസീലിനായി ഹൾക്ക് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.മൂന്ന് വർഷത്തിന് ശേഷം ഡെൻമാർക്കിനെതിരെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ പിറന്നു ആ മത്സരത്തിൽ താരം ഹാട്രിക്ക് നേടി.2012 സമ്മർ ഒളിമ്പിക്സിലും 2013 ഫിഫ കോൺഫെഡറേഷൻ കപ്പിലും ഹൾക്ക് ബ്രസീലിനെ പ്രതിനിധീകരിച്ചു. 2009-ൽ പോർട്ടോയ്‌ക്കായി യുവേഫ ചാമ്പ്യൻസ് ലീഗിലെ മികച്ച പ്രകടനത്തിന് ശേഷം യുവേഫയുടെ വളർന്നുവരുന്ന താരങ്ങളിൽ ഒരാളായി ഹൾക്കിനെ തെരെഞ്ഞെടുത്തു.