“മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന താരം” : 40 വയസ്സ് വരെ കളിക്കളത്തിൽ തുടരാനാവുമെന്ന് ലൂക്ക മോഡ്രിച്

ഈ സീസണിൽ റയൽ മാഡ്രിഡിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ക്രോയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച് .ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരെ തെരഞ്ഞെടുത്താൽ പട്ടികയിലെ ആദ്യ സ്ഥാനക്കാരനായി 36 കാരൻ ഇടം കണ്ടെത്തും. ഈ പ്രായത്തിലും ക്ലബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന താരം കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒരേ ഫോമിൽ തന്നെയാണ് കളിക്കുന്നത്.

വെറ്ററൻ ലോകത്തിലെ മികച്ച മിഡ്‌ഫീൽഡ് കളിക്കാരിൽ ഒരാളായി തുടരുന്നു. കളി അവസാനിപ്പിക്കാനുള്ള ഒരു പദ്ധതിയും താരത്തിനില്ല.തനിക്ക് ഇനിയും ധാരാളംചെയ്യാനുണ്ടെന്ന് എന്ന ആത്മവിശ്വാസമുണ്ട്.ഈ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കിയാൽ ഇനിയും വര്ഷങ്ങളോളം മോഡ്രിച്ചിന് ഈ ഫോമിൽ കളിക്കാനാവും.”ഞാൻ എത്രകാലം വരെ കളി തുടരുമെന്ന കാര്യത്തിൽ വലിയ നിശ്ചയമില്ല, ചിലപ്പോൾ നാൽപതു വയസു വരെയാകും, നമുക്ക് നോക്കാം” മോഡ്രിച്ച് പറഞ്ഞു.”എനിക്ക് അത് പടിപടിയായി എടുക്കണം, ഞാൻ ചെയ്യുന്നത് ആസ്വദിക്കണം. എനിക്ക് ശാരീരികമായും, മാനസികമായും നല്ല സുഖം തോന്നുന്നു, അത് പ്രധാനമാണ്, ഞാൻ ഒരു വലിയ ക്ലബ്ബിലാണ്, ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ്, സംശയമില്ലാതെ, എന്റെ ലെവൽ കഴിയുന്നത്ര ഉയരത്തിൽ നിലനിർത്താൻ ഞാൻ കഠിനമായി പരിശ്രമിക്കുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.

“നമുക്ക് നോക്കാം ഇതെത്ര കാലം തുടരുമെന്ന്, വർഷങ്ങളെക്കുറിച്ച് സംസാരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാൻ മുപ്പത്തിയേഴു വയസിലേക്ക് അടുക്കുകയാണെങ്കിലും നല്ല രീതിയിൽ തന്നെ തുടരുന്നു.ശാരീരികപരമായി ഏറ്റവും മികച്ച തലത്തിൽ തുടരാനും ഞാൻ ശ്രമിക്കുന്നുണ്ട് ” മോഡ്രിച് പറഞ്ഞു.ക്രൊയേഷ്യൻ മിഡ്ഫീൽഡർ റിട്ടയർമെന്റ് പ്ലാനുകളൊന്നും ആസൂത്രണം ചെയ്യുന്നില്ല, ഭാവിയെക്കുറിച്ച് തനിക്ക് പദ്ധതികളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. റയൽ മാഡ്രിഡ് ജേഴ്സിയിൽ ഒരു ദശാബ്ദത്തോട് അടുക്കുമ്പോൾ ആ നിമിഷം അദ്ദേഹം ആസ്വദിക്കുകയാണ്.

“റയൽ മാഡ്രിഡിലെ എന്റെ കാലത്ത് ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ ഞാൻ നേടിയിട്ടുണ്ട്, കാരണം ഈ സ്വപ്നത്തിൽ ഇപ്പോൾ ഏകദേശം 10 വർഷമായി,” മോഡ്രിച്ച് പറഞ്ഞു.“ഈ 10 വർഷത്തിനുള്ളിൽ എനിക്ക് സംഭവിച്ചതെല്ലാം എഴുതുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, ക്ലബ്ബുമായുള്ള എന്റെ ബന്ധം മികച്ചതാണ്, മാത്രമല്ല ആരാധകരുമായും.”ആദ്യ നിമിഷം മുതൽ, അവർ എന്നെ സ്വീകരിക്കുകയും എന്നെ വിശ്വസിക്കുകയും എന്നെ പിന്തുണക്കുകയും ചെയ്തു, അത് എന്റെ പക്കലുള്ളതെല്ലാം നേടാനും തുടരാനും എന്നെ സഹായിച്ചു” മോഡ്രിച് കൂട്ടിച്ചേർത്തു.

36-ൽ മോഡ്രിച്ചിന്റെ നിലവാരത്തിൽ കളിക്കുന്നത് സാധാരണമല്ല, പക്ഷേ മധ്യനിരയിൽ വേഗത കുറയുന്ന ലക്ഷണമില്ല. സാവി ഹെർണാണ്ടസും ആൻഡീസ് ഇനിയേസ്റ്റയും മറ്റ് ലീഗുകളിലേക്ക് ചുവടുവെച്ച പ്രായത്തിലാണ് റയൽ മാഡ്രിഡിന്റെ നമ്പർ.10 താരം ഈ പ്രകടനം പുറത്തെടുക്കുന്നത്.ഈ സീസണിൽ മോഡ്രിച്ച് 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കൂടാതെ ഈ കാലയളവിൽ ഇതുവരെ റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓരോ ഗെയിമുകളിലും കളിച്ചിട്ടുണ്ട്. ഈ പ്രായത്തിലും ഈ സീസണിൽ ഒരിക്കൽ പോലും അദ്ദേഹം വിശ്രമം ആവശ്യപെട്ടിട്ടില്ല.

കാർലോ ആൻസലോട്ടി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കളിക്കാരിൽ ഒരാളാണ് അദ്ദേഹം. 2014ൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ച കളിക്കാരനാണ് മോഡ്രിച് എന്നാണെന്നാണ് ആൻസെലോട്ടിയുടെ അഭിപ്രായം. ആൻസെലോട്ടിയുടെ ഇഷ്ട താരം കൂടിയാണ് മിഡ്ഫീൽഡർ . മൈതാനത്തും പരിശീലനത്തിലും അദ്ദേഹത്തിന്റെ ശാരീരിക പ്രകടനങ്ങൾ ഈ പ്രായത്തിലും ചെയ്യുന്നത് അത്ഭുതം തന്നെയാണ്. 36 ലും മികച്ച ഫിറ്റ്നസ് നിലനിർത്തുന്ന മോഡ്രിച്ചിനോട് മത്സരിച്ചു വേണം റയലിൽ പല യുവ താരങ്ങൾക്കും തങ്ങളുടെ സ്ഥാനം നിലനിർത്താൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഡ്രിച് നിലനിർത്തുന്ന കർശനമായ ഫിറ്റ്നസ് പ്ലാനിംഗ് തന്നെയാണ് ഇപ്പോഴും ടോപ്-ഫ്ലൈറ്റ് ഫുട്ബോളിൽ പിടിച്ചു നിക്കാൻ സാധിക്കുന്നത്.