❝5 വർഷങ്ങൾ 8 കിരീടങ്ങൾ❞ : വേണ്ട രീതിയിലുള്ള പിന്തുണ ലഭികാഞ്ഞിട്ടും കേരള കരയുടെ അഭിമാനമായി മാറി ഗോകുലം കേരള |Gokulam Kerala

ഈ സീസണിൽ ഫുട്‌ബോളിൽ കേരളത്തിന്റെ വിജയത്തിന്റെ പ്രതീകമായിരുന്നു അത്! ഗോകുലം കേരളയുടെ പുരുഷന്മാർ തങ്ങളുടെ ഐ-ലീഗ് കിരീടം വിജയകരമായി സംരക്ഷിച്ചതിന് ശേഷം, അവരുടെ വനിത ടീം ഇന്ത്യൻ ഫുട്‌ബോളിൽ തങ്ങളുടെ അജയ്യത പ്രദർശിപ്പിച്ചത് ബാക്ക്-ടു-ബാക്ക് ഇന്ത്യൻ വിമൻസ് ലീഗ് കിരീടങ്ങളിലൂടെയാണ് .

ഇന്ത്യൻ വനിത ലീഗിലും ഐ ലീഗില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഗോകുലത്തിന് മാത്രം അവകാശപ്പെട്ടതാണ്. ഇന്നലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന നിർണായക ഏറ്റുമുട്ടലിൽ 3-1 ന് സേതു എഫ്‌സിയെ പരാജയപ്പെടുത്തി രണ്ടാം കിരീടം ഗോകുലം സ്വന്തമാക്കി.രൂപീകരിച്ച് കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ ഗോകുലത്തിന്റെ പുരുഷ വനിത ടീമുകൾ നേടിയ നേട്ടങ്ങൾ ഏവരെയും അത്ഭുത പെടുത്തുന്നതാണ്. അഞ്ചു വർഷത്തിനിടെ എട്ടു കിരീടങ്ങളാണ് ഗോകുലം നേടിയിരിക്കുന്നത്. കൂടാതെ ഇരു ടീമുകളും എഎഫ്സ് കപ്പിലും തങ്ങളുടെ സാനിധ്യം അറിയിക്കുകയും ചെയ്തു.

ഗോകുലം കേരള വനിതാ ടീം രണ്ട് തവണ ഇന്ത്യൻ വനിതാ ലീഗ് കിരീടവും ഒരുതവണ കേരള വനിതാ ലീഗും നേടി തിളങ്ങി. ഗോകുലം കേരളയുടെ പുരുഷ ടീം രണ്ട് ഐ ലീഗ് കിരീടവും രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പും ഗോകുലം കേരള 2019ൽ നേടിയിട്ടുണ്ട്. നിലവിൽ ഗോകുലം കേരള ഐ ലീഗ്, ഇന്ത്യൻ വനിതാ ലീഗ്, കേരള വനിതാ ലീഗ് എന്നിവയിൽ ചാമ്പ്യന്മാരാണ്.ഈ കിരീടങ്ങൾ കൂടാതെ ഗോകുലം റിസേർവ്സ് ടീം ബൊദൗസ കപ്പ്, ഇൻഡിപെൻഡൻസ് ഡേ കപ്പ് എന്നിവയും നേടിയിട്ടുണ്ട്.

2017 ൽ രൂപീകരിച്ചത് മുതൽ പടി പടിയായ വളർച്ചയിലൂടെയാണ് ഗോകുലം തങ്ങളുടെ നേട്ടം കൈവരിച്ചത്. ടീമിന് മുഴുവൻ പിന്തുണയായി എത്തുന്ന ക്ലബ് മാനേജ്‌മന്റ് തന്നെയാണ് ഗോകുലത്തിന്റെ ശക്തി. 2017 -18 സീസണിലാണ് ഗോകുലം ആദ്യമായി ഐ ലീഗിൽ പന്ത് തട്ടുന്നത്. ആദ്യ സീസണിൽ ഏഴാം സ്ഥാനത്തെത്തിയ അവർ രണ്ടാം സീസണിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമെല്ലാം വീഴ്ത്തി അട്ടിമറീ വീരന്മാരായി.

സൂപ്പര്‍ കപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഐ.എസ്.എല്‍ ടീമുകളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സിയെയും ബംഗളൂരു എഫ്.സിയെയുമെല്ലാം വിറപ്പിച്ചു. പോയ സീസണില്‍ ഡ്യൂറാന്‍ഡ് കപ്പില്‍ മുത്തമിട്ട് ചരിത്രമെഴുതി. ഹോസ്പിറ്റാലിറ്റി, മിനറൽ വാട്ടർ, ഫിനാൻഷ്യൽ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ബിസിനസുകളുള്ള ഗോകുലത്തെ AIFF-ന്റെ കോർപ്പറേറ്റ് ബിഡ്ഡിംഗ് പോളിസി വഴി നേരിട്ട് ഐ-ലീഗിൽ പ്രവേശിക്കാൻ തീരുമാനിച്ചു.അഞ്ച് വർഷത്തെ അസ്തിത്വത്തിൽ ടീം രണ്ട് ഐ-ലീഗ് കിരീടങ്ങൾ നേടുകയും വനിതാ ലീഗിലെ തുടർച്ചയായ കിരീടങ്ങളും അവരുടെ വരവിനെ ശെരി വെക്കുന്നത് ആയിരുന്നു.

അഞ്ച് വർഷം മുമ്പ് ക്ലബ് സ്ഥാപിതമായപ്പോൾ അവർ പലതും മനസ്സിൽ കണ്ടിരുന്നു. ഒറ്റ രാത്രി കൊണ്ട് ഒന്നും മാറ്റി മറിക്കാൻ കഴിയില്ല എന്ന ബോദ്യം അവർക്കുണ്ടായിരുന്നു. ഓരോ സീസൺ കഴിയുന്തോറും മെച്ചപ്പെടാനുള്ള ശ്രമത്തിൽ മാനേജ്‌മെന്റ് മുതൽ കോച്ച് വരെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ഹാൻഡ്-ഓൺ സമീപനം ക്ലബിനുണ്ട് എന്നതാണ് ഗോകുലത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ സവിശേഷത.

അവരുടെ റിസർവ് ടീം 2017-18 സീസണിൽ കേരള പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു, ഇത് വരാനിരിക്കുന്ന കാര്യങ്ങളുടെ സൂചനയായിരുന്നു.ദേശീയ തലത്തിൽ കൊൽക്കത്തയിൽ മോഹൻ ബഗാനെ തോൽപ്പിച്ച് ഗോകുലം 2019-ൽ ഡുറാൻഡ് കപ്പ് ഉയർത്തിയപ്പോഴാണ് എല്ലാവരും കൂടുതൽ കേരള ക്ലബ്ബിനെ ശ്രദ്ധിച്ചത്.കളിയോടുള്ള അവരുടെ ഓൾറൗണ്ട് പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് ഒരു വനിതാ ടീമുള്ള ഏതാനും ഐ‌എസ്‌എൽ അല്ലെങ്കിൽ ഐ-ലീഗ് ക്ലബ്ബുകളിൽ ഒന്നാണ് ഗോകുലം

ഐഎസ്എ ല്ലിന്റെ വരവോടു കൂടി ഗ്ലാമർ നഷ്ടപെട്ട ഐ ലീഗിൽ മാറ്റുരച്ച ഗോകുലം സ്ഥിരതയാർന്ന പ്രകടനവും വീമ്പു പറച്ചിലും വെല്ലുവിളികളും ഇല്ലാതെ മുന്നേറിയപ്പോൾ അഞ്ചു വർഷം കൊണ്ട് തന്നെ ലക്‌ഷ്യം നിറവേറ്റുകയും ചെയ്തു. തൊണ്ണൂറുകളുടെ അവസാനത്തിൽ കേരത്തിൽ ഉദയം ചെയ്ത ആദ്യ പ്രൊഫഷണൽ ക്ലബായ എഫ്സി കൊച്ചിന്റെ ഉദയവും തകർച്ചയും കണ്ട കേരളത്തിലെ ആരാധകർക്ക് മുന്നിൽ പ്രൊഫഷണൽ ക്ലബുകൾക്ക് എങ്ങനെ ഒരു ക്ലബ് നടത്തണം എന്ന വലിയ മാതൃകയുമാണ് ഗോകുലം കേരള. ഇപ്പോഴും മലയാളി താരങ്ങൾക്കാണ് ഗോകുലം മുൻഗണന നൽകുന്നത്. നിരവധി മലയാളി താരങ്ങളാണ് ക്ലബിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയും ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുരുകയും ചെയ്യുന്നത് . കേരള ഫുട്ബോളിൽ ഓൾ ഇന്ത്യൻ ഫുട്ബോളിൽ ഇനി ഗോകുലത്തിന്റെ നാളുകളായിരിക്കും എന്നതിൽ സംശയമില്ല.

Rate this post
Gokulam Kerala