പെനാൽറ്റി, ചുവപ്പ് കാർഡ്, വാർ.കാര്യങ്ങൾ റയലിന് അനുകൂലമായിരുന്നുവെന്ന് പെല്ലഗ്രിനി.

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ്‌ റയൽ ബെറ്റിസിനെ തറപ്പറ്റിച്ചത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ പിന്നിൽ പോയ റയൽ മാഡ്രിഡ്‌ പിന്നീട് രണ്ട് ഗോളുകൾ നേടികൊണ്ട് റയൽ വിജയം തിരിച്ചുപിടിക്കുകയായിരുന്നു. എന്നാൽ റയൽ മാഡ്രിഡിന്റെ വിജയഗോൾ പിറന്നത് പെനാൽറ്റിയിലൂടെയായിരുന്നു. മാത്രമല്ല ബെറ്റിസ്‌ താരം എമെഴ്സൺ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയത് റയലിന് കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കുകയും ചെയ്തു.

എന്നാലിപ്പോൾ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പടരുകയാണ്. മത്സരത്തിലെ റഫറി റയൽ മാഡ്രിഡിന് അനുകൂലമായിരുന്നു എന്നാണ് ബെറ്റിസ്‌ പരിശീലകൻ മാനുവൽ പെല്ലഗ്രിനി അഭിപ്രായപ്പെട്ടത്. കാര്യങ്ങൾ എല്ലാം തന്നെ റയൽ മാഡ്രിഡിന് അനുകൂലമായിരുന്നുവെന്നും ഇതൽപ്പം കൂടുതലാണ് എന്നുമാണ് അദ്ദേഹം അറിയിച്ചത്. മത്സരത്തിലെ റഫറിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. എമെഴ്സൺ നേടിയ ഗോളിൽ ബെൻസിമ എവിടെ ആയിരുന്നു എന്ന് തങ്ങൾ കണ്ടതാണെന്നും എന്നാൽ എല്ലാം ഞങ്ങൾക്ക് എതിരായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

” ഒരു പെനാൽറ്റി, ഒരു റെഡ് കാർഡ്, വാർ(വിഎആർ സമ്പ്രദായം), റയൽ മാഡ്രിഡ്‌ ഇതെല്ലാം ഒരുമിച്ച് ഒരല്പം കൂടുതലാണ്. ഞങ്ങൾ കളിച്ചത് റയൽ മാഡ്രിഡിനെതിരെ മാത്രമല്ല. ഞങ്ങൾ വാറിനെതിരെയും റെഡ് കാർഡിനെതിരെയും കളിക്കേണ്ടി വന്നു. ഇതൽപ്പം കൂടുതലാണ്. ഒരു റഫറിയുടെ ഉത്തരവാദിത്തം നിഷ്പക്ഷനായിരിക്കുക എന്നതാണ്.അദ്ദേഹം അക്കാര്യത്തിൽ ശരിയായിരുന്നുവോ എന്ന് ആലോചിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് മുമ്പിൽ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് ” പെല്ലഗ്രിനി തുടർന്നു.

” എന്റെ പതിനൊന്ന് പേർ റയൽ മാഡ്രിഡിനെതിരെ എന്ത് ചെയ്തുവെന്ന് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. എമെഴ്സണിന്റെ സെൽഫ് ഗോൾ സമയത്ത് കരിം ബെൻസിമ ഏത് പൊസിഷനിൽ ആയിരുന്നുവെന്ന് ഞങ്ങൾ എല്ലാവരും കണ്ടതാണ്. എന്നാൽ കാര്യങ്ങൾ വാറും ടിവിയുമാണ് തീരുമാനിച്ചത്.എനിക്ക് വാറിനോട് വിരോധവുമൊന്നുമില്ല. പക്ഷെ ഓഫ്‌സൈഡ് ലൈനുകൾ മത്സരത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ട്. പക്ഷെ ഏറ്റവും അസ്വസ്ഥമാക്കുന്ന കാര്യം എന്തെന്നാൽ ചില സമയങ്ങളിൽ കാര്യങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് എതിരായാണ് വരിക ” പെല്ലഗ്രിനി മത്സരശേഷം പറഞ്ഞു.