റൊണാൾഡോ ക്ലബ് വിടാനൊരുങ്ങുന്ന സാഹചര്യത്തിൽ പകരക്കാരായി രണ്ടു താരങ്ങളെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്
ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്ന മോഹവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുകയാണെങ്കിൽ പകരക്കാരായി രണ്ടു മുന്നേറ്റനിര താരങ്ങളെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ക്ലബിനൊപ്പം പരിശീലനം ആരംഭിച്ച് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കളിച്ചെങ്കിലും ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാനിടയുണ്ടെന്നതു പരിഗണിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പകരക്കാരെ കണ്ടെത്തിയതെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി ടെലെഗ്രാഫാണ് റിപ്പോർട്ടു ചെയ്തത്.
റിപ്പോർട്ടുകൾ പ്രകാരം ഡച്ച് ക്ലബിൽ നിന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കു പകരക്കാരനെ പ്രധാനമായും ലക്ഷ്യമിടുന്നത്. പിഎസ്വി താരമായ കോഡി ഗാക്പോയാണ് റൊണാൾഡോ ക്ലബ് വിടുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോട്ടമിടുന്ന താരം. നേരത്തെ അയാക്സ് താരമായ ആന്റണിയെ ടീമിലെത്തിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ ബദലായി ഉയർന്നു വന്ന കളിക്കാരനാണ് ഗാക്പോ. കഴിഞ്ഞ സീസണിൽ പിഎസ്വിക്കായി 21 ഗോളുകളും 15 അസിസ്റ്റും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
ഗാക്പോക്കു പുറമെ സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡിന്റെ ബെൽജിയൻ മുന്നേറ്റനിരതാരം യാനിക് കരാസ്കോയിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെയധികം താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ സീസണിൽ 44 മത്സരങ്ങൾ അത്ലറ്റികോ മാഡ്രിഡിനു വേണ്ടി കളിച്ച് ഏഴു ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയ താരമാണ് യാനിക് കരാസ്കോ. ഇതിനു പുറമെ എവെർട്ടൻ താരം ആന്റണി ഗോർഡൻ, ബയേർ ലെവർകൂസൻ വിങ്ങർ മൂസ ദിയാബി എന്നിവരിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമുണ്ട്.
ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഇല്ലാത്തതിനാൽ വളരെ മികച്ച താരങ്ങളെ സ്വന്തമാക്കാൻ തങ്ങൾക്കു കഴിയില്ലെന്ന കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിശ്ചയമുണ്ട്. അതെ കാരണം കൊണ്ടു തന്നെയാണ് റൊണാൾഡോ ക്ലബ് വിടാൻ ആഗ്രഹിക്കുന്നതും. നിലവിൽ ബൊറൂസിയ ഡോർട്മുണ്ട്, സ്പോർട്ടിങ് ലിസ്ബൺ എന്നീ ക്ലബുകളുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പേര് ഉയർന്നു കേൾക്കുന്നത്. അതേസമയം കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത് റൊണാൾഡോയുടെ തീരുമാനങ്ങളെ സ്വാധീനിക്കുമോ എന്നു കണ്ടറിയേണ്ട കാര്യമാണ്.